സിദ്ദീഖ് കാപ്പന്റെ മെഡിക്കൽ റിപ്പോർട്ട് ഉടൻ കൈമാറണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി
text_fieldsന്യൂഡൽഹി: യു.എ.പി.എ ചുമത്തി ജയിലിലടച്ച ശേഷം മഥുര ജയിലിൽനിന്ന് കോവിഡ് ബാധിതനായ ഡൽഹിയിലെ മലയാള മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പെൻറ വൈദ്യപരിശോധന റിപ്പോർട്ട് ബുധനാഴ്ചക്കകം സമർപ്പിക്കാൻ സുപ്രീംകോടതി ഉത്തർപ്രദേശ് സർക്കാറിനോട് ആവശ്യപ്പെട്ടു. യു.പി സർക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കേസ് ബുധനാഴ്ചത്തേക്ക് നീട്ടിവെക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സിദ്ദീഖിെൻറ അഭിഭാഷകെൻറ വാദം കൂടി കേട്ട് സുപ്രീംകോടതി മെഡിക്കൽ റിപ്പോർട്ട് തേടിയത്. ഹേബിയസ് കോർപസ് ഹരജിയും ജാമ്യപേക്ഷയും ചീഫ് ജസ്റ്റിസിന് ലഭിച്ച കത്തുകളും പുതിയ ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് ബുധനാഴ്ച പരിഗണിക്കും.
ചുമതലയേറ്റശേഷമുള്ള പുതിയ ചീഫ് ജസ്റ്റിസ് ആദ്യമായി ഇരുന്ന ബെഞ്ചിലാണ് സിദ്ദീഖ് കാപ്പെൻറ കേസും വന്നത്. ചൊവ്വാഴ്ച കേസ് പരിഗണിക്കുന്ന വേളയിൽ തന്നെ അത് നീട്ടിവെപ്പിക്കാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ശ്രമിച്ചു. പത്തു മിനിറ്റിനകം വിഷയം എടുക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയപ്പോഴും ബുധനാഴ്ച പരിഗണിക്കാൻ കഴിയില്ലേ എന്ന് മേത്ത ചോദിച്ചു. ഇന്നു തന്നെ എടുക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞപ്പോഴും ദയവു ചെയ്ത് നാളേക്ക് നീട്ടണമെന്ന് എസ്.ജി ആവർത്തിച്ചു.
കേസ് നീട്ടിവെക്കാനിടയുണ്ടെന്ന സാധ്യത കണ്ട് സിദ്ദീഖിെൻറ അഭിഭാഷകൻ അഡ്വ. വിൽസ് മാത്യൂ മെഡിക്കൽ റിപ്പോർട്ട് വേണമെന്ന ആവശ്യമുന്നയിച്ചു. സിദ്ദീഖ് കാപ്പനെ ചങ്ങലക്കിട്ടിരിക്കുകയാണെന്നും ഭാര്യ റൈഹാനക്ക് സിദ്ദീഖുമായി വിഡിയോ കോൺഫറൻസിലൂടെ സംസാരിക്കാൻ അവസരമൊരുക്കണമെന്നും വിൽസ് ആവശ്യപ്പെട്ടു. പ്രാഥമിക കൃത്യങ്ങൾക്കുപോലും പോകാൻ അനുവാദമില്ലെന്നും വിൽസ് കൂട്ടിച്ചേർത്തു. സിദ്ദീഖിനെ ആശുപത്രിക്കിടക്കയിൽ ചങ്ങലയിൽ ബന്ധിച്ചിട്ടില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അവകാശപ്പെട്ടു. കേസ് ബുധനാഴ്ചത്തേക്ക് മാറ്റിയ സാഹചര്യത്തിൽ വിഡിയോ കോൺഫറൻസിന് പ്രത്യേക അനുമതി നൽകാതെ ആ വിഷയവും കേസിനൊപ്പം പരിഗണിക്കാനായി മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.