രാഹുലിന് ആശ്വാസം; അയോഗ്യത നീങ്ങും
text_fieldsന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് എം.പിസ്ഥാനം നഷ്ടമാക്കിയ ‘മോദി കുലനാമ’ മാനനഷ്ടക്കേസിലെ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ വിവാദ വിധി സുപ്രീംകോടതി സ്റ്റേചെയ്തു. വയനാട് ലോക്സഭ മണ്ഡലം എം.പിയായ രാഹുലിന് സ്പീക്കർ കൽപിച്ച അയോഗ്യത ഇതോടെ പിൻവലിക്കേണ്ടിവരും. ലളിത് മോദി, നീരവ് മോദി തുടങ്ങിയ കള്ളന്മാർക്കെല്ലാം ഒരേ കുലനാമം വന്നതെങ്ങനെയെന്ന് 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പ്രസംഗിച്ചതിനെതിരെ സമർപ്പിച്ച ക്രിമിനൽ മാനനഷ്ടക്കേസിൽ വിചാരണക്കോടതി പുറപ്പെടുവിച്ച വിധിയാണ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് സ്റ്റേ ചെയ്തത്. അപകീർത്തിക്കേസിലെ പരമാവധി ശിക്ഷയായ രണ്ടുവർഷം തടവ് നൽകാൻ വിചാരണക്കോടതി വ്യക്തമായ കാരണങ്ങൾ പറഞ്ഞിട്ടില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
സൂറത്ത് കോടതി രണ്ടുവർഷം തടവ് വിധിച്ചതിനുപിന്നാലെ രാഹുൽ ഗാന്ധിയെ സ്പീക്കർ ഓം ബിർള ലോക്സഭയിൽ അയോഗ്യനാക്കുകയും ഔദ്യോഗിക വസതിയിൽ നിന്ന് കേന്ദ്ര സർക്കാർ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. അപ്പീൽ നൽകിയെങ്കിലും ഗുജറാത്തിലെ ജില്ലാ കോടതിയും ഹൈകോടതിയും ശിക്ഷ സ്റ്റേ ചെയ്തിരുന്നില്ല.
രണ്ടു വർഷം ശിക്ഷിക്കാൻ കാരണമില്ല
ഇന്ത്യൻ ശിക്ഷ നിയമത്തിലെ 499 വകുപ്പ് പ്രകാരമുള്ള ഒരു ക്രിമിനൽ മാനനഷ്ടക്കേസിൽ പരമാവധി നൽകാവുന്ന രണ്ടുവർഷത്തെ തടവുശിക്ഷയാണ് വിചാരണക്കോടതി രാഹുൽ ഗാന്ധിക്ക് നൽകിയിരിക്കുന്നതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഒരു മാനനഷ്ടക്കേസിൽ സുപ്രീംകോടതി നൽകിയ ഒരു താക്കീത് അല്ലാതെ രണ്ടു വർഷത്തെ പരമാവധി ശിക്ഷ കൊടുക്കാൻ മറ്റൊരു കാരണവും വിചാരണക്കോടതിയുടെ പക്കലില്ലായിരുന്നുവെന്ന് ബെഞ്ച് കുറ്റപ്പെടുത്തി. രാഹുൽ കുറ്റകൃത്യം പതിവാക്കിയ ആളാണെന്ന ഗുജറാത്ത് കോടതികളുടെ വിമർശനം തള്ളിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ക്രിമിനൽ മാനനഷ്ടേക്കസിൽ പരമാവധി ശിക്ഷ കാലയളവായ രണ്ടു വർഷം തന്നെ രാഹുൽ ഗാന്ധിക്ക് ഗുജറാത്തിലെ വിചാരണക്കോടതി വിധിച്ചത് ജനപ്രാതിനിധ്യ നിയമത്തിലെ 8(3) വകുപ്പ് പ്രകാരമുള്ള അയോഗ്യത കൽപിക്കാൻ വേണ്ടിമാത്രമാണെന്ന വിശദീകരണമുണ്ടെന്ന് സുപ്രീംകോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഒരു ദിവസത്തെ കുറവ് ശിക്ഷയിലുണ്ടായിരുന്നുവെങ്കിൽ അയോഗ്യനാക്കുന്നതിനുള്ള വ്യവസ്ഥ പ്രയോഗിക്കാൻ കഴിയുമായിരുന്നില്ല.
