താജ്മഹലിന്റെ ചരിത്രം തിരുത്തേണ്ടതില്ല -സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: താജ്മഹലിന്റെ കൃത്യം പ്രായം നിര്‍ണയിക്കണമെന്നും ചരിത്ര പുസ്തകങ്ങളില്‍ വിവരിക്കുന്ന തെറ്റായ വസ്തുതകള്‍ തിരുത്താൻ പുരാവസ്തു വകുപ്പിനു നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടു നല്കിയ ഹരജി സുപ്രീംകോടതി തള്ളി. നൂറ്റാണ്ടുകളായി തുടരുന്ന താജ്മഹലിന്റെ ചരിത്രം തിരുത്തിയെഴുതേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് എം.ആര്. ഷാ, ജസ്റ്റിസ് സി.ടി. രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ഹരജി തള്ളിയത്.
താജ്മഹല്‍ നിലനിന്ന സ്ഥലത്ത് കൊട്ടാരസദൃശ്യമായ കെട്ടിടം നേരത്തെതന്നെ ഉണ്ടായിരുന്നതായി തന്റെ ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ചരിത്രകാരന്മാര് ഒരിടത്തും ഇതു പരാമര്‍ശിച്ചിട്ടില്ലെന്നും ഹരജിക്കാരനായ സുർജിത് സിങ് യാദവ് അവകാശപ്പെട്ടു.
ചരിത്രപരമായ വസ്തുതകള്‍ ശരിയോ തെറ്റോ എന്ന് കോടതി നിര്‍ണയിക്കുന്നത് എങ്ങനെയാണെന്നും എന്തുതരം ഹരജിയാണിതെന്നും കോടതി ചോദിച്ചു. ഹരജിക്കാരന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെ സമീപിക്കാമെന്ന് വ്യക്തമാക്കിയ കോടതി ഹരജി പിൻവലിക്കാൻ അനുവാദം നൽകി. താജ്മഹലിന്റെ അടച്ചിട്ടിരിക്കുന്ന അറകള്‍ തുറക്കണമെന്നും യഥാര്‍ഥ ചരിത്രം വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു നല്കിയ ഹരജി നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.