അമിത് ഷായുടെ പ്രസ്താവനയിൽ സുപ്രീംകോടതിക്ക് അതൃപ്‍തി; ‘കോടതി വിഷയങ്ങൾ രാഷ്ട്രീയവത്കരിക്കരുത്’
text_fieldsന്യൂഡൽഹി: കർണാടകയിലെ മുസ്‍ലിം സംവരണ കേസ് സുപ്രീംകോടതി പരിഗണിച്ചു കൊണ്ടിരിക്കെ മുസ്‍ലിം സംവരണം പിൻവലിച്ചെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവനയിൽ സുപ്രീംകോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. കോടതിവിഷയങ്ങളെ രാഷ്ട്രീയവത്കരിക്കരുതെന്ന് ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ബി.വി. നാഗരത്ന, അഹ്സാനുദ്ദീൻ അമാനുല്ല എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. കർണാടകയിൽ മുസ്‍ലിംകൾക്ക് നാല് ശതമാനം ഒ.ബി.സി സംവരണം ഇനിയൊരുത്തരവുണ്ടാകുന്നതുവരെ തുടരുമെന്ന് ബി.ജെ.പി സർക്കാറിന്റെ വിവാദ ഉത്തരവിനുള്ള സ്റ്റേ നീട്ടി സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തു.
കർണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അമിത് ഷായുടെ പ്രസ്താവനയിലേക്ക് മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ ദുഷ്യന്ത് ദവെയാണ് ബെഞ്ചിന്റെ ശ്രദ്ധ ക്ഷണിച്ചത്. മുസ്‍ലിംകൾക്കുള്ള സംവരണം താൻ പിൻവലിച്ചിരിക്കുന്നുവെന്ന് മറ്റാരുമല്ല, കേന്ദ്ര ആഭ്യന്തര മന്ത്രിയാണ് പ്രസ്താവന നടത്തിയിരിക്കുന്നതെന്ന് ദവെ പറഞ്ഞു. അമിത് ഷായുടെ പ്രസ്താവനയിൽ ആശ്ചര്യം പ്രകടിപ്പിച്ച ജസ്റ്റിസ് നാഗരത്ന, സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ ആരെങ്കിലും അത്തരത്തിൽ പ്രസ്താവന നടത്തുമോയെന്ന് ചോദിച്ചു.
മുസ്‍ലിം സംവരണം പിൻവലിച്ചെന്ന് അഭിമാനത്തോടെയാണ് അവർ പറയുന്നതെന്ന് ദവെ പറഞ്ഞു. അമിത് ഷായെ ന്യായീകരിച്ച സോളിസിറ്റർ ജനറൽ തുഷാർ മേത്ത, മതപരമായ സംവരണത്തെ തത്ത്വത്തിൽ എതിർക്കുന്നുവെന്ന് ആരെങ്കിലും പറഞ്ഞാൽ അത് പൂർണമായും ന്യായീകരിക്കാവുന്നതാണെന്ന് വാദിച്ചു.
എന്നാൽ ഇതു ഖണ്ഡിച്ച ജസ്റ്റിസ് ജോസഫ്, സോളിസിറ്റർ ജനറൽ എന്നനിലയിൽ മേത്ത കോടതിയിൽ പറയുന്നതിൽനിന്ന് തീർത്തും വ്യത്യസ്തമാണ് പൊതുസ്ഥലത്ത് പ്രസ്താവന നടത്തുന്നതെന്ന് ഓർമിപ്പിച്ചു. സ്വവർഗ വിവാഹ കേസ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിക്കുന്നതിനാൽ കർണാടകയിലെ മുസ്‍ലിം സംവരണ കേസ് ചൊവ്വാഴ്ച കേൾക്കാതെ മാറ്റി വെക്കണമെന്ന് മേത്തയും മുൻ അറ്റോണി ജനറൽ മുകുൾ രോഹത്ഗിയും ആവശ്യപ്പെട്ടപ്പോൾ, ഇത് ബെഞ്ച് മാറ്റാനുള്ള നീക്കമാണെന്ന് ദവെ കുറ്റപ്പെടുത്തി.
ജസ്റ്റിസ് ജോസഫ് ജൂൺ 16ന് വിരമിക്കുന്നതിനാൽ, കേസ് മാറ്റിവെച്ചാൽ ബെഞ്ച് മാറുമെന്ന നിലക്കായിരുന്നു ദവെയുടെ വിമർശനം. അതിനാൽ മുസ്‍ലിം സംവരണം എടുത്തുകളഞ്ഞ ബി.ജെ.പി സർക്കാറിന്റെ വിവാദ ഉത്തരവ്, സുപ്രീംകോടതിയിൽനിന്ന് ഇനിയൊരുത്തരവുണ്ടാകുന്നതുവരെ നടപ്പാക്കരുതെന്ന ദവെയുടെ ആവശ്യം കോടതി അംഗീകരിച്ചു. കേസ് ജൂലൈ 25ലേക്ക് മാറ്റി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.