ഗ്യാൻവാപി പള്ളി ജലധാര പരിശോധന സുപ്രീംകോടതി മരവിപ്പിച്ചു
text_fieldsന്യൂഡൽഹി: ശിവലിംഗമാണെന്ന് ‘ഹിന്ദുത്വ’ പക്ഷം അവകാശപ്പെട്ട വാരാണസി ഗ്യാൻവാപി പള്ളിയിലെ വുദുഖാനയിലെ ജലധാരയുടെ കാലപ്പഴക്കം നിർണയിക്കാൻ ശാസ്ത്രീയ പരിശോധന വേണമെന്ന അലഹബാദ് ഹൈകോടതി വിധി സുപ്രീംകോടതി താൽക്കാലികമായി മരവിപ്പിച്ചു. കേന്ദ്ര സർക്കാറിനും ഉത്തർപ്രദേശ് സർക്കാറിനും വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ എതിർപ്പ് പരിഗണിച്ചാണ് വിധി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇനിയൊരുത്തരവ് വരെ മരവിപ്പിച്ചത്.
അലഹബാദ് ഹൈകോടതി ഉത്തരവ് സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ഗ്യാൻവാപി പള്ളി കമ്മിറ്റിയുടെ അപ്പീലിന് മറുപടി നൽകാൻ കേന്ദ്ര സർക്കാറിനോടും യു.പി സർക്കാറിനോടും നിർദേശിച്ചു. മേയ് 22ന് കാർബൺ പരിശോധന നടത്താനിരിക്കുകയാണെന്നും അത് തടയണമെന്നും പള്ളി നടത്തിപ്പുകാരായ അഞ്ചുമൻ ഇൻതിസാമിയ മസ്ജിദ് പരിപാലനകമ്മിറ്റിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹുസൈഫ അഹ്മദി ആവശ്യപ്പെട്ടപ്പോൾ ഈ വിഷയം ശ്രദ്ധയോടെ പരിശോധിക്കേണ്ടതല്ലേ എന്ന് ചീഫ് ജസ്റ്റിസ് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ചോദിച്ചു.
അതെയെന്ന് മറുപടി നൽകിയ എസ്.ജി ഒരു കൂട്ടർ ശിവലിംഗമാണെന്നും മറുവിഭാഗം ജലധാരയാണെന്നും പറയുന്ന നിർമിതിക്ക് ഒരു തകരാറും പറ്റരുതെന്നും കൂട്ടിച്ചേർത്തു. ഗ്യാൻവാപി പള്ളിയിലെ വുദുഖാനയിലെ ജലധാര ശിവലിംഗമാണെന്ന തർക്കത്തിന് ബലം നൽകുന്ന തരത്തിൽ കാർബൺ പരിശോധനക്കുള്ള വാരാണസി കോടതി ഉത്തരവിനെതിരായ അപ്പീൽ നിലനിൽക്കുമ്പോഴാണ് അലഹബാദ് ഹൈകോടതി വിധിയെന്ന് അഹ്മദി ബോധിപ്പിച്ചു. എസ്.ജിയുടെ നിലപാടിന് അദ്ദേഹം നന്ദി പറഞ്ഞു.
പള്ളി കമ്മിറ്റിയുടെ പ്രത്യേകാനുമതി ഹരജി ആദ്യ ഹരജിക്കൊപ്പം കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി. അതിനിടെ സുപ്രീംകോടതി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് തേടണമെന്ന് ‘ഹിന്ദു കക്ഷികൾ’ക്ക് വേണ്ടി ഹാജരായ അഡ്വ. വിഷ്ണു ശങ്കർ ജെയിൻ ആവശ്യപ്പെട്ടു. എന്നാൽ സോളിസിറ്റർ ജനറൽ നിർദേശത്തെ എതിർത്തു. സോളിസിറ്റർ ജനറലിന്റെ വാദം അംഗീകരിച്ച് സാഹചര്യം പരിഗണിച്ച് അലഹബാദ് ഹൈകോടതി ഉത്തരവ് മരവിപ്പിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് ആവർത്തിച്ചു.
