ജാതി സംവരണം ഇല്ലാതായി സാമ്പത്തിക സംവരണം മാത്രമാകുമെന്ന് സുപ്രീംകോടതി; തീരുമാനിക്കേണ്ടത് പാർലമെന്‍റ്
text_fieldsന്യൂഡൽഹി: രാജ്യത്ത് ജാതി സംവരണം ഇല്ലാതായേക്കുമെന്നും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണം മാത്രമേ നിലനിൽക്കുകയുള്ളൂവെന്നും സുപ്രീംകോടതിയുടെ പരാമർശം. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പാർലമെന്‍റാണെന്നും സംവരണവുമായി ബന്ധപ്പെട്ട അന്തിമതീരുമാനം സർക്കാറിന്‍റെ നയപരമായ കാര്യമാണെന്നും കോടതി നിരീക്ഷിച്ചു. മഹാരാഷ്ട്രയിലെ മറാത്ത സംവരണ നിയമം ചോദ്യംചെയ്തുള്ള ഹരജിയിൽ വാദം കേൾക്കവെയാണ് ജസ്റ്റിസ് അശോക് ഭൂഷന്‍റെ അധ്യക്ഷതയിലുള്ള ബെഞ്ച് പരാമർശം നടത്തിയത്.
50 ശതമാനത്തിൽ അധികം സംവരണം അനുവദിക്കാമോയെന്ന വിഷയത്തിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ചിന് മുമ്പാകെ വാദം പൂർത്തിയായി. ഇന്ദിര സാഹ്നി കേസിലെ വിധി പ്രകാരം സംവരണം 50 ശതമാനം കടക്കരുത്. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയിരുന്നു.
ജാതി അടിസ്ഥാനത്തിലുള്ള സംവരണം രാഷ്ട്രീയവത്കരിക്കപ്പെട്ടതായി അഭിഭാഷകൻ ശ്രീറാം പിങ്ഗളെ വാദിച്ചു. ഇന്ദിര സാഹ്നി വിധിയുടെ അടിസ്ഥാനത്തിൽ സംവരണം നിശ്ചയിക്കുന്നതിനുള്ള ഘടകം ജാതി ആയി മാറി. ഇത് ഘട്ടംഘട്ടമായി മാറ്റണമെന്ന് ശ്രീറാം പിങ്ഗളെ വാദിച്ചു. തുടർന്നാണ് സുപ്രീംകോടതി ജാതി സംവരണം ഇല്ലാതായി സാമ്പത്തിക സംവരണം മാത്രമാകുമെന്ന് നിരീക്ഷണം നടത്തിയത്.
സംവരണ പരിധി 50 ശതമാനം കടക്കരുതെന്ന വിധി പുന:പരിശോധിക്കണമെന്നായിരുന്നു കേരളമടക്കമുള്ള നിരവധി സംസ്ഥാനങ്ങൾ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.