ഇ.പി.എഫ് പെൻഷൻ കേസിൽനിന്ന് സുപ്രീംകോടതി ജഡ്ജി പിന്മാറി
text_fieldsന്യൂഡല്‍ഹി: ശമ്പളത്തിന് ആനുപാതികമായി പെന്ഷന് നല്‍കണമെന്ന ഹൈകോടതികളുടെ വിധികള്‍ക്കെതിരെ എംപ്ലോയ്മെന്റ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും (ഇ.പി.എഫ്.ഒ) കേന്ദ്ര തൊഴില്‍ മന്ത്രാലയവും സമർപ്പിച്ച ഹരജികൾ പരിഗണിക്കുന്നതിൽനിന്ന് സുപ്രീംകോടതി ജഡ്ജി പിന്മാറി. ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോള്‍ മൂന്നംഗ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് രവീന്ദ്ര ഭട്ട് ഇ.പി.എഫ് പെന്ഷന് വിധി പുറപ്പെടുവിച്ച രാജസ്ഥാന് ഹൈകോടതി ബെഞ്ചിലുണ്ടായിരുന്നുവെന്ന് ഇ.പി.എഫ്.ഒ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോഴാണ് പിന്മാറ്റം. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് തുടർന്ന് കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റി.
മുമ്പ് ജസ്റ്റിസ് രവീന്ദ്ര ഭട്ടിന്റെ ജൂനിയറായിരുന്ന ഒരു അഭിഭാഷകന് ഇപ്പോള്‍ കേസില്‍ വക്കാലത്ത് നല്‍കിയിട്ടുണ്ടെന്നും ഇ.പി.എഫ്.ഒക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ആര്യാമ സുന്ദരം ചൂണ്ടിക്കാട്ടി. മൂന്നംഗ ബെഞ്ചില്‍ മാറ്റംവരുത്താമെന്നും പുതുതായി ആരെ ഉൾപ്പെടുത്തണമെന്ന് ചീഫ് ജസ്റ്റിസുമായി ചർച്ച ചെയ്യാമെന്നും വെള്ളിയാഴ്ച ഇക്കാര്യം പറയാമെന്നും ജസ്റ്റിസ് ലളിത് വ്യക്തമാക്കി. ഉയർന്ന പെൻഷൻ അനുവദിച്ച കേരള ഹൈകോടതി വിധിക്കെതിരെയുള്ള അപ്പീലില്‍ ആദ്യം വാദം കേള്‍ക്കട്ടെ എന്ന അഭിപ്രായമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. കേസിന് അടിയന്തര സ്വഭാവമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ആര്യാമ സുന്ദരം, വിവിധ ഹൈകോടതികളില്‍ ഇ.പി.എഫ് പെന്‍ഷനുമായി ബന്ധപ്പെട്ട കേസില്‍ ഉത്തരവുകള്‍ ഇറക്കുന്നുണ്ടെന്ന് ബോധിപ്പിച്ചു. സുപ്രീംകോടതി തീരുമാനം എടുക്കുന്നതുവരെ ഹൈകോടതി നടപടികൾ വിലക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്ത് 70 ലക്ഷത്തോളം ഇ.പി.എഫ് പെന്‍ഷന്‍കാർക്ക് നിർണായകമായ കേസ് കഴിഞ്ഞ ആഗസ്റ്റിലാണ് സുപ്രീംകോടതി മൂന്നംഗ ബെഞ്ചിനു വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.