വിരമിച്ച തൊഴിലാളിയിൽനിന്ന് സേവനകാലത്തെ അധികവേതനം തിരിച്ചുപിടിക്കാനാകില്ലെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: വിരമിച്ച തൊഴിലാളിയിൽനിന്ന് സേവനകാലത്ത് നൽകിയ തുകയിൽ പിഴവുണ്ടായിരുന്നെന്ന് കാണിച്ച് തിരിച്ചുപിടിക്കാനാകില്ലെന്ന് സുപ്രീംകോടതി. ഇൻക്രിമെന്റ് അനുവദിച്ചതിൽ പിഴവുപറ്റിയെന്നു പറഞ്ഞ് വിരമിച്ചയാളിൽനിന്ന് അത് പിടിക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ എസ്.എ. നസീർ, വിക്രം നാഥ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഇത് തൊഴിലാളിയുടെ അവകാശമായതുകൊണ്ടല്ല. മറിച്ച്, തൊഴിലാളിക്ക് ഉണ്ടായേക്കാവുന്ന പ്രയാസം പരിഗണിച്ച് കോടതിയുടെ അധികാരം ഉപയോഗിക്കുകയാണെന്ന് ബെഞ്ച് വ്യക്തമാക്കി.
കേരളത്തിൽനിന്നുള്ള തോമസ് ഡാനിയലിന്റെ ഹരജിയിലാണ് കോടതി നടപടി. തോമസ് ഡാനിയലിനോട് വിരമിക്കലിനുശേഷം അധിക ശമ്പളവും ഇൻക്രിമെന്റും തിരിച്ചടക്കാൻ 1999ൽ കൊല്ലം ഡി.ഇ.ഒ ആവശ്യപ്പെടുകയായിരുന്നു. ഇതിനായുള്ള റിക്കവറി നടപടി ചോദ്യം ചെയ്ത് ഡാനിയൽ മുഖ്യമന്ത്രിക്ക് പരാതി നൽകി. കേരള സർവിസ് നിയമം തെറ്റായി വ്യാഖ്യാനിച്ചാണ് അധിക തുക അനുവദിച്ചതെന്ന് അക്കൗണ്ടന്റ് ജനറൽ കണ്ടെത്തിയിരുന്നു. കേസിലുൾപ്പെട്ടയാൾ തെറ്റായ മാർഗത്തിലൂടെ ബോധപൂർവം വാങ്ങിയെടുത്തതല്ല ഇതെന്ന് കോടതി നിരീക്ഷിച്ചു. വിരമിച്ച് പത്തുവർഷം കഴിഞ്ഞ് തുക തിരിച്ചുപിടിക്കാനുള്ള നീക്കത്തിന് നീതീകരണമില്ലെന്നും കോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.