സ്വാതി മലിവാൾ കേസ്: ബൈഭവ് കുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു
text_fieldsന്യൂഡൽഹി: രാജ്യസഭ എം.പി സ്വാതി മലിവാളിനെ മർദിച്ചുവെന്ന കേസിൽ അറസ്റ്റിലായ എ.എ.പി നേതാവും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്സനൽ അസിസ്റ്റന്റുമായ ബൈഭവ് കുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കേസിലെ പ്രധാന സാക്ഷികളെ വിസ്തരിക്കുന്നത് വരെ ബൈഭവ് കുമാർ കെജ്രിവാളിന്റെ ഔദ്യോഗിക വസതിയിൽ പ്രവേശിക്കരുതെന്നും മുഖ്യമന്ത്രിയുടെ പേഴ്സനൽ അസിസ്റ്റന്റ് എന്ന ചുമതല നിർവഹിക്കരുതെന്നും സുപ്രീംകോടതി ഉത്തരവിട്ടു. സാക്ഷി വിസ്താരം കഴിയുന്നത് വരെ ബൈഭവ് കേസിനെ കുറിച്ച് സംസാരിക്കുന്നതും വിലക്കിയിട്ടുണ്ട്.
മൂന്നാഴ്ചക്കകം വിചാരണ കോടതി കേസിലെ നടപടികൾ പൂർത്തിയാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. അതുവരെ ഔദ്യാഗിക ചുമതലകൾ ഏറ്റെടുക്കരുതെന്നാണ് ബൈഭവിനു നൽകിയ നിർദേശം. സ്വാതി മലിവാളിന്റെ പരാതിയിൽ മേയ് 18 നാണ് ബൈഭവ് കുമാറിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.
ഒരു പ്രകോപനവുമില്ലാതെ ഏഴെട്ടു തവണ ബൈഭവ് കുമാർ തന്നെ അടിച്ചുവെന്നും നെഞ്ചിലും വയറ്റിലും ചവിട്ടിയെന്നുമാണ് സ്വാതിയുടെ പരാതിയിലുള്ളത്. കെജ്രിവാളിന്റെ വസതിയിൽ വെച്ചായിരുന്നു അതിക്രമം നടന്നതെന്നും സ്വാതി ആരോപിച്ചിരുന്നു. ആരോപണങ്ങൾ എ.എ.പി തള്ളുകയായിരുന്നു. സ്വാതി ബി.ജെ.പിയുടെ ഏജന്റാണെന്നും എ.എ.പി നേതാക്കൾ ആരോപിച്ചിരുന്നു.
അതേസമയം, ബലമായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് കടക്കാൻ ശ്രമിച്ച സ്വാതിയെ തടഞ്ഞപ്പോൾ, തന്നെ മർദിക്കുകയും വ്യാജ കേസ് ചുമത്തി ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് കാണിച്ച് ബൈഭവ് കുമാറും ഡൽഹി പൊലീസിൽ പരാതി നൽകിയിരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റ് 24ന് ഡൽഹി കോടതി ബൈഭവ് കുമാറിന്റെ ജുഡീഷ്യൽ കസ്റ്റഡി സെപ്റ്റംബർ 13 വരെ നീട്ടിയിരുന്നു. അതിനിടയിലാണ് ജാമ്യം ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.