സുപ്രീംകോടതി നിരീക്ഷണങ്ങൾ രാജ്യസഭയിൽ ഉദ്ധരിക്കരുത് -ചെയർമാൻ
text_fieldsന്യൂഡൽഹി: രേഖകളില്ലാത്ത സുപ്രീംകോടതിയുടെ നിരീക്ഷണങ്ങൾ ആധികാരികമാണെന്ന മട്ടിൽ രാജ്യസഭയിൽ ഉന്നയിക്കരുതെന്ന് ചെയർമാൻ ജഗ്ദീപ് ധൻഖർ. സുപ്രീംകോടതിയുടെ ആധികാരിക രേഖകളിൽനിന്നുള്ളതു മാത്രമേ കോടതിയുടെ നിലപാടായി ഉദ്ധരിക്കാവൂ എന്നും കോടതിയെ അങ്ങേയറ്റം മാനിച്ചുകൊണ്ടാണിത് താൻ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊളീജിയം ശിപാർശ ചെയ്യുന്നവരിൽ ചിലരെമാത്രം തെരഞ്ഞെടുത്ത് നിയമിക്കുന്നതിനെതിരെ സുപ്രീംകോടതി നവംബർ ഏഴിന് നടത്തിയ വിമർശനം കോൺഗ്രസ് നേതാവ് ശക്തി സിങ് ഗോഹിൽ ഉദ്ധരിച്ചത് ചെയർമാൻ ചോദ്യം ചെയ്തു.
ഒരു നിയമപോർട്ടൽ റിപ്പോർട്ടുവെച്ച് രാജ്യസഭയിൽ സംസാരിക്കാൻ പറ്റില്ലെന്നും സുപ്രീംകോടതി ഇങ്ങനെ പറഞ്ഞുവെന്ന് അംഗീകരിക്കാനാവില്ലെന്നും ധൻഖർ വ്യക്തമാക്കി. സുപ്രീംകോടതി അങ്ങനെ പറഞ്ഞിട്ടുണ്ടോ ഇല്ലയോ എന്ന് മന്ത്രി പറയട്ടെ എന്ന് ഗോഹിൽ പറഞ്ഞിട്ടും ധൻഖർ അംഗീകരിച്ചില്ല.
കോടതി സംസാരിക്കുന്നത് അതിന്റെ വിധികളിലൂടെയാണെന്ന് ചെയർമാൻ പറഞ്ഞു. വാദംകേൾക്കലിനിടയിൽ വരുന്ന പ്രതികരണങ്ങൾ വിധിന്യായങ്ങളല്ല. സുപ്രീംകോടതി ആവർത്തിച്ച് സൂചിപ്പിച്ചതാണിത്. അത്തരം നിരീക്ഷണങ്ങളുടെ ഉദ്ദേശ്യമെന്താണെന്ന് സുപ്രീംകോടതി വിധികളിലുണ്ട്. അതിനാൽ കോടതിയുടെ നിരീക്ഷണങ്ങൾ ‘ബാർ ആൻഡ് ബെഞ്ച്’ പോർട്ടലിൽനിന്ന് ഉദ്ധരിച്ച നടപടി തെറ്റാണ്. അതിനാൽ കോടതി പറഞ്ഞതിന് ആധികാരിക രേഖ വ്യാഴാഴ്ചതന്നെ നൽകണമെന്ന് ജഗ്ദീപ് ധൻഖർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.