അതിനിടെകേന്ദ്ര സർക്കാർ എ.എസ്.ഐയുമായി കൂടിയാലോചന നടത്തുമെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് കൂട്ടിച്ചേർത്തു. തർക്കത്തിൽ സുപ്രീംകോടതിക്ക് അൽപം ശ്രദ്ധയോടെ നീങ്ങേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. പ്രശ്നപരിഹാരത്തിന് തങ്ങൾക്ക് മുന്നിലുള്ള വഴികൾ എന്തെന്ന് കേന്ദ്രവും യു.പിയും ആലോചിക്കണമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
പരിശോധന നിയമവിരുദ്ധം -ഹുസൈഫ അഹ്മദി
ന്യൂഡൽഹി: ഗ്യാൻവാപി പള്ളിയിലെ വുദുഖാനയിലെ ജലധാര ശിവലിംഗമാണെന്ന തർക്കത്തിന് തുടക്കമിട്ട വാരാണസി കോടതി വിധിക്കെതിരായ അപ്പീൽ തെളിവുകൾ പരിശോധിച്ച് തീർപ്പാക്കാതെ ശിവലിംഗമാണെന്ന അനുമാനത്തിൽ തുടർ ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് നിയമവിരുദ്ധമാണെന്ന് മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ ഹുസൈഫ അഹ്മദി ബോധിപ്പിച്ചു. ജലധാര ‘ശിവലിംഗ’മാണ് എന്നതിന് ആധാരമായി പറയുന്ന സർവേ റിപ്പോർട്ട് എ.എസ്.ഐയുടെ ആധികാരിക റിപ്പോർട്ടല്ല.
ആ സർവേ റിപ്പോർട്ട് മേയ് 11നാണ് യു.പിയിലെ വാരാണസി കോടതിയിൽ സമർപ്പിച്ചത്. 52 പേജുള്ള ആ റിപ്പോർട്ട് വായിച്ചു നോക്കാനും മറുപടി നൽകാനും സമയം ആവശ്യപ്പെട്ടപ്പോൾ അതിന് സാവകാശം നൽകാതെ വാരാണസി കോടതി പിറ്റേന്നുതന്നെ ഉത്തരവ് പുറപ്പെടുവിക്കുകയാണ് ചെയ്തത്. ഉത്തരവിനുമുമ്പ് പള്ളി കമ്മിറ്റിയുടെ ഭാഗം പറയാൻ കോടതി അവസരം തന്നിട്ടില്ല. ഏകപക്ഷീയമായ ഉത്തരവ് അംഗീകരിക്കാതെ അതിനെതിരെ പള്ളി കമ്മിറ്റി സമർപ്പിച്ച ഹരജിയിൽ ഇനിയും വാദം കേൾക്കാതിരിക്കുമ്പോൾ ജലധാര ശിവലിംഗമാണോ എന്ന ശാസ്ത്രീയ പരിശോധനക്ക് എങ്ങനെ സുപ്രീംകോടതി അനുവാദം നൽകുമെന്ന് ഹുസൈഫ അഹ്മദി ചോദിച്ചു. വാരാണസി കോടതിതന്നെ ശാസ്ത്രീയ പരിശോധനക്കുള്ള ഹിന്ദുത്വ പക്ഷത്തിന്റെ ആവശ്യം തള്ളിയതും ചൂണ്ടിക്കാട്ടി.
സാധാരണഗതിയിൽ ശാസ്ത്രീയ പരിശോധന നടത്തണമെങ്കിൽ ആ കേസിൽ അതിനുമുമ്പുള്ള നിയമനടപടികൾ പൂർത്തിയാക്കണം. എന്നാൽ, ആദ്യ കേസ് ഇപ്പോഴും വാദം കേൾക്കലിന്റെ ഘട്ടത്തിലാണ്. അവരുടെ പക്കലുള്ള രേഖകളെ കുറിച്ച് ഒരു ധാരണയുമില്ലാതെയാണ് അലഹബാദ് ഹൈകോടതി ഉത്തരവ്. ആദ്യമായി കോടതിക്ക് മുമ്പാകെ എത്തിയ തെളിവുകൾ പരിശോധിക്കണം. അത് പരിശോധിച്ച് ആവശ്യമെങ്കിൽ മാത്രമേ ശാസ്ത്രീയ പരിശോധന നടത്തേണ്ടതുള്ളൂവെന്നും അഹ്മദി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് മുമ്പാകെ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.