നീറ്റ് പരീക്ഷ ക്രമക്കേട്: സി.ബി.ഐ അന്വേഷണത്തിനുള്ള ഹരജിയിൽ എൻ.ടി.എക്ക് സുപ്രീംകോടതി നോട്ടീസ്
text_fieldsന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേട് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ നാഷണൽ ടെസ്റ്റിങ് ഏജൻസിക്ക് (എൻ.ടി.എ) സുപ്രീംകോടതി നോട്ടീസ്. കോട്ട കോച്ചിങ് സെന്‍ററിൽ വിദ്യാർഥികൾ ആത്മഹത്യ ചെയ്തതിന് കാരണം നീറ്റ്-യു.ജി ഫലങ്ങളല്ലെന്നും സി.ബി.ഐ അന്വേഷണത്തിനായി വൈകാരിക വാദങ്ങൾ ഹരജിക്കാർ ഉന്നയിക്കരുതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
മെഡിക്കൽ കൗൺസിലിങ് നടപടികൾ തടയാൻ സാധിക്കില്ലെന്നും വിക്രം നാഥ്, സദ്ദീപ് മേത്ത എന്നിവരടങ്ങിയ അവധികാല ബെഞ്ച് വ്യക്തമാക്കി. മറ്റ് ഹരജികൾക്കൊപ്പം ജൂലൈ എട്ടിന് കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കും.
ക്രമക്കേടിന്‍റെ പശ്ചാത്തലത്തിൽ നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന വിദ്യാർഥിനി ശിവാംഗി മിശ്രയുടെ ഹരജിയിൽ ജൂൺ 11ന് നാഷണൽ ടെസ്റ്റിങ് ഏജൻസിക്ക് (എൻ.ടി.എ) സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. നീറ്റ് ക്രമക്കേട് പരീക്ഷയുടെ പവിത്രതയെ ബാധിച്ചെന്ന് സുപ്രീംകോടതി നിരീക്ഷിക്കുകയും ചെയ്തു. ജസ്റ്റിസുമാരായ അഹ്സാനുദ്ദീൻ അസ്മാനുള്ള, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് വിഷയത്തിൽ എൻ.ടി.എയുടെ കൃത്യമായി മറുപടി അനിവാര്യമാണെന്നും വ്യക്തമാക്കി.
അതിനിടെ, നീറ്റ് പരീക്ഷയിൽ ഗ്രേസ്മാർക്ക് ലഭിച്ച 1563 വിദ്യാർഥികളുടെ സ്കോർബോർഡ് റദ്ദാക്കാൻ ജൂൺ 13ന് കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. പരീക്ഷയിൽ വ്യാപകക്രമക്കേടുണ്ടായെന്ന ആരോപണങ്ങളെ തുടർന്നാണ് സർക്കാർ നടപടി. ഇവർക്ക് റീടെസ്റ്റിനുള്ള അവസരം നൽകുമെന്നും കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് -യു.ജി പരീക്ഷയുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളാണ് ഉയർന്നത്. ഫലം പ്രഖ്യാപിച്ചപ്പോള്‍ 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതാണ് പ്രധാന ചർച്ചയാകുന്നത്. ഇതിൽ ആറു പേർ ഒരേ സെന്‍ററിൽ നിന്ന് പരീക്ഷ എഴുതിയവരാണെന്ന ആരോപണവും പരാതിക്കാർ ഉന്നയിക്കുന്നു. ഒന്നാം റാങ്ക് ലഭിച്ചവരിൽ ചിലർക്ക് ഗ്രേസ്മാർക്ക് നൽകിയെന്നാണ് എൻ.ടി.എ പറയുന്നത്.
67 കുട്ടികൾക്ക് 720 മാർക്ക് കിട്ടിയതും ഒരു സെന്ററിലെ ഏഴ് പേർക്ക് മുഴുവൻ മാർക്ക് കിട്ടിയതും വരാൻ പാടില്ലാത്ത 718, 719 എന്നീ മാർക്കുകൾ കിട്ടിയത് ഗ്രേസ്മാർക്ക് നൽകിയതിനാലാണെന്ന എൻ.ടി.എയുടെ വിശദീകരണവും ഉൾപ്പെടെയെല്ലാം സംശയാസ്പദമാണെന്ന് വിദ്യാർഥികൾ പറയുന്നു. എന്നാൽ, എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകത്തിലെ ഉത്തരത്തിന്‍റെ പിഴവിനും രണ്ടാം റാങ്ക് ലഭിച്ച വിദ്യാർഥികൾക്ക് സമയം കിട്ടിയില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലുമാണ് ഗ്രേസ് മാര്‍ക്ക് നൽകിയതെന്നാണ് എൻ.ടി.എയുടെ വീശദീകരണം. കൂടാതെ, മുൻ കോടതി വിധികളുടെ അടിസ്ഥാനത്തിലാണ് ഗ്രേസ് മാർക്ക് നൽകിയതെന്നും എൻ.ടി.എ വ്യക്തമാക്കുന്നു.
അതേസമയം, പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്നാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി ഡയറക്ടർ ജനറൽ സുബോദ് കുമാർ സിങ് വിശദീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.