മഹാരാഷ്ട്രയിൽ അടിയന്തര ഇടപെടലിന് വിസമ്മതിച്ച് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: മഹാരാഷ്ട്രയിലെ രാഷ്ട്രീയ സംഭവവികാസങ്ങളിൽ സുപ്രീംകോടതി അടിയന്തര ഇടപെടലിന് വിസമ്മതിച്ചു. മഹാരാഷ്ട്രയിലെ വിഷയങ്ങളോട് കണ്ണടക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ഹരജികൾ ജൂലൈ 11ന് വീണ്ടും പരിഗണിക്കും.
വിമതരെ അയോഗ്യരാക്കണമെന്നും നാളെ സഭയിൽ പ്രവേശിപ്പിക്കരുതെന്നും ആവശ്യപ്പെട്ടാണ് ഉദ്ധവ് താക്കറെ പക്ഷം സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. എന്നാൽ, അടിയന്തര ഇടപെടലിന് കോടതി വിസമ്മതിച്ചതോടെ നിയമസഭ സമ്മേളനത്തിന് തടസ്സമില്ലാതായി.
ഏക്നാഥ് ഷിൻഡെ അടക്കം 16 എം.എൽ.എമാരെ അയോഗ്യരാക്കാനുള്ള ഹരജി നേരത്തെ സുപ്രീംകോടതിയുടെ പരിഗണനയിൽ ഉണ്ട്. ഇവരെ നിയമസഭയിൽ പ്രവേശിപ്പിക്കരുത് എന്ന ആവശ്യവുമായി രണ്ടാമത് ഹരജി നൽകുകയായിരുന്നു. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
നാടകീയ നീക്കങ്ങൾക്കൊടുവിൽ ശിവസേന വിമത നേതാവ് ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായും ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായും ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. രാത്രി ഏഴരക്ക് രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞ.
ബി.ജെ.പിയുടെ 106 പേരുടെയും 39 വിമതരുടെയും സ്വതന്ത്രരും ചെറുപാർട്ടികളും ഉൾപ്പെടെ 16 എം.എൽ.എമാരുടെയും പിന്തുണ കത്താണ് ഗവർണർക്ക് നൽകിയത്. നാളെ വിശ്വാസവോട്ട് നേടാൻ ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്നുതന്നെ സ്പീക്കറെയും തെരഞ്ഞെടുക്കും. ഗോവയിൽ കഴിയുന്ന വിമത എം.എൽ.എമാർ വിശ്വാസ വോട്ടിനേ എത്താൻ സാധ്യതയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.