ഗുജറാത്ത് പൊലീസിനും ഹൈകോടതിക്കും സുപ്രീംകോടതി വിമർശനം
text_fieldsന്യൂഡൽഹി: പറഞ്ഞത് ഇഷ്ടമായില്ലെങ്കിലും അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കാൻ ജഡ്ജിമാർ ബാധ്യസ്ഥരാണെന്ന് സുപ്രീംകോടതി രാജ്യത്തെ കോടതികളെ ഓർമിപ്പിച്ചു. അഭിപ്രായസ്വാതന്ത്ര്യം അരക്കിട്ടുറപ്പിക്കുന്ന നിർണായക വിധിയിൽ സമൂഹമാധ്യമത്തിൽ കവിത പങ്കുവെച്ചതിന് ഉർദു കവിയും കോൺഗ്രസ് രാജ്യസഭാംഗവുമായ ഇംറാൻ പ്രതാപ്ഗഡിക്കെതിരെ ഗുജറാത്ത് പൊലീസ് ഫയൽ ചെയ്ത ക്രിമിനൽ കേസ് റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ ഓർമപ്പെടുത്തൽ. കവിത പങ്കുവെച്ചതിന് കേസ് എടുത്ത ഗുജറാത്ത് പൊലീസിനെയും റദ്ദാക്കാൻ വിസമ്മതിച്ച ഗുജറാത്ത് ഹൈകോടതിയെ കൂടി വിമർശിച്ചാണ് ജസ്റ്റിസുമാരായ അഭയ് എസ്. ഓക ഉജ്ജൽ ഭുയാൻ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിധി.
അഭിപ്രായ സ്വാതന്ത്ര്യം അന്തസ്സാർന്ന ജീവിതത്തിന്
സ്വതന്ത്രമായ അഭിപ്രായ പ്രകടനവും ചിന്തയും പരിഷ്കൃത സമൂഹത്തിന്റെ അവിഭാജ്യഘടകമാണെന്ന് കോടതി പറഞ്ഞു. ഇതില്ലാതെ ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പ് നൽകുന്ന അന്തസ്സാർന്ന ജീവിതം നയിക്കാൻ സാധ്യമല്ല. ആരോഗ്യകരമായ ജനാധിപത്യത്തിൽ ഒരു വ്യക്തിയോ സംഘമോ പ്രകടിപ്പിച്ച അഭിപ്രായങ്ങളെയും കാഴ്ചപ്പാടുകളെയും മറ്റൊരു കാഴ്ചപ്പാടുകൊണ്ടാണ് നേരിടേണ്ടത്. ഒരാളുടെ കാഴ്പ്പാടിനെ ഭൂരിപക്ഷത്തിനും ഇഷ്ടപ്പെട്ടില്ലെങ്കിൽ പോലും തന്റെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള ആ വ്യക്തിയുടെ അവകാശം മാനിക്കുകയും സംരക്ഷിക്കുകയും ചെയ്യണം.
കവിതയും നാടകവും സ്റ്റേജ് ഷോകളും ആക്ഷേപഹാസ്യവും കലയുമെല്ലാമാണ് മനുഷ്യജീവിതത്തെ അർഥപൂർണമാക്കുന്നത്. അതിനാൽ കോടതികൾ ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ നടപ്പാക്കാൻ ബാധ്യസ്ഥരാണെന്നും ഭരണഘടനയുടെ 19(2) അനുച്ഛേദം അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനു മേൽ 19(1) അനുച്ഛേദം നിഴൽ വീഴ്ത്തരുതെന്നും കോടതി ഓർമിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.