'സ്റ്റാളുകളും കസേരകളും നീക്കാൻ ബുൾഡോസർ വേണോ'
text_fieldsന്യൂഡൽഹി: സ്റ്റാളുകളും കസേരകളും മേശകളും പെട്ടികളും നീക്കം ചെയ്യാൻ ബുൾഡോസർ വേണോ എന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് സുപ്രീംകോടതി. ഇതൊന്നും നീക്കം ചെയ്യാൻ നോട്ടീസ് നൽകേണ്ടതില്ലെന്ന് മേത്ത വാദിച്ചപ്പോഴാണ് കോടതി പരാമർശം. ജഹാംഗീർപുരിയിൽ നോട്ടീസ് നൽകാതെയാണ് കെട്ടിടങ്ങൾ പൊളിച്ചുനീക്കിയതെന്ന് ഹരജിക്കാർ വാദിച്ചതിന് മറുപടി നൽകുകയായിരുന്നു മേത്ത. ബി.ജെ.പി ഭരിക്കുന്ന വടക്കൻ ഡൽഹി മുനിസിപ്പൽ കൗൺസിലിന് വേണ്ടിയാണ് തുഷാർ മേത്ത ഹാജരായത്.
സ്റ്റാളുകളും കസേരകളും പെട്ടികളും മാത്രമാണോ ബുധനാഴ്ച കോർപറേഷൻ നീക്കം ചെയ്തതെന്ന് ജസ്റ്റിസ് നാഗേശ്വര റാവു ചോദിച്ചു. പൊതുനിരത്തിലും ഫുട്പാത്തിലുമുള്ള കൈയേറ്റങ്ങളെല്ലാം നീക്കിയെന്നായിരുന്നു മേത്തയുടെ മറുപടി. കെട്ടിടങ്ങൾ പൊളിക്കുന്നതിന് മുന്നോടിയായി നോട്ടീസ് നൽകിയെന്നും മേത്ത അവകാശപ്പെട്ടു. നിയമത്തിന്റെ വഴിയിൽ തന്നെ കാര്യങ്ങൾ ചെയ്യണമെന്ന് ജസ്റ്റിസ് ഗവായ് ചൂണ്ടിക്കാട്ടി.
പൊളിച്ച കെട്ടിടങ്ങളുടെ ഉടമകൾക്ക് നോട്ടീസ് നൽകിയിട്ടില്ലെന്ന് അവർക്കു വേണ്ടി ഹാജരായ സഞ്ജയ് ഹെഗ്ഡെ പറഞ്ഞു. കെട്ടിടങ്ങൾ പൊളിക്കുന്നത് മതത്തിന്റെ അടിസ്ഥാനത്തിലല്ലെന്ന് മേത്ത വാദിച്ചു. ഡൽഹിയിൽ പൊളിച്ച കെട്ടിടങ്ങളുടെ സമുദായം തിരിച്ചുള്ള കണക്ക് പറയാതിരുന്ന അദ്ദേഹം, മധ്യപ്രദേശിലെ ഖർഗോനിൽ പൊളിച്ച കെട്ടിടങ്ങളിൽ 88 എണ്ണം ഹിന്ദുക്കളുടേതും 22 എണ്ണം മുസ്ലിംകളുടേതുമാണെന്നും ബോധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.