23 ലക്ഷത്തോളം ആദിവാസികളെ ഒഴിപ്പിക്കാനുള്ള വിധിക്ക് സ്റ്റേ
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാർ ചുവടുമാറ്റിയതിനെ തുടർന്ന് 23 ലക്ഷത്തോളം ആദിവാസികളെ വനത്തിൽനിന്ന് കുടിയൊഴിപ്പിക്കാൻ പുറപ്പെടുവിച്ച വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ഇതുവരെ ഉറങ്ങുകയായിരുന്ന കേന്ദ്ര സർക്കാർ ഇപ്പോഴാണോ ഉണർന്നത് എന്ന് ചോദിച്ച് രൂക്ഷമായ വിമർശനമുന്നയിച്ച ശേഷമാണ് വിധി പുറപ്പെടുവിച്ച ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ആദിവാസികളെ പുറന്തള്ളാനുള്ള വിധിക്ക് സ്റ്റേ നൽകിയത്.
വനാവകാശ നിയമ പ്രകാരമുള്ള ആദിവാസികളുടെ അപേക്ഷ കൃത്യമായ നടപടിക്രമത്തിലൂടെയാണോ തള്ളിയത്, പുറന്തള്ളാനുള്ള ഉത്തരവ് ആദിവാസികളെ അറിയിച്ചോ എന്നീ കാര്യങ്ങൾ മാത്രമേ തങ്ങൾക്ക് ഇൗ ഘട്ടത്തിൽ പരിശോധിക്കാനാവുകയുള്ളൂ എന്ന് ജസ്റ്റിസ് അരുൺ മിശ്ര കേന്ദ്ര സർക്കാറിനോട് പറഞ്ഞു.
ഇതുവരെ ഉറങ്ങിയ നിങ്ങൾ ഇപ്പോൾ ഉണർന്നുവല്ലേ എന്ന് കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർമേത്തയോട് ജസ്റ്റിസ് മിശ്ര ചോദിച്ചു. വിധി തൽക്കാലം സ്റ്റേ ചെയ്യണമെന്ന കേന്ദ്ര സർക്കാറിെൻറയും ഗുജറാത്ത് സർക്കാറിെൻറയും ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. കേസ് ജൂലൈ 10ന് വീണ്ടും പരിഗണിക്കും.
ഒഡിഷ അടക്കമുള്ള സംസ്ഥാനങ്ങളിൽ വിധിക്കെതിരെ ആദിവാസികൾ പ്രതിഷേധങ്ങളുമായി വന്നതിനിടെയാണ് ആദിവാസികളെ വനത്തിൽനിന്ന് പുറന്തള്ളാൻ മൗനാനുവാദം നൽകിയ കേന്ദ്ര സർക്കാർ പിന്നീട് ആ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യവുമായി സുപ്രീംകോടതിയിലെത്തിയത്.
ആദിവാസികൾക്ക് വനഭൂമിയിൽ അവകാശം നൽകാൻ യു.പി.എ സർക്കാർ കൊണ്ടുവന്ന വനാവകാശ നിയമത്തിെൻറ സാധുതക്കെതിരെ ഏതാനും വന്യജീവി സംരക്ഷണ സംഘടനകൾ സമർപ്പിച്ച ഹരജിയിലാണ് 23 ലക്ഷത്തിൽപരം ആദിവാസികളെ വനത്തിൽനിന്ന് പുറത്താക്കാനുള്ള സുപ്രീംകോടതി ഉത്തരവ്.
പരമ്പരാഗതമായി വനഭൂമി കൈവശം വെച്ചിരിക്കുന്നവരെയും വനഭൂമിയിൽനിന്ന് പുറന്തള്ളണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. കേസ് ഇൗ മാസം 13ന് ഏറ്റവും ഒടുവിൽ പരിഗണിച്ചപ്പോഴും കേന്ദ്ര സർക്കാർ അഭിഭാഷകൻ ഹാജരാകാത്തതാണ് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചിെൻറ ഉത്തരവിൽ കലാശിച്ചത്.
യു.പി.എ സർക്കാർ കൊണ്ടുവന്ന വനാവകാശ നിയമപ്രകാരം 42.17 ആദിവാസി കുടുംബങ്ങൾ വനാവകാശത്തിന് സമർപ്പിച്ച അപേക്ഷയിൽ 18.89 ലക്ഷം കുടുംബങ്ങളുടെ അപേക്ഷകൾ മാത്രം സ്വീകരിക്കുകയും മറ്റുള്ളവയെല്ലാം തള്ളുകയുമാണ് ചെയ്തത്.
മതിയായ രേഖകളില്ലാത്ത ആദിവാസികളെ പുറന്തള്ളണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ പല സംസ്ഥാനങ്ങളും സുപ്രീംകോടതി നിർദേശിച്ചേപാലെ വനത്തിൽനിന്ന് പുറന്തള്ളാനുള്ളവരുടെ പട്ടിക കൈമാറിയിട്ടുണ്ട്.
സുപ്രീംകോടതിയുടെ നിലവിലുള്ള കണക്ക് പ്രകാരം ഏറ്റവും കൂടുതൽ ആദിവാസി കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടത് മധ്യപ്രദേശും കുറവ് കേരളവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.