ഭൂമി ഉപയോഗം അനിശ്ചിതമായി തടയാനാവില്ലെന്ന് സുപ്രീം കോടതി
text_fieldsന്യൂഡൽഹി: വികസന പദ്ധതികൾക്കായി നീക്കിവെച്ച ഭൂമി ഉപയോഗിക്കുന്നതിൽനിന്ന് ഭൂവുടമയെ അനിശ്ചിതമായി തടയാനാവില്ലെന്ന് സുപ്രീം കോടതി. ബോംബെ ഹൈകോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസുമാരായ ജെ. ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.
പ്രത്യേക രീതിയിൽ ഭൂമി ഉപയോഗിക്കുന്നതിലെ നിയന്ത്രണം അനിശ്ചിതകാലത്തേക്ക് തുടരാനാകില്ലെന്ന് ബെഞ്ച് പറഞ്ഞു. യഥാർഥ ഉടമകളെ ഭൂമി ഉപയോഗിക്കാൻ അധികൃതർ അനുവദിച്ചില്ലെന്ന് മാത്രമല്ല, ഭൂമി വാങ്ങുന്നവരെ ഉപയോഗിക്കാൻ അനുവദിക്കുന്നില്ലെന്നും കോടതി പറഞ്ഞു. 1966ലെ മഹാരാഷ്ട്ര റീജനൽ ആൻഡ് ടൗൺ പ്ലാനിങ് ആക്ടിലെ സെക്ഷൻ 127 പ്രകാരം 33 വർഷമായി സ്ഥലം വികസന പദ്ധതിക്ക് മാറ്റിവെക്കുന്നതിൽ അർഥമില്ലെന്ന് ബെഞ്ച് പറഞ്ഞു.
ആക്ടിലെ സെക്ഷൻ 126 പ്രകാരം ഭൂമി ഏറ്റെടുക്കാൻ 10 വർഷ കാലാവധി നൽകിയിട്ടുണ്ട്. 2015ലെ മഹാരാഷ്ട്ര ആക്ട് 42 പ്രകാരമുള്ള ഭേദഗതിക്കുമുമ്പ് ഏറ്റെടുക്കലിനായി നോട്ടീസ് നൽകാൻ ഒരു വർഷം കൂടി അനുവദിച്ചിട്ടുണ്ട്. വികസനത്തിനായി ഒഴിഞ്ഞുകിടക്കുന്ന 2.47 ഹെക്ടർ സ്ഥലത്തിന്റെ ഉടമകൾ സമർപ്പിച്ച അപ്പീലാണ് സുപ്രീംകോടതി പരിഗണിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.