സീതാപൂർ കേസിൽ മുഹമ്മദ് സുബൈറിന് ജാമ്യം; ട്വീറ്റ് ചെയ്യരുത്, കോടതിയുടെ പരിധി വിട്ടുപോകരുത്
text_fieldsന്യൂഡൽഹി: ട്വീറ്റുകൾ ചെയ്യരുതെന്നും ഡൽഹി കോടതിയുടെ പരിധി വിട്ടുപോകരുതെന്നുമുള്ള ഉപാധിയോടെ യു.പിയിലെ സീതാപൂർ കേസിൽ 'ആൾട്ട് ന്യൂസ്' സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് സുപ്രീംകോടതി അഞ്ച് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. യു.പി സർക്കാറിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി രാജും ഉയർത്തിയ തടസവാദങ്ങൾ തള്ളിക്കളഞ്ഞാണ് ജസ്റ്റിസ് ഇന്ദിരാ ബാനർജി അധ്യക്ഷയായ ബെഞ്ചിന്‍റെ വിധി.
ഇടക്കാല ഉത്തരവ് സീതാപൂർ കോടതിയിലെ കേസിന് മാത്രം ബാധകമാണെന്നും ഡൽഹി അടക്കമുള്ള മറ്റു കേസുകൾക്ക് ബാധകമല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. അവധി കഴിഞ്ഞ് കോടതി തുറക്കുമ്പോൾ ഉചിതമായ ബെഞ്ച് ഹരജി പരിഗണിക്കുമെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.
ചെയ്യാത്ത കുറ്റത്തിന് യു.പി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സുബൈർ സുപ്രീംകോടതിയിലെത്തിയത്. സുബൈറിന്‍റെ അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് വാദം തുടങ്ങുന്നതിന് മുമ്പെ കേന്ദ്ര സർക്കാറിന്‍റെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത തടസവാദം ഉന്നയിച്ചു. സുബൈറിന്‍റെ ജാമ്യഹരജിയിൽ യു.പി പൊലീസ് അറസ്റ്റ് ചെയ്തതും കോടതി റിമാൻഡ് ചെയ്തതുമൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും വസ്തുതകൾ മറച്ചുവെച്ചുവെന്നുമായിരുന്നു മേത്തയുടെ തടസവാദം.
ഇത് കേട്ട് സുബൈർ ഈ കേസിൽ ഇതിനകം അറസ്റ്റിലായോ എന്ന് ജസ്റ്റിസ് ഇന്ദിരാ ബാനർജി ചോദിച്ചപ്പോൾ സുബൈർ ജുഡീഷ്യൽ കസ്റ്റഡിയിലാണോ പൊലീസ് കസ്റ്റഡിയിലാണോ എന്നത് പ്രശ്നമല്ലെന്ന് കോളിൻ ഗോൺസാൽവസ് മറുപടി നൽകി. അലഹാബാദ് ഹൈകോടതി തള്ളിയതിനെതിരെയാണ് അപ്പീലെന്നും അതേക്കുറിച്ചാണ് വാദിക്കുന്നതെന്നും ഗോൺസാൽവസ് വാദിച്ചു.
ഭരണഘടനക്കും നിയവ്യവസ്ഥക്കും സുപ്രീംകോടതിക്കും വേണ്ടി നിലകൊണ്ടതിനും അതിനെതിരെ സംസാരിച്ചത് പുറത്തുകൊണ്ടുവന്നതിനാണ് സുബൈറിനെ ജയിലിലടച്ചത്. യതി നരസിംഗാനന്ദ അടക്കമുള്ളവർ നടത്തിയ വിദ്വേഷ പ്രസംഗങ്ങളെ കുറിച്ചാണ് സുബൈർ ട്വീറ്റ് ചെയ്തത്. ആ വിദ്വേഷ പ്രസംഗങ്ങളുടെ പേരിൽ അവർ അറസ്റ്റിലാകുകയും ചെയ്തതാണ്. മതനിന്ദ പുറത്തുകൊണ്ടുവന്നത് എങ്ങിനെ മതനിന്ദയാകും? മതനിന്ദ പുറത്തുകൊണ്ടുവന്നയാൾ ഇപ്പോൾ ജയിലിലും മതനിന്ദ നടത്തിയ ആൾ പുറത്തുമാണ്. സുബൈർ മതനിന്ദ നടത്തുകയായിരുന്നില്ല, ഭരണഘടനയുടെ കാവലാളാവുകയായിരുന്നു. അതിനാൽ മതനിന്ദാ കുറ്റം നിൽനിൽക്കില്ല. അശ്ലീലമായ കാര്യം പ്രസിദ്ധപ്പെടുത്തി എന്ന വകുപ്പും ഇതിൽ നിലനിൽക്കില്ല -അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.