32000 പേരെ മതം മാറ്റിയതിന് രേഖയില്ലെന്ന് നിർമാതാക്കൾ; ബംഗാളിൽ കേരള സ്റ്റോറിയുടെ വിലക്ക് നീക്കി, സാങ്കൽപിക കഥയെന്ന് കാണിക്കണം- സുപ്രീംകോടതി
text_fieldsന്യൂഡൽഹി: വിവിധ മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷമുണ്ടാക്കുന്നതെന്ന് ആക്ഷേപമുയർന്ന ‘ദ കേരള സ്റ്റോറി’ സിനിമക്ക് പശ്ചിമ ബംഗാൾ സർക്കാർ ഏർപ്പെടുത്തിയ നിരോധനം നീക്കി സുപ്രീംകോടതി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വിശദീകരണം സിനിമ നിരോധിക്കുന്നതിന് പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റെ നടപടി. പ്രദര്‍ശനം തടസ്സപ്പെടുത്തരുതെന്നും തിയറ്ററുകള്‍ക്ക് ആവശ്യമെങ്കില്‍ സുരക്ഷ നല്‍കണമെന്നും തമിഴ്നാട് സർക്കാറിനും ബെഞ്ച് നിർദേശം നൽകി. ബംഗാൾ, തമിഴ്നാട് സർക്കാറുകൾക്കെതിരെ നിർമാതാക്കൾ നൽകിയ ഹരജിയിലാണ് നടപടി.
അതേസമയം, 32,000 സ്ത്രീകളെ സിറിയയിലേക്ക് കൊണ്ടുപോയി മതം മാറ്റിയെന്നതിന് ആധികാരിക രേഖയില്ലെന്നും സിനിമ സാങ്കൽപികമാണെന്നും ശനിയാഴ്ച അഞ്ചു മണിക്കുള്ളിൽ എഴുതി ചേർക്കണമെന്നും നിർമാതാക്കളോട് കോടതി ആവശ്യപ്പെട്ടു. ദേശീയ ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിന്‍റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹരജികളിൽ വേനലവധിക്കുശേഷം വാദം കേൾക്കും. ഇതിന് മുമ്പ് സിനിമ കാണും. അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കുന്നതുപോലെ തന്നെ ഒരു സമുദായത്തെ നിന്ദിക്കുന്നതും അംഗീകരിക്കില്ലെന്നും കോടതി അറിയിച്ചു.
സിനിമയുടെ പ്രചാരണത്തിനു വേണ്ടി പുറത്തിറങ്ങിയ ടീസറിനെക്കാൾ ഭീകരമാണ് സിനിമയിലെ സംഭാഷണമെന്ന് ജംഇയ്യതുൽ ഉലമായെ ഹിന്ദിന്റെ അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടി. ‘ഒരാളുടെ മുഖത്ത് തുപ്പുന്നത് വരെ അല്ലാഹുവിന്‍റെ അടുക്കലേക്ക് പോകാൻ സാധിക്കില്ല’ എന്നതടക്കമുള്ള സംഭാഷണങ്ങളാണ് സിനിമയിലുള്ളതെന്ന് സിബൽ പറഞ്ഞപ്പോൾ ഇത് സിനിമയുടെ ഭാഗമാണോയെന്ന് ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് പർദേവാല ചോദിച്ചു.
സിനിമയിലെ വിദ്വേഷ സംഭാഷണങ്ങളും രംഗങ്ങളും ജംഇയ്യത്തിന് വേണ്ടി ഹാജരായ ഹുസേഫ അഹ്മദിയും കോടതിയിൽ വായിച്ചു. ഞങ്ങൾ ആദ്യം സിനിമ കാണുമെന്നും തുടർന്ന് സന്ദർഭോചിതമായി തീരുമാനിക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ചിത്രം പ്രദർശിപ്പിച്ചാൽ സംഘർഷമുണ്ടായേക്കുമെന്ന ഇന്‍റലിജന്‍റസ് റിപ്പോർട്ട് ഉണ്ടെന്ന് ബംഗാൾ സർക്കാറിനു വേണ്ടി ഹാജരായ അഭിഷേക് സിങ്‍വി ചൂണ്ടിക്കാട്ടി. ബംഗാള്‍ സര്‍ക്കാറിന്‍റെ വാദം ശരിയല്ലെന്നും ക്രമസമാധാനം സംരക്ഷിക്കുന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും നിർമാതാക്കളുടെ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.