മുസ്ലിംകൾക്കെതിരായ ആൾക്കൂട്ട ആക്രമണങ്ങളിൽ സുപ്രീംകോടതി; കേന്ദ്രവും സംസ്ഥാനങ്ങളും മറുപടി നൽകണം
text_fieldsന്യൂഡൽഹി: രാജ്യത്ത് മുസ്ലിംകൾക്കെതിരെ ആൾക്കൂട്ട ആക്രമണങ്ങൾ വർധിക്കുന്നതിനെതിരായ ഹരജിയിൽ മറുപടി നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും മഹാരാഷ്ട്ര, ഒഡിഷ, രാജസ്ഥാൻ, ബിഹാർ, മധ്യപ്രദേശ്, ഹരിയാന പൊലീസ് മേധാവികളോടും സുപ്രീംകോടതി ആവശ്യപ്പെട്ടു. മുസ്ലിംകൾക്കെതിരെ പ്രത്യേകിച്ചും ഗോരക്ഷയുടെ പേരിൽ നടക്കുന്ന ആൾക്കൂട്ട ആക്രമണങ്ങളുടെ വർധനവിൽ ആശങ്ക പ്രകടിപ്പിച്ച് ദേശീയ മഹിള ഫെഡറേഷൻ (എൻ.എഫ്.ഐ.ഡബ്ല്യു) സമർപ്പിച്ച ഹരജിയിൽ വിശദവാദം കേൾക്കാൻ സമ്മതിച്ചാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്.
ആൾക്കൂട്ട ആക്രമണ കേസുകളിൽ ഹൈകോടതികളുടെ ഇടപെടൽ പരാജയമാണെന്ന് എൻ.എഫ്.ഐ.ഡബ്ല്യുവിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ബോധിപ്പിച്ചു. സുപ്രീംകോടതി ഹൈകോടതിയിൽ പോകാൻ പറഞ്ഞാൽ ഒരു മാറ്റവുമുണ്ടാകില്ല. ഇത്രയും ഹൈകോടതികളിൽ തങ്ങൾ പോകേണ്ടി വരും. അതുകൊണ്ട് ഇരകൾക്കെന്ത് കിട്ടാനാണ്. 10 വർഷത്തിന് ശേഷം രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം കിട്ടും. തഹ്സീൻ പൂനാവാല കേസിലെ സുപ്രീംകോടതി വിധിക്ക് ശേഷവും ഇതാണവസ്ഥ. എവിടെയാണിനി തങ്ങൾ പോകേണ്ടതെന്ന് ചോദിച്ച സിബൽ ഏറെ ഗുരുതരമായ വിഷയമാണിതെന്ന് ഓർമിപ്പിക്കുകയും ചെയ്തു.
‘ഒരു മുഴംമുന്നേ’ വാദിച്ച് കപിൽ സിബൽ
വാദം മുഖവിലക്കെടുത്ത്, കക്ഷികളായ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും സംസ്ഥാന പൊലീസ് മേധാവികൾക്കും നോട്ടീസ് അയക്കാൻ ജസ്റ്റിസ് ഗവായ് നിർദേശം നൽകി. ഹൈകോടതിയിലേക്ക് പോകാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് സിബൽ മുൻകൂട്ടി ഉത്തരം നൽകുകയായിരുന്നു. നേരത്തെ തങ്ങൾ സുപ്രീംകോടതിയിൽ സമീപിച്ചപ്പോൾ, ഹൈകോടതിയിലേക്ക് പോകാനാണ് നിർദേശിച്ചിരുന്നതെന്നും ഇതേ നിർദേശം വരുമെന്ന് മുൻകൂട്ടി കണ്ടാണ്, ആദ്യമേ അക്കാര്യം ബോധിപ്പിച്ചതെന്നും സിബൽ തുടർന്നു.
‘രണ്ടു മാസത്തിനുള്ളിൽ ഒട്ടേറെ ആക്രമണങ്ങൾ’
മുസ്ലിംകൾക്കെതിരായ ആൾക്കൂട്ട ആക്രമണം, വിശേഷിച്ചും ഗോരക്ഷയുടെ പേരിൽ വർധിക്കുകയാണെന്ന് സി.പി.ഐ സംഘടനയായ മഹിള ഫെഡറേഷൻ ബോധിപ്പിച്ചു.ഗോമാംസ കടത്ത് ആരോപിച്ച് ബിഹാറിലെ സരണിലും രണ്ട് പശുക്കളെ വാഹനത്തിൽ കൊണ്ടുപോകുകയായിരുന്ന ദിവസവേതനക്കാരന് നേരെ മഹാരാഷ്ട്രയിലെ നാസികിക്കിലും രണ്ട് മുസ്ലിംകൾക്ക് നേരെ ഒഡിഷ തലസ്ഥാനമായ ഭുവനേശ്വറിലും ഹജജ് തീർഥാടകർക്ക് നേരെ രാജസ്ഥാനിലെ കോട്ടയിലും അരങ്ങേറിയ ആൾക്കൂട്ട ആക്രമണങ്ങൾ ഹരജിയിൽ വിശദീകരിച്ചു. കേവലം രണ്ടു മാസത്തിനുള്ളിൽ രാജ്യത്ത് നടന്ന ആൾക്കൂട്ട ആക്രമണങ്ങളാണിതെന്ന് സംഘടന ബോധിപ്പിച്ചു.
‘വ്യാജപ്രചാരണങ്ങളുടെ അനന്തരഫലം’
പൊതുപരിപാടികളിലും സമൂഹ മാധ്യമങ്ങളിലും വാർത്താ ചാനലുകളിലും സിനിമകളിലും ന്യൂനപക്ഷത്തിനെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളുടെ അനന്തരഫലമാണ് ആൾക്കൂട്ടങ്ങളുടെയും ഗോരക്ഷകരുടെയും ആക്രമണങ്ങൾ എന്ന് ഹരജി തുടർന്നു. പൊതുവായ വർഗീയ വിദ്വേഷത്തിന്റെ വിഷം ജനങ്ങളിൽ വലിയൊരു വിഭാഗം ഉള്ളിലാക്കിയിരിക്കുന്നു. ഈ വെറുപ്പാണ് ആൾക്കൂട്ട കൊലയുടെയും ആക്രമണങ്ങളുടെയും ഹേതു. എന്നിട്ടും കേവലം എഫ്.ഐ.ആറുകൾ ഇടുന്നതിലപ്പുറം സംസ്ഥാന സർക്കാറുകൾ ഒരു നടപടിയും സ്വീകരിക്കുന്നില്ല.
സുപ്രീംകോടതി വിധിയുണ്ടായിട്ടും ഈ ആക്രമണങ്ങൾ തടയുന്നതിലും ആവർത്തിക്കാതിരിക്കാനുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിലും സർക്കാറുകൾ തുടർച്ചയായി പരാജയപ്പെടുകയാണ്. തഹ്സീൻ പൂനാവാല കേസിൽ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ കർശന നടപടി വേണമെന്നാണ് എൻ.എഫ്.ഐ.ഡബ്ല്യുവിന്റെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.