ഭരണകൂട ചാരപ്പണി; വ്യക്തി-മാധ്യമ സ്വാതന്ത്ര്യത്തിന് വലിയ പരിക്കേൽപിക്കുന്നു -സുപ്രിം കോടതി
text_fieldsന്യൂഡൽഹി: ഭരണകൂടം ചാരപ്പണി നടത്തുന്നത് വ്യക്തിയുടെയും മാധ്യമങ്ങളുടെയും വായടപ്പിക്കുന്ന ഏർപ്പാടാണെന്ന് സുപ്രീംകോടതി. ഒരാൾക്ക്മേൽ നിരീക്ഷണമുണ്ടെന്നു വന്നാൽ അത് ഒരാളുടെ വ്യക്തിജീവിതത്തെ ബാധിക്കും. സ്വയം സെൻസർഷിപ്പിന് കാരണമാകും. മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടു ചിന്തിച്ചാൽ അങ്ങേയറ്റം ഉത്കണ്ഠപ്പെടേണ്ട വിഷയമാണിതെന്നും പെഗസസ് കേസിൽ സുപ്രീംകോടതി നിരീക്ഷിച്ചു.
പൊതുനിരീക്ഷകരായ മാധ്യമങ്ങളുെട സ്വാതന്ത്ര്യത്തിന് വലിയ പരിക്കേൽപിക്കുന്നതാണ് ഭരണകൂടത്തിെൻറ ചാരവൃത്തി. സമൂഹത്തിന് വ്യക്തവും ആശ്രയിക്കാവുന്നതുമായ വിവരം നൽകാനുള്ള മാധ്യമങ്ങളുടെ കഴിവിനെ അതുബാധിക്കും. വാർത്താസ്രോതസ് സംരക്ഷിക്കപ്പെടേണ്ടത് പത്രസ്വാതന്ത്ര്യത്തിൽ അടിസ്ഥാന പ്രമാണമാണ്. അത്തരമൊരു സംരക്ഷണമില്ലെന്നു വന്നാൽ പൊതുതാൽപര്യ പ്രധാനമായ വിഷയങ്ങൾ ജനങ്ങളെ അറിയിക്കുന്നതിന് മാധ്യമങ്ങളെ സഹായിക്കുന്നതിൽനിന്ന് വാർത്താസ്രോതസ് ഒഴിഞ്ഞുമാറും. ഇത്തരത്തിൽ മാധ്യമങ്ങളെ വായടപ്പിക്കുന്ന ഏർപ്പാടാണ് ചാരപ്പണി.
ദേശസുരക്ഷ പറഞ്ഞ് കോടതിയെയും മറികടക്കാനുള്ള സർക്കാർ ശ്രമത്തെ മൂന്നംഗ ബെഞ്ച് വിമർശിച്ചു. കോടതിക്ക് നൽകുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ട ചില സാഹചര്യങ്ങൾ ഉണ്ടാകാം. എങ്കിലും സാഹചര്യങ്ങൾ കോടതി മുമ്പാകെ ന്യായീകരിക്കാൻ കഴിയണം. അതല്ലാതെ കോടതിയെ ദേശസുരക്ഷ പറഞ്ഞ് വെറും കാഴ്ചക്കാരായി നിർത്താനാവില്ല -ബെഞ്ച് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.