രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ്: പരാതിക്കാരനും ഗുജറാത്ത് സർക്കാറിനും സുപ്രീം കോടതി നോട്ടീസ്
text_fieldsന്യൂഡല്‍ഹി: അപകീർത്തി കേസിൽ വിചാരണക്കോടതി കുറ്റക്കാരനായി വിധിച്ചത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സമർപ്പിച്ച ഹരജിയിൽ ഗുജറാത്ത് സർക്കാറിനും പരാതിക്കാരനായ പൂർണേഷ് മോദിക്കും സുപ്രീംകോടതി നോട്ടീസയച്ചു. മറുപടി നൽകാൻ എതിർകക്ഷിക്കാരനായ പൂർണേഷ് മോദി സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, പി.കെ. മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് കേസ് ആഗസ്റ്റ് നാലിലേക്ക് മാറ്റി.
വയനാട് ലോക്‌സഭ ഉപതെരഞ്ഞടുപ്പ്, കമീഷന്‍ ഏത് സമയവും പ്രഖ്യാപിക്കാമെന്നും അതിനാൽ ഇടക്കാല സ്റ്റേ വേണമെന്നും രാഹുലിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വി ആവശ്യപ്പെട്ടു. എതിര്‍കക്ഷികളെ കേള്‍ക്കാതെ സ്റ്റേ നല്‍കാനാകില്ലെന്ന് അറിയിച്ച കോടതി, വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാമെന്ന് വ്യക്തമാക്കി 10 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന് എതിര്‍കക്ഷികൾക്ക് നിർദേശം നൽകി.
ഹരജി പരിഗണിക്കുന്നതിനിടെ, പിതാവിനും സഹോദരനും കോണ്‍ഗ്രസുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി കേസ് പരിഗണിക്കുന്നതില്‍നിന്ന് പിന്മാറാനുള്ള താൽപര്യം ജസ്റ്റിസ് ബി.ആര്‍. ഗവായ് അറിയിച്ചു. എന്നാൽ, അഭിഷേക് മനു സിങ്വിയും പൂർണേഷ് മോദിക്കുവേണ്ടി ഹാജരായ മഹേഷ് ജെഠ്മലാനിയും എതിര്‍പ്പില്ലെന്ന് അറിയിച്ചതോടെയാണ് ബി.ആർ. ഗവായ് അടങ്ങുന്ന ബെഞ്ച് കേസ് പരിഗണിച്ച് എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചത്. കേരള മുൻ ഗവർണർ ആര്‍.എസ്. ഗവായ് ആണ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെ പിതാവ്.
അപകീർത്തി കേസിൽ വിചാരണക്കോടതി കുറ്റക്കാരനായി വിധിച്ചത് റദ്ദാക്കണമെന്ന ആവശ്യം ഗുജറാത്ത് ഹൈകോടതിയും തള്ളിയതിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് രാഹുൽ സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്തത്. തന്നെ കേൾക്കാതെ രാഹുലിന്‍റെ അപ്പീലിൽ തീരുമാനമെടുക്കരുതെന്നാവശ്യപ്പെട്ട് പൂർണേഷ് മോദി തടസ്സഹരജിയും ഫയൽ ചെയ്തിട്ടുണ്ട്.
മോദിസമുദായത്തെയാകെ അപമാനിച്ചു എന്നതടക്കം രാഹുലിനെതിരായ വിചാരണക്കോടതി നടപടി ഹൈകോടതി പൂർണമായും ശരിവെക്കുകയായിരുന്നു. 2019ൽ കർണാടകയിൽ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എല്ലാ കള്ളന്മാരുടെ പേരിലും മോദി ഉണ്ടെന്ന രാഹുലിന്‍റെ പരാമർശമാണ് കേസിനാധാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.