സുപ്രീംകോടതി ജാമ്യം അനുവദിച്ചെങ്കിലും സിദ്ദീഖ് കാപ്പന് മോചനമായില്ല
text_fieldsന്യൂഡൽഹി: യു.പി പൊലീസ് അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തി രണ്ട് വർഷം ജയിലിലടച്ച മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചെങ്കിലും മോചനമായില്ല. ലക്ഷം രൂപ ബോണ്ടും രണ്ട് യു.പി സ്വദേശികളുടെ ആൾജാമ്യവും വേണമെന്ന എൻ.ഐ.എ കോടതിയുടെ വ്യവസ്ഥയാണ് മോചനം വൈകിപ്പിക്കുന്നത്.
മൂന്ന് ദിവസത്തിനകം വിചാരണക്കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിടണമെന്ന ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ യു.പി പൊലീസ് സിദ്ദീഖിനെ തിങ്കളാഴ്ച ലഖ്നോ എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയിരുന്നു. അഭിഭാഷകൻ കെ.എസ്. മുഹമ്മദ് ഡാനിഷിനൊപ്പം സിദ്ദീഖിന്റെ മോചനം പ്രതീക്ഷിച്ച് ഭാര്യ റൈഹാനത്തും മക്കളായ മുസമ്മൽ, മെഹ്നാസ് എന്നിവരും സഹോദരനും കോടതിയിലെത്തിയിരുന്നു. യു.പി സ്വദേശികൾക്ക് പകരം റൈഹാനത്തും സിദ്ദീഖിന്റെ സഹോദരനും ആൾജാമ്യം നിൽക്കാമെന്ന് അഭിഭാഷകൻ അറിയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. അടുത്ത ദിവസങ്ങളിൽ മോചനത്തിനായുള്ള തുടർ നടപടി സ്വീകരിക്കുമെന്ന് അഭിഭാഷകൻ കെ.എസ്. മുഹമ്മദ് ഡാനിഷ് 'മാധ്യമ'ത്തോട് പറഞ്ഞു.
യു.എ.പി.എ കേസിൽ മോചനം ലഭിച്ചാലും കള്ളപ്പണ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസുള്ളതിനാൽ ജയിലിൽ നിന്നിറങ്ങാൻ വൈകും. ലഖ്നോ ജില്ല കോടതി ഈ മാസം 19നാണ് ഇ.ഡി കേസ് പരിഗണിക്കുക. യു.എ.പി.എ കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ച പശ്ചാത്തലത്തിൽ ഇ.ഡി കേസ് നേരത്തെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം തിങ്കളാഴ്ച നൽകിയ അപേക്ഷ കോടതി മാറ്റിവെച്ചു. ചൊവ്വാഴ്ച വീണ്ടും വിഷയം കോടതിക്ക് മുന്നിൽ പരാമർശിക്കുമെന്ന് അഭിഭാഷകൻ വ്യക്തമാക്കി.
തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോൾ സിദ്ദീഖിനെ കാണാനും സംസാരിക്കാനും കഴിഞ്ഞെന്ന് റൈഹാനത്ത് പറഞ്ഞു. സുപ്രീംകോടതിയിൽനിന്ന് ജാമ്യം കിട്ടിയത് സിദ്ദീഖ് അറിഞ്ഞിരുന്നു. ഉടൻ പുറത്തിറങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹമെന്നും റൈഹാനത്ത് വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.