വിവിപാറ്റിൽ ഇടപെട്ട് സുപ്രീംകോടതി; കമീഷൻ മറുപടി പറഞ്ഞേ മതിയാകൂ
text_fieldsന്യൂഡൽഹി: വോട്ടിങ് യന്ത്രത്തോടൊപ്പം മുഴുവൻ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയിൽ തെരഞ്ഞെടുപ്പ് കമീഷന് സുപ്രീംകോടതി നോട്ടീസ് . അഭിഭാഷകനായ അരുൺ കുമാർ അഗർവാളാണ് കോടതിയെ സമീപിച്ചത്. നിലവില്‍ എല്ലാ മണ്ഡലങ്ങളിലേയും തിരഞ്ഞെടുത്ത അഞ്ച് വോട്ടിങ് യന്ത്രത്തിലെ വി.വി.പാറ്റ് സ്ലിപ്പുകള്‍ മാത്രമാണ്എണ്ണുന്നത്.
ഇതിന് പകരം മുഴുവൻ വോട്ടിങ് വോട്ടിങ് യന്ത്രങ്ങൾക്കുമൊപ്പമുള്ള വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ജസ്റ്റിസ് ബി.ആര്. ഗവായ്, ജസ്റ്റിസ് സന്ദീപ് മെഹ്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് തെരഞ്ഞെടുപ്പ് കമീഷന് നോട്ടീസ് അയച്ചത്.
വിവിപാറ്റ്
വോട്ട് കൃത്യമായി രേഖപ്പെടുത്തിയെന്ന് ഉറപ്പാക്കാനായി ഏർപ്പെടുത്തിയ രസീത് സംവിധാനമാണ് വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ അഥവ വിവിപാറ്റ്. വോട്ടിങ് യന്ത്രവുമായി (ഇ.വി.എം) ഘടിപ്പിച്ച വിവിപാറ്റ് യന്ത്രമാണ്, വോട്ടർ ആർക്കാണ് വോട്ട് ചെയ്തതെന്ന് രേഖാമൂലം തെളിയിക്കുന്ന സ്ലിപ്പ് പുറപ്പെടുവിക്കുന്നത്.
പ്രവർത്തനം
വോട്ടർ ആർക്കാണോ വോട്ടു ചെയ്തത്, ആ സ്ഥാനാർഥിയുടെ പേരും ചിഹ്നവും അടങ്ങിയ കടലാസ് സ്ലിപ് വിവിപാറ്റിൽനിന്ന് വരും. നിലവില്‍ ഏഴ് സെക്കന്‍ഡ് മാത്രമാണ് വിവിപാറ്റ് രസീത് വോട്ടര്‍ക്ക് കാണാന്‍ സാധിക്കുക. ഏഴ് സെക്കന്‍ഡിന് ശേഷം രസീത് പെട്ടിയിലേക്ക് സ്വയം വീഴും.
ലക്ഷ്യം
തന്റെ വോട്ട് ശരിയായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് വോട്ടർക്ക് വിവിപാറ്റ് പരിശോധിച്ച് ഉറപ്പാക്കാം. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കാനുദ്ദേശിച്ചുള്ളതാണിത്. എന്തെങ്കിലും പരാതി ഉയർന്നാലോ ഭാവിയിൽ പരിശോധനക്കോ ഈ പേപ്പർ സ്ലിപ് ഉപയോഗിക്കാം.
കമീഷന്റെ നിലപാട്
മുഴുവൻ വിവിപാറ്റും എണ്ണണമെന്ന ആവശ്യം അംഗീകരിച്ചാൽ ഫലം വൈകുമെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ നിലപാട്. കൂടുതൽ മനുഷ്യശേഷിയും ഒരു മേഖലക്ക് 5-6 മണിക്കൂർ സമയവും വേണ്ടിവരുമെന്നും പറയുന്നു.
ഹരജിക്കാർ ചൂണ്ടിക്കാട്ടുന്നു
•ഇ.വി.എമ്മിനും വിവിപാറ്റിനുമെതിരെ വിദഗ്ധർ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലും വോട്ടെണ്ണുന്നതിൽ തെറ്റുകൾ കണ്ടെത്തിയതിനാലും എല്ലാ വിവിപാറ്റും എണ്ണേണ്ടത് അനിവാര്യമാണ്.
•എത്രയോ പണം മുടക്കി വിവിപാറ്റുകൾ സ്ഥാപിച്ചിട്ടും അതിൽ ഏതാനും യന്ത്രങ്ങളിലേതു മാത്രമേ എണ്ണുന്നുള്ളൂ.
ഹരജിയിലെ ആവശ്യം
1. ഇ.വി.എമ്മിലെ എണ്ണവും വിവിപാറ്റ് സ്ലിപ്പും തമ്മിൽ ഒത്തുനോക്കണം.
2. നാമമാത്ര വിവിപാറ്റ് മാത്രം പരിശോധിച്ചാൽ മതിയെന്ന മാർഗനിർദേശം 14.7 (h) റദ്ദാക്കണം.
3. തന്റെ വിവിപാറ്റ് സ്ലിപ്പ് ഒരു പെട്ടിയിൽ നിക്ഷേപിക്കാൻ വോട്ടർക്ക് അവസരം നൽകണം.
4. വിവിപാറ്റ് യന്ത്രത്തിന്റെ ഗ്ലാസ് സുതാര്യമാക്കണം. രേഖപ്പെടുത്തിയ വോട്ട് കൃത്യമായി മനസ്സിലാക്കാൻ മതിയായ വെളിച്ചം വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.