‘ജമ്മു-കശ്മീർ നടപടി ഭരണഘടനാ തകർച്ച’; 370 എടുത്തുകളഞ്ഞതിനെതിരെ കപിൽ സിബൽ
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീരിന്റെ പ്രത്യേക അവകാശം എടുത്തുകളഞ്ഞ കേന്ദ്ര സർക്കാർ നടപടിയിൽ ഭരണഘടനയുടെ സമ്പൂർണ തകർച്ചയാണ് സംഭവിച്ചതെന്ന് ഹരജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ സുപ്രീംകോടതിയിൽ. ജമ്മു-കശ്മീരിലെ ജനങ്ങളുടെ സമ്മതമില്ലാതെ നടന്ന പ്രക്രിയയെ നിയമവിരുദ്ധ നടപടികളുടെ വിചിത്ര വേലയെന്നും ഇതിനെതിരായ ഹരജികളിലെ അന്തിമ വാദത്തിന്റെ രണ്ടാം ദിവസം സിബൽ വിശേഷിപ്പിച്ചു. പക്ഷപാതപരമായ രാഷ്ട്രീയവും ഭരണഘടനവിരുദ്ധമായ തീരുമാനവുമായിരുന്നുവെന്ന് സിബൽ വാദിച്ചപ്പോൾ, രാഷ്ട്രീയ തീരുമാനമാണെങ്കിലും ഭരണഘടനാപരമാണോ എന്നതാണ് ചോദ്യമെന്ന് സുപ്രീംകോടതി പ്രതികരിച്ചു. കേസിൽ ചൊവ്വാഴ്ച വാദം തുടരും.
ജമ്മു-കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളയാൻ കേന്ദ്രം കൈക്കൊണ്ട നടപടി ഭരണഘടനാപരമാണോ എന്ന് മാത്രമേ സുപ്രീംകോടതി തീർപ്പ് കൽപിക്കേണ്ടതുള്ളൂ എന്ന് സിബൽ ചൂണ്ടിക്കാട്ടി. നടപടി കേവലം രാഷ്ട്രീയമാണ്. അതിനായി കൊണ്ടുവന്ന ഭരണഘടനാ ഭേദഗതി നിയമ വിരുദ്ധവുമാണ്. 370-ാം അനുഛേദം ജമ്മു കശ്മീരിന് നൽകുന്ന പ്രത്യേക അധികാരവും അതെടുത്തുകളഞ്ഞ പ്രക്രിയയും നിയമപരമായി നിലനിൽക്കുമോ എന്നതാണ് പ്രശ്നം. ഇപ്പോൾ നടത്തിയ പ്രക്രിയ നിയമപരമല്ലെങ്കിൽ റദ്ദാക്കണം. മറ്റു വഴിയെന്ത് എന്ന് കോടതിയല്ല, സർക്കാറാണ് ആലോചിക്കേണ്ടത്.
2018 ജൂൺ 19ന് ബി.ജെ.പി പി.ഡി.പിയുമായുള്ള സഖ്യം ഉപേക്ഷിച്ചു. അടുത്ത ദിവസം തന്നെ ഗവർണർ എല്ലാ അധികാരങ്ങളും ഏറ്റെടുത്തു. ഇങ്ങനെ മന്ത്രിസഭ പിരിച്ചുവിടാൻ ഗവർണർക്ക് അധികാരമില്ല. പിന്നീട്, നാഷനൽ കോൺഫറൻസ് പിന്തുണച്ചുവെന്നും ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകണമെന്നും ആവശ്യപ്പെട്ട് പി.ഡി.പി ഗവർണർക്ക് ഫാക്സ് അയച്ചുവെങ്കിലും ശ്രീനഗറിലേക്ക് അയച്ച ഫാക്സ് ജമ്മുവിലായിരുന്നതിനാൽ താൻ കണ്ടില്ലെന്ന് പറഞ്ഞ് അതേ ദിവസം തന്നെ ഗവർണർ നിയമസഭതന്നെ പിരിച്ചുവിട്ടു.
