തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ; ബാബാ രാംദേവ് നേരിട്ട് ഹാജരാകണമെന്ന് കോടതി
text_fieldsന്യൂഡൽഹി: പതഞ്ജലി പരസ്യങ്ങൾ ഇടക്കാല ഉത്തരവിലൂടെ നിരോധിച്ചതിന് പിന്നാലെ ബാബാ രാംദേവിനോട് രണ്ടാഴ്ചക്കുള്ളിൽ നേരിട്ട് ഹാജരാകാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. പതഞ്ജലി ആയുർവേദിന്‍റെ മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയോടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, അഹ്‌സനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് ഇരുവരോടും നേരിട്ട് ഹാജരാകാൻ പറഞ്ഞത്.
ഔഷധ ചികിത്സകൾ സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തുടർച്ചയായി പ്രസിദ്ധീകരിച്ചതിന് പതഞ്ജലി ആയുർവേദിനെതിരെ നേരത്തെ കോടതിയലക്ഷ്യ നോട്ടീസ് നൽകിയിരുന്നു. നോട്ടീസിന് മറുപടി നൽകാത്തതിനാലാണ് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടത്. ഇത്തരം പരസ്യങ്ങൾ നൽകുന്നതിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പതഞ്ജലിയുടെ അഭിഭാഷകൻ കഴിഞ്ഞ നവംബറിൽ കോടതിയിൽ ഉറപ്പ് നൽകിയിട്ടും പതഞ്ജലി തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തുടർന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.
പതഞ്ജലി ആയുർവേദ് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രചരിപ്പിച്ചതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) നൽകിയ ഹർജിയെ തുടർന്നാണ് കോടതിയലക്ഷ്യ നോട്ടീസ്. രാജ്യത്തെയാകെ പറഞ്ഞു പറ്റിക്കുമ്പോൾ കേന്ദ്രം വിഷയത്തിൽ കണ്ണടച്ചിരിക്കുകയാണെന്ന് പറഞ്ഞ് കോടതി കേന്ദ്രത്തെ വിമർശിച്ചിരുന്നു. സർക്കാർ കണ്ണടച്ചിരിക്കുന്നത് ദൗർഭാഗ്യകരമാണെന്നും അവർ അടിയന്തരമായി നടപടിയെടുക്കണമെന്നും ബെഞ്ച് പറഞ്ഞു. പതഞ്ജലി തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം തുടർന്നാൽ ഓരോ പരസ്യത്തിനും ഒരു കോടി വീതം പിഴയിടുമെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.