'ദ കേരള സ്റ്റോറി'; അടിയന്തരമായി ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: വിവാദ സിനിമ 'ദ കേരളാ സ്റ്റോറി'യുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷയിൽ അടിയന്തരമായി ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി. വിദ്വേഷ പ്രസംഗങ്ങൾക്കെതിരായ ഹരജി പരിഗണിക്കുന്ന ബെഞ്ചിന് മുമ്പാകെ പ്രത്യേക അപേക്ഷയായാണ് അഡ്വ. നിസാം പാഷ വിഷയം കൊണ്ടുവന്നത്. എന്നാൽ, ഒരു സിനിമയുടെ റിലീസ് ഇത്തരമൊരു അപേക്ഷയിലൂടെ തടയുന്നത് ഉചിതമായ പ്രതിവിധിയല്ലെന്ന് ജസ്റ്റിസുമാരായ കെ.എം. ജോസഫും ബി.വി. നാഗരത്‌നയും ഉൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു.
വിദ്വേഷ പ്രസ്താവനകളുടെ ഏറ്റവും മോശമായ ഉദാഹരണമാണ് സിനിമയെന്നും ഓഡിയോ-വിഷ്വൽ അജണ്ടയാണെന്നും അഡ്വ. നിസാം പാഷ വാദിച്ചു. എന്തുകൊണ്ട് ഹരജിക്കാർ ഇക്കാര്യത്തിൽ ഹൈകോടതിയെ സമീപിക്കുന്നില്ലെന്നും എല്ലാം സുപ്രീംകോടതിയിൽ നിന്ന് തന്നെ തുടങ്ങാനാവില്ലെന്നും കോടതി പറഞ്ഞു.
തുടർന്ന് ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ സിനിമയുടെ ട്രെയിലറിലെ വാക്കുകൾ കോടതി വായിക്കണമെന്ന് അഭ്യർഥിച്ചു. ട്രെയിലർ 16 മില്യൺ കാഴ്ചക്കാരെ നേടിയെന്നും ചിത്രം വിവിധ ഭാഷകളിലാണ് റിലീസ് ചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടി. എന്നാൽ, മറ്റൊരു ഹരജിയിലെ പ്രത്യേക അപേക്ഷയായി വിഷയം പരിഗണിക്കുന്നതിലെ പ്രയാസം കോടതി വ്യക്തമാക്കി. സെൻസർ ബോർഡ് അനുമതി നൽകിയ ചിത്രം പ്രദർശിപ്പിക്കുന്നതിൽ ഇടപെടാൻ മതിയായ ഹരജിയില്ലാതെ കോടതിക്ക് കഴിയില്ലെന്ന് പറഞ്ഞു.
സിനിമ റിലീസിന് മുമ്പ് മതിയായ സമയമില്ലാത്തത് കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും അടിയന്തര പരിഗണനക്കായി വിശദമായ ഹരജി നാളെത്തന്നെ സമർപ്പിക്കുമെന്നും കപിൽ സിബൽ വ്യക്തമാക്കി. ഹരജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്നാകെ ഉന്നയിക്കാൻ കോടതി പറഞ്ഞു.
സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അറിയാമെന്ന് ജസ്റ്റിസ് കെ.എം. ജോസഫ് പറഞ്ഞു. ടി.വി ചർച്ചകൾ കണ്ടിട്ടുണ്ട്. എന്നാൽ, സുപ്രീംകോടതിയിൽ പ്രത്യേക അപേക്ഷയായി വന്ന രീതിയിലാണ് വിയോജിപ്പെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച ചിത്രത്തിന്‍റെ റിലീസിങ്ങായതിനാലാണ് ഇങ്ങനെ ചെയ്യേണ്ടിവന്നതെന്നും കഴിയാവുന്നത് ഉടൻ ചെയ്യുമെന്നും കപിൽ സിബൽ മറുപടി നൽകി.
32,000 മലയാളി സ്ത്രീകളെ മതം മാറ്റി ഐ.എസിൽ എത്തിച്ചെന്ന വ്യാജ പ്രചാരണവുമായാണ് 'ദ കേരളാ സ്റ്റോറി'യുടെ ടീസർ വീഡിയോ പുറത്തിറങ്ങിയത്. കേരളമെന്ന കൊച്ചു സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ ഒരുപറ്റം സംഭവങ്ങളുടെ വസ്തുനിഷ്ഠവും യഥാർത്ഥവുമായ ആഖ്യാനം ആണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നാണ് സിനിമക്ക് പിന്നിലുള്ളവർ അവകാശപ്പെടുന്നത്.
വിപുൽ അമൃത് ലാൽ നിർമിച്ച ചിത്രം സുദീപ്‌തോ സെൻ ആണ് സംവിധാനം ചെയ്തത്. ചിത്രത്തിൽ നായികയായി എത്തുന്ന അദാ ശർമ, ശാലിനി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നഴ്‌സ് ആയി ജനങ്ങൾക്ക് സേവനം ചെയ്യാൻ ആഗ്രഹിച്ചിരുന്ന ശാലിനി തീവ്രവാദ സംഘടനകൾ നടത്തുന്ന പെൺവാണിഭത്തിൽപ്പെടുകയായിരുന്നു എന്നാണ് ടീസർ പറയുന്നത്. തുടർന്ന് ഫാത്തിമാ ബാ ആയി മാറിയ അവർ ഐ.എസിൽ ചേരാൻ നിർബന്ധിതയായി. ഇപ്പോൾ താൻ ഐ.എസ് തീവ്രവാദിയായി അഫ്ഗാനിസ്ഥാനിൽ ജയിലിൽ കഴിയുന്നു എന്നും ഈ കഥാപാത്രം പറയുന്നുണ്ട്. മേയ് അഞ്ചിനാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.
സിനിമയ്ക്ക് എ സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി നല്‍കിയ സെൻസർബോർഡ് ചിത്രത്തിൽ 10 മാറ്റങ്ങൾ വരുത്തണമെന്ന് നിർദേശിച്ചു. സിനിമയിലെ ചില സംഭാഷണങ്ങൾ ഒഴിവാക്കണമെന്നാണ് എക്‌സാമിനിങ് കമ്മിറ്റിയുടെ നിർദേശം. കേരള മുൻ മുഖ്യമന്ത്രിയുടെ അഭിമുഖ ഭാഗം ഒഴിവാക്കാനും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.