ജാമ്യം നേടിയെങ്കിലും അധികാരമില്ലാതെ കെജ്രിവാൾ; സുപ്രീംകോടതി മുന്നോട്ടുവെച്ചത് അഞ്ച് ഉപാധികൾ
text_fieldsന്യൂഡൽഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി കേസിൽ സി.ബി.ഐ അറസ്റ്റ് ചെയ്ത് തിഹാർ ജയിലിലടച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കർശന ഉപാധികളോടെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ദീർഘകാലം വിചാരണ കൂടാതെ ജയിലിടക്കുന്നത് മൗലികാവശത്തിന്‍റെ ലംഘനമാണെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബഞ്ച് കെജ്രിവാളിന് ജാമ്യം അനുവദിച്ചത്. കെജ്രിവാളിന്‍റെ ജാമ്യ വ്യവസ്ഥകളാണ് ചുവടെ പറയുന്നത്.
- ജ്യാമത്തിനായി പത്ത് ലക്ഷം രൂപ കെട്ടിവെക്കണം.
- ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ കെജ്രിവാൾ പരസ്യ പ്രസ്താവന നടത്തരുത്.
- കോടതിയുടെ അനുമതിയോടെയല്ലാതെ വിചാരണ നടപടികളിൽനിന്ന് വിട്ടുനിൽക്കരുത്.
- ജാമ്യത്തിലായിരിക്കെ ഡൽഹി മുഖ്യമന്ത്രിയുടെ ഓഫിസിലോ സെക്രട്ടേറിയറ്റിലോ കെജ്രിവാൾ പ്രവേശിക്കാൻ പാടില്ല.
- ലെഫ്റ്റനന്‍റ് ഗവർണറുടെ അനുമതി ആവശ്യമുള്ളവയിലല്ലാതെ, മറ്റു ഫയലുകളിൽ ഡൽഹി മുഖ്യമന്ത്രി ഒപ്പിടരുത്.
മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 21നാണ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഈ കേസിൽ ജാമ്യം നേടി പുറത്തുവരാനിരിക്കെ ജൂൺ 26ന്, സി.ബി.ഐ തിഹാർ ജയിലിലെത്തി അഴിമതിക്കേസിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. തനിക്കെതിരെയുള്ള കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്ന് വാദിച്ച കെജ്രിവാൾ സി.ബി.ഐയുടെ അറസ്റ്റിന്‍റെ സാധുതയെ ചോദ്യം ചെയ്തും ഹരജി സമർപ്പിച്ചു.
കെജ്രിവാളിന് ജാമ്യം അനുവദിക്കവെ, അറസ്റ്റിന്‍റെ സാധുതയെ രണ്ട് ജഡ്ജിമാരും വ്യത്യസ്ത രീതിയിലാണ് വിലയിരുത്തിയത്. നിയമപരമായ നടപടിക്രമമാണ് സി.ബി.ഐ പിന്തുടർന്നതെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞപ്പോൾ, തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്യേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും 22 മാസമായി കേസിൽ തെളിവുകൾ ഹാജരാക്കാൻ അന്വേഷണ ഏജൻസിക്ക് കഴിഞ്ഞിട്ടില്ലെന്നും ജസ്റ്റിസ് ഉജ്ജൽ ഭുയാൻ വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.