കള്ളപ്പണ കേസ്: സാന്റിയാഗോ മാർട്ടിനെതിരായ വിചാരണ നടപടിക്ക് സുപ്രീംകോടതി സ്റ്റേ
text_fieldsന്യൂഡൽഹി: ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിനെതിരായ കള്ളപ്പണ കേസിൽ പ്രത്യേക കോടതി നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു. മാർട്ടിൻ നൽകിയ ഹരജിയിൽ ജസ്റ്റിസുമാരായ അഭയ് എസ്. ഓക, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് സ്റ്റേ ചെയ്തത്.
എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) രജിസ്റ്റർചെയ്ത കേസിൽ വിചാരണ നിർത്തിവെക്കണമെന്ന മാർട്ടിന്റെ ഹരജി എറണാകുളത്തെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമവുമായി ബന്ധപ്പെട്ട കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
സി.ബി.ഐ രജിസ്റ്റർ ചെയ്ത പ്രാഥമിക കേസിൽ വിചാരണ പൂർത്തിയാക്കിയാൽ മാത്രമേ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമവുമായി ബന്ധപ്പെട്ട കോടതി നടപടികൾ തുടങ്ങാൻ കഴിയൂവെന്ന സാന്റിയാഗോ മാർട്ടിനുവേണ്ടി ഹാജരായ ആദിത്യ സോന്ധി, രോഹിണി മൂസ എന്നിവരുടെ വാദം സുപ്രീംകോടതി അംഗീകരിച്ചു.
2014ൽ ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്യുകയും മാർട്ടിൻ ഉൾപ്പെടെയുള്ളവർക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2018 ജൂൺ 11ന് മാർട്ടിൻ ഉൾപ്പെടെ ഏഴുപേർക്കെതിരെ കള്ളപ്പണം വെളുപ്പിച്ചതിന് ഇ.ഡി കേസെടുത്തത്. സി.ബി.ഐ കേസിൽനിന്ന് ഒഴിവാക്കാൻ 2019 സെപ്റ്റംബർ 30ന് മാർട്ടിൻ അപേക്ഷ സമർപ്പിച്ചിരുന്നു. ഈ ഹരജി പരിഗണനയിലാണ്.
സാൻറിയാഗോ മാർട്ടിന്റെ ഉടമസ്ഥതയിലുള്ള കോയമ്പത്തൂർ ആസ്ഥാനമായ ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽ സർവിസസ് 1,368 കോടിയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.