ജമ്മു-കശ്മീർ നിയമസഭയുടെ അനുമതിയില്ലാതെ ആ സംസ്ഥാനത്തിന്റെ അതിർത്തി മാറ്റാനാവില്ല. മറ്റു സംസ്ഥാനങ്ങളുടെ കാര്യത്തിൽ നിലപാട് അറിഞ്ഞാൽ മതി. ആ സംസ്ഥാനത്തിന്റെ അനുമതിയില്ലാതെ അതിർത്തിമാറ്റി പുതിയ കേന്ദ്രഭരണ പ്രദേശങ്ങളുണ്ടാക്കാൻ ഭരണഘടനയിലെ ഏത് വകുപ്പാണ് ഇവർക്ക് അധികാരം നൽകിയതെന്ന് സിബൽ ചോദിച്ചു. ഭരണഘടനാ ഭേദഗതിക്കുള്ള അധികാരം പുതിയ ഭരണഘടനയുണ്ടാക്കാനുള്ള അധികാരമില്ല. എന്നാൽ, ജമ്മു-കശ്മീർ ഭരണഘടനാ സഭയുടെ ആ അധികാരം കൂടി പാർലമെന്റ് സ്വയം ഏറ്റെടുക്കുന്നതെങ്ങനെയാണെന്ന് സിബൽ ചോദിച്ചു. ഭാവി ഭരണഘടനാ അസംബ്ലി ഭാവി പാർലമെന്റ് തന്നെയായിരിക്കുമെന്ന് അംബേദ്കർ പറഞ്ഞിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഇതിനോട് പ്രതികരിച്ചു.
ജമ്മു-കശ്മീരിന്റെ കാര്യത്തിലെ ഭരണഘടനാ വിരുദ്ധ നടപടികൾ
ന്യൂഡൽഹി: ജമ്മു-കശ്മീരിന്റെ കാര്യത്തിലുണ്ടായ ഭരണഘടന വിരുദ്ധ നടപടികൾ കേസിലെ അന്തിമ വാദത്തിന്റെ രണ്ടാം ദിവസം കപിൽ സിബൽ അക്കമിട്ട് നിരത്തി. അവ ഇങ്ങനെ:
- ഒന്ന്) ജമ്മു-കശ്മീരിന്റെ ഭരണാധികാരം ഗവർണറും നിയമസഭക്കുള്ള അധികാരം ഇന്ത്യൻ പാർലമെന്റും ഏറ്റെടുത്തതും ഭരണഘടന വിരുദ്ധമാണ്.
- രണ്ട്) ജമ്മു-കശ്മീർ ഭരണഘടന സഭ നിലവിലില്ലാത്തിടത്തോളം കാലം ആ ഭരണഘടന സഭ നൽകിയ പ്രത്യേക അവകാശം പാർലമെന്റിന് റദ്ദാക്കാൻ ഭരണഘടന വ്യവസ്ഥയില്ല. ജമ്മു-കശ്മീർ ഭരണഘടന സഭ നിലവിലില്ലെന്നു പറഞ്ഞ് ആ ഉത്തരവാദിത്തം കൂടി പാർലമെന്റ് ഏറ്റെടുത്തത് ഭരണഘടന വിരുദ്ധമാണ്.
- മൂന്ന്) ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം അനുച്ഛേദമനുസരിച്ച് സംസ്ഥാനത്തിന്റെ അതിർത്തി വലുതാക്കുകയോ ഇല്ലാതാക്കുകയോ മാറ്റുകയോ ചെയ്യണമെങ്കിൽ നിയമസഭയുടെ അനുമതി വേണം. ജമ്മു-കശ്മീർ വിഭജിച്ചപ്പോൾ അത്തരമൊരു കൂടിയാലോചനയോ സമ്മതം തേടലോ ഉണ്ടായില്ല. ബന്ധപ്പെട്ട സംസ്ഥാനവുമായുള്ള കൂടിയാലോചന കഴിഞ്ഞേ അതിർത്തി മാറ്റുന്ന ബിൽ പാർലമെന്റിൽ അവതരിപ്പിക്കാനാകൂ.
- നാല്) ഭരണഘടനയുടെ 356ാം അനുച്ഛേദം നൽകുന്ന വിശേഷാധികാരം ഉപയോഗിച്ച് ജനാധിപത്യം സംരക്ഷിക്കാനും വീണ്ടെടുക്കാനുമല്ലാതെ ഒരു സംസ്ഥാന സർക്കാറിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനാകില്ല. എന്നാൽ ജമ്മു- കശ്മീരിൽ നിലവിലുള്ള നിയമസഭയും മന്ത്രിസഭയും പിരിച്ചുവിട്ട് ജനാധിപത്യത്തിന് അന്ത്യം കുറിക്കാനാണുപയോഗിച്ചത്.
- ഭരണഘടനയുടെ 356ാം അനുച്ഛേദമനുസരിച്ച് സ്വന്തം ഭരണമേർപ്പെടുത്തിയ രാഷ്ട്രപതിക്ക് ജമ്മു-കശ്മീർ നിയമസഭക്കുള്ള അധികാരം ഉപയോഗിക്കാനാകില്ല. എന്നാൽ വിവാദ നടപടികളിൽ അതുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.