ഗുജറാത്ത് കോടതികൾ രാഹുലിനോട് ചെയ്തത്
പൊലീസ് സ്റ്റേഷനിൽനിന്ന് ജാമ്യം കിട്ടാവുന്ന, വാറൻറില്ലാതെ പൊലീസിന് അറസ്റ്റ് സാധ്യമല്ലാത്ത കുറ്റകൃത്യത്തിൽ പരമാവധി ശിക്ഷ വിധിക്കുമ്പോൾ അതിനുള്ള കാരണങ്ങൾ സൂറത്ത് വിചാരണക്കോടതി ജഡ്ജി വ്യക്തമാക്കേണ്ടിയിരുന്നു. അതിനു ശേഷം ജില്ല സെഷൻസ് കോടതിയും ഹൈകോടതിയും രാഹുൽ നൽകിയ അപ്പീൽ തള്ളാനുള്ള വിധിയിൽ നിരവധി പേജുകൾ ചെലവഴിച്ചിട്ടും പരമാവധി ശിക്ഷ നൽകിയതിനുള്ള കാരണങ്ങൾ ഇല്ലായിരുന്നു.
വോട്ടർമാരുടെ അവകാശവും ഹനിച്ചു
രാഹുൽ ഗാന്ധിക്ക് ജനപ്രാതിനിധ്യ നിയമത്തിലെ 8(3) വകുപ്പ് പ്രകാരമുള്ള അയോഗ്യത കൽപിക്കുന്നതിലൂടെ അദ്ദേഹത്തെ തിരഞ്ഞെടുത്തയച്ച വോട്ടർമാരുടെ അവകാശങ്ങളെ കൂടിയാണ് ബാധിക്കുന്നതെന്ന് സുപ്രീംകോടതി ഓർമിപ്പിച്ചു.
പരമാവധി ശിക്ഷ വിധിച്ചതുതന്നെ ഇത്തരത്തിൽ അയോഗ്യനാക്കാനാണെന്നും അതല്ലാത്ത ഒരു കാരണം കാണുന്നില്ലെന്നും കോടതി തുടർന്നു. ആ കാരണംകൊണ്ട് കൂടിയാണ് വിചാരണക്കോടതി വിധിച്ച കുറ്റവും ശിക്ഷയും സ്റ്റേ ചെയ്യുന്നതെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.
പ്രയോഗം സോദ്ദേശ്യപരമായിരുന്നില്ല
അതേസമയം രാഹുൽ ഗാന്ധി തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിൽ നടത്തിയ ‘മോദി’ പ്രയോഗം സോദ്ദേശ്യപരമായിരുന്നില്ലെന്ന് സുപ്രീംകോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. പൊതുജീവിതത്തിലുള്ള ഒരു വ്യക്തി പരസ്യഭാഷണങ്ങൾ നടത്തുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ടെന്നും ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, പി.എസ്. നരസിംഹ, സഞ്ജയ് കുമാർ എന്നിവരടങ്ങുന്ന ബെഞ്ച് ഓർമിപ്പിച്ചു.
വിചാരണക്കോടതി വിധിയുടെ മെറിറ്റിലേക്ക് തങ്ങൾ കടക്കുന്നില്ലെന്നും കുറ്റവും ശിക്ഷയും സ്റ്റേ ചെയ്യണമെന്ന അപേക്ഷ മാത്രമാണ് പരിഗണിച്ചതെന്നും ബെഞ്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.