സൗമ്യ വധം: ജസ്റ്റിസ് കട്ജു നേരിട്ട് ഹാജരാകണം; പുന:പരിശോധന ഹരജി മാറ്റി
text_fieldsന്യൂഡൽഹി: സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിക്ക് ഹൈകോടതി നൽകിയ വധശിക്ഷ ജീവപര്യന്തമാക്കിയ സുപ്രീംകോടതി വിധിക്കെതിരെ നൽകിയ പുനഃപരിശോധന ഹരജി പരിഗണിക്കുന്നത് നവംബർ 11ലേക്ക് മാറ്റി. കേരളാ സർക്കാറും സൗമ്യയുടെ അമ്മ സുമതിയും നൽകിയ ഹരജികളാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് മാറ്റിവെച്ചത്. കേസിൽ സംസ്ഥാന സർക്കാരിനായി ഹാജരായ അറ്റോർണി ജനറലിനോട് മുമ്പ് ഉന്നയിച്ച ചോദ്യങ്ങൾ മൂന്നംഗ ബെഞ്ച് ആവർത്തിച്ചു. വൈകിട്ട് മൂന്നേകാലിന് ആരംഭിച്ച വാദം ഒന്നേകാൽ മണിക്കൂറോളം നീണ്ടു.
വിധിയെ വിമർശിച്ച് സുപ്രീംകേടതി മുൻ ജഡ്ജി ജസ്റ്റിസ് മർക്കണ്ഡേയ കട്ജുവിെൻറ ഫേസ്ബുക് പോസ്റ്റ് റിവ്യൂഹരജിയായി പരിഗണിക്കാനും കോടതി തീരുമാനിച്ചു. കേസ് പരിഗണിക്കുന്ന വേളയിൽ കട്ജുവിനോട് നേരിട്ട് കോടതിയിൽ ഹാജരായി വിധിയിലെ തെറ്റുകൾ സംബന്ധിച്ച് വിശദീകരണം നൽകാനും സുപ്രീംകോടതി നിർദേശിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കട്ജുവിന് നോട്ടീസ് പുറപ്പെടുവിച്ചു. ദീപാവലിക്കു ശേഷം കട്ജുവുമായി സംവാദമാകാമെന്നും കോടതി വ്യക്തമാക്കി. വധശിക്ഷ ജീവപര്യന്തമാക്കിയ വിധിയിൽ സുപ്രീംകോടതിക്ക് തെറ്റുപറ്റിയെന്നായിരുന്നു കട്ജുവിന്റെ പോസ്റ്റ്.
ഗോവിന്ദച്ചാമി സൗമ്യയെ കൊലപ്പെടുത്തിയെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി വിധി പുറപ്പെടുവിച്ചത്. അതേസമയം, ബലാത്സംഗത്തിന് ജീവപര്യന്തം ശിക്ഷ നൽകിയ വിചാരണക്കോടതിയുടെയും ഹൈേകാടതിയുടെയും തീരുമാനത്തിൽ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
സൗമ്യ വധക്കേസില്‍ സുപ്രീംകോടതിക്ക് ഗുരുതര പിഴവ് പറ്റിയെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടത്. ഗോവിന്ദച്ചാമിക്കുമേല്‍ കൊലക്കുറ്റം ചുമത്തുന്നതിന് മതിയായ തെളിവുകളുണ്ടായിട്ടും സുപ്രീംകോടതി അത് പരിഗണിച്ചില്ല. വിധിപ്പകര്‍പ്പ് പൂര്‍ണമായും വായിച്ചാണ് താനീ അഭിപ്രായം പറയുന്നതെന്നും ബ്ലോഗില്‍ എഴുതിയ കുറിപ്പിലും മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലും കട്ജു പറഞ്ഞിരുന്നു.
