ഒരു റാങ്ക്, ഒരു പെൻഷൻ കുടിശ്ശിക ഗഡുക്കളായി; പ്രതിരോധ മന്ത്രാലയത്തെ കുടഞ്ഞ് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: സായുധസേനയിലെ ‘ഒരു റാങ്ക്, ഒരു പെൻഷൻ’ (ഒ.ആർ.ഒ.പി) പദ്ധതിക്ക് യോഗ്യരായവർക്കുള്ള കുടിശ്ശിക സംബന്ധിച്ച്, കോടതി ഉത്തരവ് മറികടന്നുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനത്തിൽ രോഷം പ്രകടിപ്പിച്ച് സുപ്രീംകോടതി.
മന്ത്രാലയ സെക്രട്ടറിയുടെ അറിയിപ്പിൽ വിയോജിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ബെഞ്ച്, സെക്രട്ടറി തന്റെ നിലപാട് വിശദീകരിച്ച് സ്വന്തംനിലക്ക് സത്യവാങ്മൂലം നൽകണമെന്ന് ആവശ്യപ്പെട്ടു.
വിഷയത്തിലെ ജനുവരി 20ന്റെ സർക്കുലറിൽ കോടതി നടപടിയെടുക്കുമെന്ന് സെക്രട്ടറിയെ അറിയിക്കണമെന്ന് ബെഞ്ച് അഡീഷനൽ സോളിസിറ്റർ ജനറൽ എൻ.വി. വെങ്കടരമണനോട് പറഞ്ഞു. ഒ.ആർ.ഒ.പി പദ്ധതിയിലെ യോഗ്യരായവർക്ക് കുടിശ്ശിക നൽകാൻ മന്ത്രാലയത്തിന് മാർച്ച് 15വരെ സുപ്രീംകോടതി സമയം നൽകിയിരുന്നു. ജനുവരി ഒമ്പതിനായിരുന്നു ഈ ഉത്തരവ്. എന്നാൽ, നാലു വാർഷിക ഗഡുക്കളായി കുടിശ്ശിക തീർക്കുമെന്ന് കാണിച്ച് ജനുവരി 20ന് മന്ത്രാലയം ഉത്തരവിറക്കുകയായിരുന്നു. ഇതിനെതിരെ വിമുക്ത ഭടന്മാർ കോടതിയെ സമീപിച്ചു. മന്ത്രാലയം ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ കോടതിയലക്ഷ്യ നോട്ടീസ് നൽകുമെന്ന് ബെഞ്ച് അറിയിച്ചു.
ജുഡീഷ്യൽ സംവിധാനത്തിന്റെ പവിത്രത നിലനിർത്തേണ്ടത് ആവശ്യമാണ് -ബെഞ്ച് വ്യക്തമാക്കി. മാർച്ച് 15നകം കുടിശ്ശിക തീർത്തില്ലെങ്കിൽ ഒമ്പതുശതമാനം പലിശ കൂടി നൽകാൻ ഉത്തരവിടുമെന്ന് കോടതി പറഞ്ഞു.
മന്ത്രാലയത്തിന് ഇക്കാര്യത്തിൽ ആവശ്യമായ സമയം നൽകണമെന്ന് അഡീ. സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടു. തുടർന്ന് കോടതി കേസ് ഹോളി അവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റി.
മതിയായ പരിഷ്കരണങ്ങൾ നടത്താൻ മന്ത്രാലയം തയാറാകണമെന്ന് കോടതി പറഞ്ഞു. മാർച്ച് 15 വരെയാണ് നിങ്ങൾക്ക് നൽകിയ സമയം. എന്നിട്ട് നിങ്ങളെങ്ങനെയാണ് നാല് ഗഡുക്കളായി പണം നൽകും എന്ന ഉത്തരവിറക്കുക. കോടതി ഉത്തരവിനെ മറികടന്ന് എങ്ങനെയാണ് സെക്രട്ടറി ഭരണപരമായ സർക്കുലർ ഇറക്കുക? നിയമം കൈയിലെടുക്കാൻ മന്ത്രാലയത്തിന് ഒരു അധികാരവുമില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ പി.എസ്. നരസിംഹയും ജെ.ബി. പർദിവാലയും ബെഞ്ചിലുണ്ടായിരുന്നു.
22 ലക്ഷം പെൻഷൻകാരിൽ എട്ടുലക്ഷം പേർക്ക് പണം നൽകിയെന്നും ഇതിനായി 2,500 കോടി ചെലവിട്ടെന്നും കേന്ദ്രം അറിയിച്ചു. പണം പിടിച്ചുവെക്കാനല്ല ശ്രമിക്കുന്നത്. പല ഘട്ടങ്ങളിലായി കൊടുത്തു തീർക്കാനാണ് പദ്ധതി. മാർച്ച് 31ഓടെ കുടുംബ പെൻഷൻകാർക്ക് ഒറ്റത്തവണയായി പണം നൽകാൻ ആലോചനയുണ്ട്. -കേന്ദ്രം വ്യക്തമാക്കി.
കുടിശ്ശിക നൽകാനുള്ള തീയതി വീണ്ടും നീട്ടണമെന്നാവശ്യപ്പെട്ട് കേന്ദ്രം ഡിസംബറിൽ സുപ്രീംകോടതിയിലെത്തിയിരുന്നു. രണ്ടാം തവണയാണ് കോടതി കുടിശ്ശിക വിഷയത്തിൽ തീയതി നീട്ടി നൽകിയത്. കേന്ദ്രനിർദേശത്തിനെതിരെ വിമുക്തഭടന്മാരുടെ സംഘടന ഐ.ഇ.എസ്.എം നൽകിയ ഹരജിയിലാണ് 2022ൽ സുപ്രീം കോടതി ഇടപെടലുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.