370-ാം വകുപ്പ് റദ്ദാക്കിയ കേന്ദ്ര തീരുമാനത്തിന് സാധുതയുണ്ടെന്ന് പ്രഖ്യാപിക്കണമെന്ന ഹരജി തള്ളി
text_fieldsന്യൂഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തിന് സാധുതയുണ്ടെന്ന് പ്രഖ്യാപിക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനും ജസ്റ്റിസുമാരായ ജെ.ബി പാർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് പൊതുതാൽപര്യ ഹരജി തള്ളിയത്.
ഹരജി പരിഗണിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഇത് ഏതു തരത്തിലുള്ള പരാതിയാണെന്ന് ഹരജിക്കാരന്‍റെ അഭിഭാഷകനോട് ചോദിച്ചു. കേന്ദ്രസർക്കാർ സ്വീകരിച്ച നടപടിയുടെ ഭരണഘടനാപരമായ സാധുത സംബന്ധിച്ച് ഈ കോടതിക്ക് പ്രഖ്യാപനം നടത്താൻ സാധിക്കില്ല. ഭരണഘടന സാധുതയെക്കുറിച്ചുള്ള ചോദ്യം കോടതിയുടെ പരിഗണനയിലാണ്. ഹരജി തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
370(1) വകുപ്പ് റദ്ദാക്കാനും ജമ്മു കശ്മീരിന് പ്രത്യേക സ്വയംഭരണാവകാശം നൽകുന്ന ആർട്ടിക്കിൾ 35 എ നീക്കം ചെയ്യാനുമുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന്‍റെ ഭരണഘടനാ സാധുത ശരിവെക്കണമെന്നാണ് പൊതുതാൽപര്യ ഹരജിയിൽ ആവശ്യപ്പെട്ടത്.
2019 ആഗസ്റ്റ് 5ന് 370(1) വകുപ്പ് കേന്ദ്രസർക്കാർ റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള 20ലേറെ ഹരജികൾ നിലവിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്‍റെ പരിഗണിനയിലാണ്. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനൊപ്പം സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.