കേന്ദ്രത്തിന് സുപ്രീംകോടതിയുടെ കടുത്ത ഡോസ്; വാക്സിൻ നയത്തിനെതിരെ ചോദ്യശരങ്ങൾ
text_fieldsന്യൂഡൽഹി: കോവിഡ് വാക്സിൻ നയത്തിൽ കേന്ദ്ര സർക്കാറിനോട് സുപ്രീംകോടതിയുടെ കടുത്ത ചോദ്യങ്ങൾ, രൂക്ഷ വിമർശനവും. വാക്സിൻ ക്ഷാമത്തിനു പുറമെ, പല തരത്തിലാണ് വില ഈടാക്കുന്നത്. വാക്സിൻ കിട്ടാൻ സംസ്ഥാനങ്ങൾ മത്സരിക്കട്ടെ എന്ന മട്ടിൽ കേന്ദ്രം മാറിനിൽക്കുന്നു. ഇൻറർനെറ്റില്ലാത്ത ഗ്രാമീണരും 'കോവിൻ' പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ട അവസ്ഥ. ഇതിെൻറയൊക്കെ യുക്തി എന്താണ്? കോടതി ചോദിച്ചു. രണ്ടാഴ്ചക്കകം മറുപടി സത്യവാങ്മൂലം നൽകാനും നിർദേശിച്ചു.
വാക്സിൻ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എൽ.എൻ. റാവു, എസ്. രവീന്ദ്ര ഭട്ട് എന്നിവർ ഉൾപ്പെട്ട ബെഞ്ച്. ഈ വർഷാവസാനത്തോടെ ഇന്ത്യയിൽ എല്ലാവർക്കും വാക്സിൻ നൽകാമെന്നാണ് കരുതുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ, യുക്തിരഹിതമായ നയങ്ങൾക്കിടയിൽ ഇത് എങ്ങനെ സാധ്യമാവുമെന്ന സംശയമാണ് കോടതി പ്രകടിപ്പിച്ചത്.
നയപരമായ കാര്യങ്ങൾ പരിശോധിക്കാൻ കോടതിക്ക് പരിമിത അധികാരം മാത്രമേയുള്ളൂവെന്ന് വാദിച്ച സോളിസിറ്റർ ജനറൽ തുഷാർ മേത്തയെ ജസ്റ്റിസ് ചന്ദ്രചൂഡ് ശക്തമായി നേരിട്ടു. തങ്ങൾ പറയുന്നതാണ് ശരിയെന്ന മട്ടിൽ കേന്ദ്രസർക്കാർ പെരുമാറിയാൽ പോരാ. അതു കൈകാര്യം ചെയ്യാനുള്ള കഴിവ് കോടതിക്കുണ്ട്. സുപ്രീംകോടതി നയം ഉണ്ടാക്കുകയല്ല. നയം മാറ്റുകയുമല്ല. പക്ഷേ, സർക്കാർ ഉണർന്നേ മതിയാവൂ. രാജ്യത്ത് എന്തു നടക്കുന്നുവെന്ന് സർക്കാർ അറിയണം. സർക്കാർ നയത്തിെൻറ യുക്തി മനസ്സിലാകാൻ ഫയലുകൾ കോടതിക്ക് കാണണം. ഈ രീതിയിൽ വിഷയത്തെ കോടതി സമീപിക്കുന്നത് വാക്സിൻ വിതരണ നടപടി തടസ്സപ്പെടുത്തുമെന്ന സർക്കാർ അഭിഭാഷകെൻറ വാദം കോടതി അംഗീകരിച്ചില്ല.
കോടതിയുടെ ചോദ്യങ്ങൾ; നിരീക്ഷണങ്ങൾ
•തോന്നിയപോലെ വില നിശ്ചയിക്കാവുന്ന വിധത്തിൽ വാക്സിെൻറ വിലനിർണയം നിർമാതാക്കൾക്ക് സർക്കാർ വിട്ടുകൊടുത്തത് എന്തുകൊണ്ട്? എന്തുകൊണ്ടാണ് കേന്ദ്രം നൽകുന്നതിനേക്കാൾ കൂടുതൽ തുക സംസ്ഥാനങ്ങൾ വാക്സിനു നൽകേണ്ടി വരുന്നത്? ഇന്ത്യയിൽ എല്ലായിടത്തും വാക്സിന് ഒറ്റ വില മാത്രം ഈടാക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം കേന്ദ്രസർക്കാർ ഏറ്റെടുക്കണം. വില നിയന്ത്രിക്കാൻ കേന്ദ്രത്തിെൻറ പക്കൽ ഔഷധ നിയന്ത്രണ നിയമ പ്രകാരമുള്ള അധികാരങ്ങളുണ്ട്. അത് ഉപയോഗിക്കാത്തത് എന്തുകൊണ്ടാണ്?
•സ്വകാര്യ നിർമാതാക്കളിൽനിന്ന് വാക്സിൻ കിട്ടാൻ സംസ്ഥാനങ്ങൾ പരസ്പരം മത്സരിക്കട്ടെ എന്നൊരു നയം കേന്ദ്രത്തിനുണ്ടോ? വിദേശ വാക്സിൻ കിട്ടാൻ സംസ്ഥാനങ്ങളും നഗരസഭകൾപോലും ആഗോള ടെൻഡർ വിളിക്കട്ടെ എന്നാണോ കേന്ദ്രത്തിെൻറ നിലപാട്? സംസ്ഥാനങ്ങൾ ചേർന്നതാണ് രാജ്യം. ഫെഡറൽ ചട്ടങ്ങൾ പാലിച്ചേ മതിയാവൂ. സംസ്ഥാനങ്ങളെ കഷ്ടത്തിലാക്കരുത്. സംസ്ഥാനങ്ങൾക്ക് വാക്സിൻ ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് പറയാൻ കേന്ദ്രസർക്കാർ തയാറുണ്ടോ? എങ്കിൽ എല്ലാ പ്രശ്നവും പരിഹരിക്കപ്പെടും.
•45 കഴിഞ്ഞവർക്കായി കേന്ദ്രം വാക്സിൻ സംഭരിക്കുന്നുണ്ട്. എന്നാൽ, 18 മുതൽ 44 വരെയുള്ളവരുടെ കാര്യത്തിൽ സംഭരണരീതി മറ്റൊന്നാണ്. പകുതി കേന്ദ്രം നിശ്ചയിച്ച നിരക്കിൽ നിർമാതാക്കൾ സംസ്ഥാനങ്ങൾക്കു നൽകും. പകുതി സ്വകാര്യ ആശുപത്രികൾക്കു നൽകും. എന്താണ് ഇതിെൻറ അടിസ്ഥാനം?
•ഡിജിറ്റൽ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യയെന്ന് അടിക്കടി സർക്കാർ പറഞ്ഞുകൊണ്ടിരിക്കുന്നു. പക്ഷേ, യാഥാർഥ്യം മനസ്സിലാക്കണം. ഝാർഖണ്ഡിലെ ഒരു പാവം തൊഴിലാളി ഇൻറർനെറ്റ് കേന്ദ്രം തപ്പി പോകണമെന്നാണോ? വാക്സിനെടുക്കാൻ രജിസ്ട്രേഷൻ വേണം. പക്ഷേ, ഇൻറർനെറ്റ് ലഭ്യത ഇല്ലാത്ത പ്രശ്നം എങ്ങനെ പരിഹരിക്കും? കോവിൻ എന്ന മൊബൈൽ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യാൻ യഥാർഥത്തിൽ എത്ര പേർക്ക് സാധിക്കും?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.