ടീസ്റ്റ കേസിൽ ഗുജറാത്ത് സർക്കാറിനും ഹൈകോടതിക്കും സുപ്രീംകോടതിയുടെ വിമർശനം
text_fieldsന്യൂഡൽഹി: മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെറ്റൽവാദിന്‍റെ ജാമ്യാപേക്ഷയില്‍ ഗുജറാത്ത് സര്‍ക്കാറിനും ഗുജറാത്ത് ഹൈകോടതിക്കും സുപ്രീംകോടതിയുടെ വിമര്‍ശനം. കേസിൽ രണ്ടുമാസമായി കുറ്റപത്രം സമര്‍പ്പിക്കാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ കൊലപാതകം പോലെ ഗുരുതരമല്ല. ജാമ്യം നല്‍കുന്നതിന് തടസമാകുന്ന കുറ്റങ്ങളൊന്നും എഫ്.ഐ.ആറില്‍ ഇല്ല. ജാമ്യഹരജിയിൽ നൽകിയ നോട്ടീസിന് മറുപടി നൽകാൻ ഗുജറാത്ത് സർക്കാറിന് ഹൈകോടതി ആറ് ആഴ്ച സമയം അനുവദിച്ചത് എന്തുകൊണ്ടെന്നും ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് സുധാംശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.
ഗുജറാത്ത് വംശഹത്യ കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരെ കുടുക്കാൻ വ്യാജ രേഖകൾ ചമച്ചുവെന്ന് ആരോപിച്ചാണ് ടീസ്റ്റ സെറ്റൽവാദിനെതിരെ കേസെടുത്ത് ജൂൺ 25ന് അറസ്റ്റ് ചെയ്തത്.
സുപ്രീംകോടതി ചൂണ്ടിക്കാട്ടിയ പ്രധാന കാര്യങ്ങൾ
1. പരാതിക്കാരി രണ്ട് മാസമായി കസ്റ്റഡിയിലാണ്. ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല.
2. സാകിയ ജഫ്രി കേസ് തള്ളി കോടതി നടത്തിയ നിരീക്ഷണങ്ങള്‍ക്കപ്പുറം ഒന്നും എഫ്.ഐ.ആറിൽ ഇല്ല.
3. ടീസ്റ്റയുടെ ജാമ്യാപേക്ഷയിൽ സർക്കാറിന്‍റെ മറുപടിക്കായി ആഗസ്റ്റ് മൂന്നിന് ഗുജറാത്ത് ഹൈകോടതി നൽകിയത് ആറ് ആഴ്ച സമയം.
4. കൊലപാതകമോ ദേഹോപദ്രവമോ പോലെയുള്ള ഗൗരവമായ കുറ്റമല്ല ചുമത്തിയത്, വ്യാജരേഖയുണ്ടാക്കിയെന്നുള്ളതാണ്.
5. ജാമ്യം നിഷേധിക്കുന്ന കുറ്റകൃത്യമില്ല.
ജാമ്യം നല്‍കാവുന്ന ഒരു കേസ് ഇതുപോലെ വലിച്ചുനീട്ടുനിന്നത് എന്തിനെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. കൊലപാതകം പോലെയോ യു.എ.പി.എ പോലെയോ ഉള്ള കുറ്റങ്ങളൊന്നും ചുമത്താത്ത ഒരു കേസില്‍ ഗുജറാത്ത് സര്‍ക്കാറിന്‍റെയും ഹൈകോടതിയുടെയും ഈ നടപടി ആശ്ചര്യപ്പെടുത്തുന്നു എന്നും ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു.
അവർ ഒരു സ്ത്രീയാണ്. ആറാഴ്‌ചയ്‌ക്ക് ശേഷം മറുപടി നൽകാൻ ഹൈകോടതി എങ്ങനെയാണ് സർക്കാറിന് നോട്ടീസ് നൽകിയത്? ഇതാണോ ഗുജറാത്ത് ഹൈകോടതിയിലെ സാധാരണ രീതി? സ്ത്രീ ഉൾപ്പെട്ട ഇത്തരം കേസുകളിൽ ഹൈകോടതി ഇങ്ങനെ ഇടപെട്ടിട്ടുണ്ടെങ്കിൽ അതിന്‍റെ വിശദാംശങ്ങൾ വേണം -ചീഫ് ജസ്റ്റിസ് പറഞ്ഞു.
കേസില്‍ ടീസ്റ്റ സെറ്റല്‍വാദിന് ഇടക്കാല ജാമ്യം നല്‍കുമെന്ന് ഇന്ന് സുപ്രീംകോടതി സൂചിപ്പിച്ചെങ്കിലും സോളിസ്റ്റര്‍ ജനറലിന്‍റെ അഭ്യർഥന അംഗീകരിച്ച് കേസ് നാളത്തേക്ക് മാറ്റിവെച്ചു. നാളെ ഉച്ചക്ക് രണ്ട് മണിക്ക് കേസ് വീണ്ടും പരിഗണിക്കും.
ഗുജറാത്ത് കലാപക്കേസിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി ഉൾപ്പടെയുള്ളവർക്കെതിരെ വ്യാജ തെളിവുണ്ടാക്കി എന്നാരോപിച്ചാണ് ഗുജറാത്ത് തീവ്രവാദ വിരുദ്ധസേന ടീസ്റ്റ സെറ്റൽവാദിനെതിരെ കേസ് എടുത്തത്. ഗുജറാത്ത് കലാപക്കേസിൽ മോദിയടക്കമുള്ളവരെ സുപ്രീംകോടതി കുറ്റവിമുക്തരാക്കിയിരുന്നു. കേസിൽ വ്യാജ ആരോപണങ്ങളും തെളിവുകളും ഉണ്ടാക്കിയവർക്കെതിരെ ഉചിതമായ നിയമനടപടിയെടുക്കണമെന്ന് കോടതി നിർദേശം നൽകിയുന്നു. ഇതിനു പിന്നാലെയാണ് ടീസ്റ്റയെ പൊലീസ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.