സത്യേന്ദർ ജെയിനിന് ആറാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: അനധികൃത പണമിടപാട് കേസിൽ ഒരു വർഷമായി ജയിലിൽ കഴിയുന്ന ആം ആദ്മി പാർട്ടി നേതാവും മുൻ ഡൽഹി മന്ത്രിയുമായ സത്യേന്ദ്ര ജെയിന് ചികിത്സക്കായി സുപ്രീംകോടതി ആറാഴ്ച ജാമ്യം അനുവദിച്ചു. ആരോഗ്യാവസ്ഥ കണക്കിലെടുത്ത് അദ്ദേഹത്തിനിഷ്ടമുളള ആശുപത്രിയിൽ ചികിത്സ തേടാമെന്ന് ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, പി.എസ്. നരസിംഹ എന്നിവരടങ്ങുന്ന സുപ്രീംകോടതി അവധിക്കാല ബെഞ്ച് ഉത്തരവിട്ടു.
ജാമ്യത്തിനുള്ള ഉപാധികൾ വിചാരണക്കോടതി തീരുമാനിക്കുമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ഒരു വിഷയത്തിലും മാധ്യമങ്ങളോട് സംസാരിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ പാടില്ലെന്ന് നിർദേശിച്ചു.
ഡൽഹി സർക്കാറിനു കീഴിലുള്ള ലോക്നായക് ആശുപത്രി നൽകിയ ജെയിന്റെ ആരോഗ്യ റിപ്പോർട്ട്, അദ്ദേഹം മുമ്പ് ഡൽഹി ആരോഗ്യമന്ത്രിയായിരുന്നതിനാൽ വിശ്വസിക്കാനാവില്ലെന്നും ഡൽഹി എയിംസിലെയോ റാം മനോഹർ ലോഹ്യ ആശുപത്രിയിലെയോ വിദഗ്ധരെക്കൊണ്ട് സ്വതന്ത്ര പരിശോധന നടത്തണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദം തള്ളിക്കളഞ്ഞാണ് ബെഞ്ചിന്റെ വിധി.
അതേസമയം, സാധാരണ ജാമ്യത്തിനുതന്നെ ജെയിന് അർഹതയുണ്ടെന്നും എന്നാൽ ആരോഗ്യകാരണങ്ങളാലുള്ള ജാമ്യമാണ് ഇപ്പോൾ തേടുന്നതെന്നും അദ്ദേഹത്തിനുവേണ്ടി ഹാജരായ അഭിഷേക് മനു സിങ്‍വി ബോധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.