വിശദമായി ഹൈകോടതി പുറപ്പെടുവിച്ച വിധി കൃത്യമായി അവലോകനം ചെയ്യാതെ ഏതാനും പേജുകളില്‍ വിധി പുറപ്പെടുവിക്കാന്‍ സുപ്രീംകോടതിക്ക് എങ്ങനെ കഴിഞ്ഞുവെന്ന് കട്ജു ചോദിച്ചു. ഹൈകോടതി വിധിച്ച കൊലക്കുറ്റം ഒഴിവാക്കിയത് ഗുരുതരമായ പിഴവാണ്. കൊലക്കുറ്റം ഒഴിവാക്കിയതിലൂടെ നീതിന്യായവ്യവസ്ഥിതിക്ക് തെറ്റായ സന്ദേശമാണ് സുപ്രീംകോടതി നല്‍കിയത്.
സുപ്രീംകോടതി വിധിയിലെ ഈ പിഴവ് തിരുത്താന്‍ ഉടന്‍ പുനഃപരിശോധന ഹരജി നല്‍കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാറിന് നിയമോപദേശം നല്‍കാന്‍ തയാറാണെന്നും അറിയിച്ചു. സൗമ്യയുടെ മരണത്തിനിടയാക്കിയ തലയിലെ രണ്ടാമത്തെ മുറിവ് ഉണ്ടാക്കിയത് ഗോവിന്ദച്ചാമി ആണെന്നതിന് തെളിവില്ലെന്ന് പറഞ്ഞാണ് സുപ്രീംകോടതി ഗോവിന്ദച്ചാമിയെ കൊലക്കുറ്റത്തില്‍ നിന്നൊഴിവാക്കിയത്. ആക്രമണത്തിനിടയില്‍ സൗമ്യ സ്വയം എടുത്തു ചാടിയതാകാമെന്നും വിധി പറയുന്നു. ട്രെയിനിനുള്ളില്‍ സൗമ്യയുടെ തല ബലംപ്രയോഗിച്ച് നാലഞ്ചു തവണ ഇടിപ്പിച്ചിട്ടുണ്ട്.
തലയില്‍ മാരകമായി ഏല്‍ക്കുന്ന ഏത് വലിയ പ്രഹരവും മരണത്തിന് കാരണമാകാം. അത്തരം ഘട്ടങ്ങളില്‍ അത് കൊലപാതകമായി കണക്കാക്കാമെന്ന് ഇന്ത്യന്‍ ശിക്ഷാനിയമത്തിന്‍െറ 300ാം വകുപ്പില്‍ പറയുന്നുണ്ട്. കൊല നടത്താനുള്ള ഉദ്ദേശമില്ലെങ്കിലും 300ാം വകുപ്പിലെ മൂന്നു നിര്‍വചനങ്ങള്‍ സ്ഥാപിക്കാനായാല്‍ കൊലക്കുറ്റം ചുമത്താനാകും. ട്രെയിനിനുള്ളില്‍ സൗമ്യയുടെ തല ചുവരില്‍ ഇടിപ്പിച്ചതും മരണത്തിലേക്ക് നയിക്കാവുന്ന കാരണങ്ങള്‍ തന്നെയാണ്.
ലേഡീസ് കമ്പാര്‍ട്ട്മെന്‍റില്‍നിന്ന് നിലവിളിയും ശബ്ദങ്ങളും കേട്ടിരുന്നതായും രണ്ടുപേര്‍ സാക്ഷി മൊഴി നല്‍കിയിരുന്നു. ഇവയൊന്നും പരിഗണിക്കാതിരുന്ന സുപ്രീംകോടതി സ്വയം ചാടിയതാണെന്ന് മധ്യവയസ്കനായ ഒരു വ്യക്തി പറഞ്ഞുവെന്ന് രണ്ട് സാക്ഷികള്‍ പറഞ്ഞത് കാര്യമായെടുക്കുകയും ചെയ്തു. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ള ഈ കാര്യം സുപ്രീംകോടതി എങ്ങനെ വിശ്വാസത്തിലെടുത്തുവെന്ന് കട്ജു ചോദിച്ചു. ഇത് വിധിയിലെ വലിയ പിഴവാണ്. വധശിക്ഷക്ക് വ്യക്തിപരമായി എതിരാണെങ്കിലും ഈ കേസില്‍ താനായിരുന്നു ജഡ്ജിയെങ്കില്‍ വധശിക്ഷയല്ലാതെ ശിക്ഷ വിധിക്കില്ലായിരുന്നുവെന്നും ജസ്റ്റിസ് കട്ജു വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.