ജലനിരപ്പ് എത്രയാകാം?, മുല്ലപ്പെരിയാർ ജനങ്ങളുടെ ജീവെൻറ കാര്യം, രാഷ്ട്രീയം കളിക്കേണ്ട – സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പെരുമഴയും വെള്ളപ്പൊക്കവും ഉണ്ടാകുേമ്പാൾ അപകടാവസ്ഥ നേരിടുന്ന മുല്ലപ്പെരിയാർ അണക്കെട്ടിലെ പരമാവധി ജലനിരപ്പ് എത്ര അടിയായിരിക്കണമെന്ന് ബുധനാഴ്ച അറിയിക്കാൻ മേൽനോട്ട സമിതിയോട് സുപ്രീംകോടതി നിർദേശിച്ചു. 'ഇത് ജനങ്ങളുടെ ജീവനും സ്വത്തുമായി ബന്ധപ്പെട്ട കാര്യമാണ്. കേരളത്തിെൻറ ഉത്കണ്ഠ മനസ്സിലാക്കണം. രാഷ്ട്രീയം കളിക്കേണ്ട വിഷയമല്ല. ബന്ധപ്പെട്ടവരുടെ ഏകോപിത പ്രവർത്തനമാണ് വേണ്ടത്. രണ്ടു ദിവസത്തിനകം തീരുമാനം വേണം' -കോടതി വ്യക്തമാക്കി.
പ്രളയ സാഹചര്യത്തിൽ മുല്ലപ്പെരിയാർ സൃഷ്ടിക്കുന്ന ഭീഷണി ഉയർത്തിക്കാട്ടി നൽകിയ അപേക്ഷകൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. അപകടത്തിെൻറ ആഴം കോടതിക്ക് അറിയില്ല. ജലനിരപ്പ് എത്രയായിരിക്കണമെന്ന് തീരുമാനിക്കേണ്ടത് മേൽനോട്ട സമിതിയാണ്. ഇക്കാര്യത്തിൽ ഇനി അമാന്തം പാടില്ല. നടപടി ഉണ്ടാകാത്തതുകൊണ്ടാണ് കോടതിക്ക് ഇടപെടേണ്ടിവരുന്നത്. സമിതിയുടെ ശിപാർശ കിട്ടിയശേഷം ജലനിരപ്പ് പരിധി നിശ്ചയിക്കാമെന്നും ജസ്റ്റിസുമാരായ എ.എം ഖാൻവിൽകർ, സി.ടി. രവികുമാർ എന്നിവർ പറഞ്ഞു.
കോടതി വീണ്ടും കേസ് പരിഗണിക്കുന്ന ബുധനാഴ്ച മേൽനോട്ട സമിതിയുടെ തീരുമാനം കേന്ദ്രസർക്കാർ അറിയിക്കണമെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയോടാണ് കോടതി നിർദേശിച്ചത്. 50 ലക്ഷം ജനങ്ങളെ ബാധിക്കുന്ന വിഷയമാണെന്നിരിെക്ക, അടിയന്തരമായി ജലനിരപ്പ് നിയന്ത്രിക്കണമെന്നാണ് ഹരജി നൽകിയ ഡോ. ജോ േജാസഫിെൻറ അഭിഭാഷകൻ വിൽസ് മാത്യൂസ് വാദിച്ചത്.
കേരളം ആവശ്യെപ്പട്ടത്
പ്രളയ സാഹചര്യങ്ങളിൽ ജലനിരപ്പ് 139 അടിയായിരിക്കണമെന്ന് 2018 ആഗസ്റ്റിലെ പ്രളയകാലത്ത് സുപ്രീംകോടതി നിർദേശിച്ചതാണ്. അതിനു സമാനമായ ഉത്തരവ് കോടതിയിൽ നിന്ന് ഉണ്ടാകണം. ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കുന്നതുവരെ 137 അടിയിൽ കവിയാതിരിക്കാൻ സുപ്രീംകോടതി നിർദേശിക്കണം. കനത്ത മഴ മൂലം ജലനിരപ്പ് ഉയരുന്നതു മൂലമുള്ള ആശങ്ക പരിഗണിക്കണം. ജനങ്ങളുടെ ജീവൻ അപകടത്തിലാകുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് കേരളത്തിനുവേണ്ടി അഡ്വ. ജയദീപ് ഗുപ്ത, അഡ്വ. ജി പ്രകാശ് എന്നിവർ അഭ്യർഥിച്ചു.
തമിഴ്നാട് പറഞ്ഞത്
തിങ്കളാഴ്ച രാവിലെ ഒമ്പതിന് മുല്ലപ്പെരിയാറിൽ 137.2 അടി മാത്രമാണ് വെള്ളം. 2008, 2014 വർഷങ്ങളിലെ സുപ്രീംകോടതി വിധിപ്രകാരം 142 അടി വരെയാകാം. കേരള മുഖ്യമന്ത്രി തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. ഷട്ടർ തുറക്കുേമ്പാൾ മുൻകൂട്ടി അറിയിക്കണമെന്നു മാത്രമാണ് അതിൽ എഴുതിയിട്ടുള്ളത്. സാഹചര്യങ്ങൾ ശ്രദ്ധാപൂർവം നിരീക്ഷിക്കുന്നുണ്ട്. ഒഴുകിയെത്തുന്ന വെള്ളത്തേക്കാൾ കൂടുതൽ പുറന്തള്ളുന്നുണ്ട്. അടുത്ത അഞ്ചു ദിവസത്തേക്ക് മേഖലയിൽ മഴ കുറവായിരിക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രം പറയുന്നത്. അതുകൊണ്ട് മേൽനോട്ട സമിതിയുടെ ശിപാർശ വരുന്നതുവരെ ജലനിരപ്പ് എത്രയെന്ന് പ്രത്യേകമായി ഇപ്പോൾ നിശ്ചയിക്കേണ്ടതില്ലെന്നും തമിഴ്നാടിനുവേണ്ടി അഡ്വ. വി. കൃഷ്ണമൂർത്തി ബോധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.