എം.പി, എം.എൽ.എമാർക്കുള്ള പ്രത്യേക പരിരക്ഷയിൽ സുപ്രീം േകാടതി; ക്രിമിനൽ കുറ്റങ്ങൾക്ക് ബാധകമല്ല
text_fieldsന്യൂഡൽഹി: പാർലമെന്റിലെയും നിയമസഭകളിലെയും അഭിപ്രായ സ്വാതന്ത്ര്യത്തിന് ഭരണഘടന നൽകുന്ന പ്രോസിക്യൂഷൻ നടപടികളിൽ നിന്നുള്ള പരിരക്ഷ ക്രിമിനൽ കുറ്റകൃത്യങ്ങൾക്ക് ബാധകമല്ലെന്ന് സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച്.
അതേസമയം കോഴ വാങ്ങി ഒരു എം.പിയോ എം.എൽ.എയോ പാർലമെന്റിലോ നിയമസഭകളിലോ ചെയ്യുന്ന വോട്ടോ പ്രവൃത്തിയോ അസാധുവാകില്ലെന്നും കോഴ വാങ്ങിയതിന് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയാൽപോലും അംഗത്തിന്റെ വോട്ടും പ്രവൃത്തിയും സാധുവായിരിക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
1988ൽ വോട്ടിന് കോഴ വാങ്ങിയെന്ന നരസിംഹ റാവു കേസിൽ സുപ്രീംകോടതി വിധി പുനഃപരിശോധിക്കാൻ ഭരണഘടന അനുച്ഛേദം 105(2) പരിശോധിക്കേണ്ട കാര്യമില്ലെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
നിയമനിർമാണ സഭകളിലെ പ്രവൃത്തിക്ക് ജനപ്രതിനിധികൾ കോഴ വാങ്ങിയാൽ ആ പ്രവൃത്തി ചെയ്തുകൊടുക്കുന്നതോടെ കുറ്റകരമാകില്ലെന്ന നരസിംഹറാവു കേസിലെ ഭൂരിപക്ഷ വിധി പുനഃപരിശോധിക്കുന്നതിനിടയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
പാർലമെന്റിലെയും നിയമസഭകളിലെയും ഉത്തരവാദിത്ത നിർവഹണത്തിന്റെ പേരിൽ എം.പിയോ എം.എൽ.എയോ കൈക്കൂലി വാങ്ങുന്നത് ജനപ്രതിനിധി സഭയിൽ അവർക്കുള്ള പ്രത്യേക സംരക്ഷണത്തിന്റെ അതിർവരമ്പ് കണക്കിലെടുക്കാതെ കുറ്റകരമായി കണക്കാക്കണോ എന്നതാണ് ചോദ്യമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ജനപ്രതിനിധികൾക്ക് പ്രത്യേക പരിരക്ഷ നൽകുന്ന ഭരണഘടനാ അനുച്ഛേദം 105(2) വ്യാഖ്യാനിച്ചായിരുന്നു നരസിംഹ റാവു കേസിലെ വിധി. ഈ വിധി പുനഃപരിശോധിക്കാനെന്ന പേരിൽ പാർലമെന്റിന്റെ പരിരക്ഷയിൽ ഇടപെടരുതെന്ന് മുതിർന്ന അഭിഭാഷകൻ രാജു രാമചന്ദ്രൻ ആവശ്യപ്പെട്ടപ്പോൾ നിയമ നിർമാണ സഭകളിൽ അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും അതിന്റെ പേരിൽ പ്രോസിക്യൂഷൻ നടപടി പറ്റില്ലെന്നും എന്നാൽ ക്രിമിനൽ കുറ്റകൃത്യങ്ങൾ ഇതിന്റെ പരിധിയിൽ വരില്ലെന്നും ചീഫ് ജസ്റ്റിസ് മറുപടി നൽകി.
അംഗങ്ങൾ ഫർണിച്ചർ എടുത്തെറിഞ്ഞ കേരള നിയമസഭയിലെ കൈയാങ്കളി ഓർമിപ്പിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് 2.22 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഇതുമൂലമുണ്ടായതെന്ന് ചൂണ്ടിക്കാട്ടി. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ കുരുമുളക് സ്പ്രേ തളിച്ചത് അഡ്വ. രാജു രാമചന്ദ്രനും അനുസ്മരിച്ചു.
എന്നാൽ, ദുരുപയോഗത്തിന്റെ ആശങ്കക്കിടയിലും ഭരണഘടന പാർലമെന്റിന് നൽകുന്ന ചരിത്രപരമായ സംരക്ഷണം തുടരണമെന്ന് രാജു രാമചന്ദ്രൻ വാദിച്ചു. പാർലമെന്റിലെയും നിയമസഭകളിലെയും ഉത്തരവാദിത്ത നിർവഹണത്തിന്റെ പേരിൽ എം.പിയോ എം.എൽ.എയോ കൈക്കൂലി വാങ്ങുന്നത് ജനപ്രതിനിധി സഭയിൽ അവർക്കുള്ള പ്രത്യേക സംരക്ഷണത്തിന്റെ അതിർവരമ്പ് കണക്കിലെടുക്കാതെ കുറ്റകരമായി കണക്കാക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.
വാങ്ങിയ കൈക്കൂലിക്ക് ആധാരമായ പ്രവൃത്തി നടന്നോ ഇല്ലേ എന്നത് അപ്രസക്തമാണെന്നും കൈക്കൂലി വാങ്ങിയോ എന്നതാണ് പ്രസക്തമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.
നരസിംഹ റാവു കേസിലെ വിധി
10ാം ലോക്സഭ തെരഞ്ഞെടുപ്പിൽ അധികാരത്തിലേറിയ പി.വി. നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറിനെതിരെ 1993 ജൂലൈയിൽ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നു. 251നെതിരെ 265 വോട്ട് നേടി നരസിംഹ റാവു സർക്കാർ അവിശ്വാസ പ്രമേയത്തെ അതിജീവിച്ചു.
എന്നാൽ പ്രമേയത്തിന്മേൽ വോട്ടുചെയ്യാനായി ചില എം.പിമാർ കോഴ വാങ്ങിയെന്ന പരാതിയിൽ സി.ബി.ഐ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തു. സുപ്രീംകോടതിയിൽ കേസ് എത്തിയപ്പോൾ, പാർലമെന്റിനകത്ത് ചെയ്ത വോട്ടിന് ഭരണഘടനയുടെ 105(2) അനുഛേദ പ്രകാരം എം.പിമാർക്ക് പ്രത്യേക പരിരക്ഷയുണ്ടെന്നായിരുന്നു ബെഞ്ചിന്റെ ഭൂരിപക്ഷ വിധി.
ലോക്സഭയിലെ വോട്ട് സഭയുടെ പ്രത്യേക അവകാശവുമായി ബന്ധപ്പെട്ടതായതിനാൽ അതുമായി ബന്ധപ്പെട്ട കേസിൽ ഇടപെടാൻ ഒരു കോടതിക്കും അവകാശമില്ലെന്നും അഴിമതി നിരോധന നിയമത്തിലെ 2(സി) വകുപ്പ് പ്രകാരമുള്ള ജനസേവകരുടെ പരിധിയിൽ എം.പിമാർ വരില്ലെന്നും സുപ്രീംകോടതി വിധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.