സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അരുൺ മിശ്ര വിരമിച്ചു
text_fieldsന്യൂഡൽഹി: സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അരുൺ മിശ്ര ഔദ്യോഗിക പദവിയിൽ നിന്ന് വിരമിച്ചു. 2014ലാണ് ജസ്റ്റിസ് അരുൺ മിശ്ര സുപ്രീംകോടതി ജഡ്ജിയായി നിയമിതനായത്. ജസ്റ്റിസ് എൻ.വി രമണക്ക് ശേഷം സുപ്രീംകോടതിയിലെ രണ്ടാമത്തെ മുതിർന്ന ജഡ്ജിയായിരുന്നു ജസ്റ്റിസ് മിശ്ര.
20 വർഷം നീണ്ട അഭിഭാഷകവൃത്തിക്ക് ശേഷമാണ് ജസ്റ്റിസ് മിശ്ര ഇന്ത്യൻ നീതിന്യായ സംവിധാനത്തിന്‍റെ ഭാഗമായത്. 1999 ഒക്ടോബർ 25നാണ് മധ്യപ്രദേശ് ഹൈകോടതി അഡീഷണൽ ജഡ്ജിയായി ജസ്റ്റിസ് മിശ്ര ചുമതലയേൽക്കുന്നത്. 2001 ഒക്ടോബർ 24ന് സ്ഥിരം നിയമനം ലഭിച്ചു. ഇതോടൊപ്പം മധ്യപ്രദേശ് ഹൈകോടതി അഡ്മിനിസ്ട്രേറ്റീവ് ജഡ്ജിയുമായി.
പിന്നീട് രാജസ്ഥാൻ ഹൈകോടതിയിലേക്ക് മാറ്റം ലഭിച്ചു. 2010 നവംബർ ഒന്നിന് രാജസ്ഥാൻ ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി. 2010 നവംബർ 26ന് ചീഫ് ജസ്റ്റിസ് ആയി സത്യപ്രതിജ്ഞ ചെയ്തു. പിന്നീട് കൊൽക്കത്ത ഹൈകോടതി ചീഫ് ജസ്റ്റിസ് ആയും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
മുൻ ഐ.പി.എസ് ഒാഫിസർ സഞ്ജയ് ഭട്ടിന്‍റെ ഹരജി, ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം, സി.ബി.ഐ മേധാവി തർക്കം, ഹാരൺ പാണ്ഡ്യ വധക്കേസ്, സഹാറ-ബിർള കൈക്കൂലി കേസ്, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പ്രതിയായ കോടതിയലക്ഷ്യ കേസ്, യാക്കോബായ-ഒാർത്തഡോക്സ് തർക്കം, മരട് ഫ്ലാറ്റ് പൊളിക്കൽ, കണ്ണൂർ കരുണ മെഡിക്കൽ പ്രവേശനം റദ്ദാക്കൽ അടക്കം നിരവധി വിവാദ കേസുകളിൽ അരുൺ മിശ്ര വാദം കേട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.