ഉമർ ഖാലിദിന്‍റെ ജാമ്യഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി
text_fieldsന്യൂഡൽഹി: ജയിലിൽ കഴിയുന്ന വിദ്യാർഥി നേതാവ് ഉമർ ഖാലിദിന്‍റെ ജാമ്യഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ, ജസ്റ്റിസ് ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഹരജി പരിഗണിക്കുന്നത് മാറ്റണമെന്ന് ഉമർ ഖാലിദിന്‍റെ അഭിഭാഷകൻ ആവശ്യപ്പെടുകയായിരുന്നു.
പൗരത്വ സമരത്തിന് നേതൃത്വം നൽകിയതിന് പിന്നാലെ കലാപ ഗൂഢാലോചനാ കേസിൽ പ്രതിയാക്കി യു.എ.പി.എ ചുമത്തപ്പെട്ട ഉമർ ഖാലിദ് 2020 സെപ്റ്റംബർ മുതൽ ജയിലിലാണ്. ഡൽഹി ഹൈകോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഉമർ ഖാലിദ് സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ പ്രാവശ്യം ജാമ്യഹരജി പരിഗണിച്ചപ്പോൾ ഡൽഹി പൊലീസ് കൂടുതൽ സമയം ആവശ്യപ്പെട്ടതോടെ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ഡൽഹി വംശഹത്യയിലേക്ക് നയിച്ച സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തി എന്നാരോപിച്ച് 2020 സെപ്റ്റംബർ 13നാണ് ഉമർഖാലിദിനെ അറസ്റ്റുചെയ്തത്. മതവികാരം വ്രണപ്പെടുത്തിയെന്നും രാജ്യതലസ്ഥാനത്ത് കലാപം അഴിച്ചുവിടാൻ ഗൂഢാലോചന നടത്തിയെന്നുമായിരുന്നു ആരോപണം. അന്നുമുതൽ ജയിലിൽ കഴിയുകയായിരുന്നു. യു.എ.പി.എക്കൊപ്പം ആയുധനിയമത്തിലെ വകുപ്പുകൾ പ്രകാരവും കേസ് എടുത്തിട്ടുണ്ട്. അതിനിടെ, കഴിഞ്ഞ ഡിസംബറിൽ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ കർശന ഉപാധികളോടെ ഒരാഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.