പെഗസസ്: ആരോപണങ്ങൾ ഗുരുതരം; മാധ്യമവാർത്തകളുടെ ആധികാരികത എങ്ങനെ ഉറപ്പിക്കുമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പെഗസസ് ചാരവൃത്തി ആരോപണം ഗൗരവമേറിയതാണെന്നും സത്യം പുറത്തുവരണമെന്നും സുപ്രീംകോടതി. ചൊവ്വാഴ്ച കേസ് പരിഗണിക്കുമെന്നും അതിനു മുമ്പു തന്നെ എല്ലാ കക്ഷികളും പെഗസസ് ഹരജികളുടെ പകർപ്പ് കേന്ദ്ര സർക്കാറിന് കൈമാറണമെന്നും ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
പെഗസസ് ചാരവൃത്തി സ്വകാര്യതക്കും അന്തസ്സിനും രാജ്യത്തിെൻറ മൂല്യങ്ങൾക്കും മേലുള്ള ആക്രമണമാണെന്ന് പ്രശസ്ത മാധ്യമ പ്രവർത്തകരായ എൻ. റാമിനും ശശികുമാറിനും വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. അതിൽ സംശയമില്ലെന്നും വാർത്തകൾ ശരിയാണെങ്കിൽ ആരോപണങ്ങൾ ഗൗരവമേറിയതാണെന്നും ചീഫ് ജസ്റ്റിസ് മറുപടിയായി പറഞ്ഞു. 2019 മേയിൽ ഇതേ സംഭവം പുറത്ത് വന്നതാണല്ലോ എന്ന് ചീഫ് ജസ്റ്റിസ് തുടർന്നു. ഒാരോ കേസിെൻറ വിശദാംശങ്ങളിേലക്കും കടക്കുന്നില്ല. ചിലർ തങ്ങളുടെ ഫോൺ ചോർത്തിയെന്ന് പറയുന്നുണ്ട്. അതിനെതിരെ ടെലഗ്രാഫ്, െഎ.ടി നിയമങ്ങൾ പ്രകാരം പരാതി നൽകാൻ വ്യവസ്ഥയുണ്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പെഗസസ് നുഴഞ്ഞുകയറ്റത്തെ കുറിച്ച് ആർക്കും തർക്കമില്ലെന്ന് സിബൽ ബോധിപ്പിച്ചു. സർക്കാറുകൾക്ക് മാത്രമേ ചാര സോഫ്റ്റ്വെയർ വിൽക്കാറുള്ളു എന്ന ഇസ്രായേൽ കമ്പനിയുടെ അറിയിപ്പ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അമേരിക്കയിലെ കാലിഫോർണിയ കോടതിയിൽ വാട്സ്ആപ് കമ്പനി, പെഗസസ് നിർമാതാക്കളായ എൻ.എസ്.ഒക്കെതിരെ ഹരജി നൽകിയിട്ടുണ്ടെന്ന് സിബൽ പറഞ്ഞു. സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെടാൻ അതും കാരണമാണെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു. മാധ്യമപ്രവർത്തകർ, പൊതുപ്രവർത്തകർ, ഭരണഘടനാ പദവികളിലുള്ളവർ, കോടതി ഉദ്യോഗസ്ഥർ, അക്കാദമിക് രംഗത്തുള്ളവർ തുടങ്ങിയവരെയെല്ലാം പെഗസസ് ലക്ഷ്യമിട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസി പാർലമെൻറിലുന്നയിച്ച ചോദ്യത്തിന് സർക്കാർ നൽകിയ മറുപടി സിബൽ കോടതിയിൽ വായിച്ചു. 121 പേരെ പെഗസസ് ലക്ഷ്യമിട്ടുവെന്ന കാര്യത്തിൽ സർക്കാറിനുപോലും തർക്കമില്ലെന്നാണ് മന്ത്രിയുടെ മറുപടിയെന്നും അദ്ദേഹം പറഞ്ഞു. ചാരവൃത്തി നടക്കുന്നത് കേന്ദ്ര സർക്കാർ അറിഞ്ഞുവെങ്കിൽ എന്തുകൊണ്ടാണ് എൻ.എസ്.ഒക്കെതിരെ നടപടിയെടുക്കാതിരുന്നതെന്നും സിബൽ ചോദിച്ചു. എന്തുകൊണ്ട് എൻ.എസ്.ഒക്കെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തില്ല.
പൗരന്മാരുെട അവകാശപ്രശ്നമായിട്ടും എന്തുകൊണ്ട് സർക്കാർ ശാന്തമായിരിക്കുന്നു -സിബൽ ചോദിച്ചു. കേന്ദ്ര സർക്കാർ കേസ് എടുക്കട്ടെ, അതിന് ശേഷം അന്തിമ വാദം നടത്താമെന്ന് സിബൽ പറഞ്ഞപ്പോൾ എന്തു സംഭവിക്കുമെന്ന് നോക്കാമെന്ന് ചീഫ് ജസ്റ്റിസും പറഞ്ഞു. മാധ്യമപ്രവർത്തകനായ എസ്.എൻ.എം ആബ്ദിക്ക് വേണ്ടി അഡ്വ. രാകേഷ് ദ്വിവേദിയും സി.പി.എം എം.പി ജോൺ ബ്രിട്ടാസിന് വേണ്ടി അഡ്വ. മീനാക്ഷി അറോറയും ജഗ്ദീപ് ചൊക്കാറിന് വേണ്ടി അഡ്വ. ശ്യാം ദിവാനും പെഗസസ് ചാരവൃത്തിക്കിരയായ രണ്ട് മാധ്യമ പ്രവർത്തകർക്ക് വേണ്ടി അഡ്വ. അരവിന്ദ് ദത്താറും ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.