വിവരാവകാശ കമീഷനിലെ ഒഴിവുകൾ: അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: വിവരാവകാശ കമീഷനിലെ ഒഴിവുകൾ നികത്താത്ത കേന്ദ്ര സർക്കാറിന്റെയും സംസ്ഥാനങ്ങളുടെയും നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. ഒഴിവുകൾ നികത്താൻ കേന്ദ്രവും സംസ്ഥാനങ്ങളും ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കാൻ കോടതി നിർദേശം നൽകി. രാജ്യത്തെ വിവരാവകാശ കമീഷനുകളിലെ ഒഴിവുകളുടെയും അപ്പീലുകളുടെയും പരാതികളുടെയും പട്ടിക തയാറാക്കാൻ പേഴ്സനൽ ആൻഡ് ട്രെയിനിങ് വകുപ്പിനോടും കോടതി നിർദേശിച്ചു.
വിവരാവകാശ നിയമപ്രകാരം രൂപവത്കരിച്ച വിവരാവകാശ കമീഷനിലെ നിരവധി ഒഴിവുകൾ സംബന്ധിച്ച ഹരജി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്. 2019ൽ സുപ്രീംകോടതി വിധിയുണ്ടായിട്ടും കേന്ദ്ര വിവരാവകാശ കമീഷനിലും നിരവധി സംസ്ഥാന വിവരാവകാശ കമീഷനുകളിലും ഒഴിവുകൾ നികത്തുന്നില്ലെന്ന് ഹരജിക്കാർക്കുവേണ്ടി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ബോധിപ്പിച്ചു. ഒഴിവുകൾ നികത്താത്തത് അപ്പീലുകളും പരാതികളും കെട്ടിക്കിടക്കാനും പരാതികൾ തീർപ്പാക്കുന്നതിൽ കാലതാമസത്തിനും കാരണമായെന്ന് അദ്ദേഹം പറഞ്ഞു.
വിവരാവകാശ കമീഷണർമാരുടെ തസ്തികകൾ നികത്താത്തത് നിയമത്തിന്റെ ലക്ഷ്യത്തെ പരാജയപ്പെടുത്തുമെന്നും നിയമം ‘ചത്ത കുതിര’യായി മാറുന്ന സ്ഥിതിവിശേഷമുണ്ടാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഹിയറിങ്ങിനിടെ, കേന്ദ്രത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും ഒഴിവുകളുടെ പട്ടികയും ഹരജിക്കാർ കോടതിയിൽ സമർപ്പിച്ചു. മുഖ്യ വിവരാവകാശ കമീഷണറില്ലാതെയാണ് നിലവിൽ കേന്ദ്ര വിവരാവകാശ കമീഷന്റെ പ്രവർത്തനം. ഏഴംഗ കമീഷനിൽ മൂന്ന് ഒഴിവുണ്ട്. ബാക്കി കമീഷണർമാരും നവംബർ ആറിനകം വിരമിക്കുന്നതോടെ കമീഷൻതന്നെ പ്രവർത്തനരഹിതമാകും.
2020 മേയ് മുതൽ ഝാർഖണ്ഡിൽ കമീഷൻ പ്രവർത്തനരഹിതമാണ്. പരാതികൾ രജിസ്റ്റർ ചെയ്യുകയോ തീർപ്പാക്കുകയോ ചെയ്യുന്നില്ല. തെലങ്കാനയിൽ ഇതുതന്നെയാണ് സ്ഥിതി. മഹാരാഷ്ട്രയിൽ മുഖ്യ കമീഷണറില്ലാതെയാണ് പ്രവർത്തനം. കർണാടക, പശ്ചിമ ബംഗാൾ, ഒഡിഷ, ബിഹാർ എന്നിവിടങ്ങളിലും ഒഴിവുകൾ നികത്താത്തത് പ്രവർത്തനത്തെ ബാധിക്കുകയാണെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി. വിഷയം മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.