ബോണ്ടുകളിലെ നമ്പറെവിടെ?; എസ്.ബി.ഐയെ വിടാതെ സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഇലക്ടറൽ ബോണ്ടുകളുടെ മുഴുവൻ വിവരങ്ങളും കൈമാറാൻ വിധിച്ചിട്ടും ഓരോ ബോണ്ടിലെയും സവിശേഷ തിരിച്ചറിയൽ നമ്പർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വെളിപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ചോദിച്ചു. ബോണ്ടിന്റെ നമ്പർ വെളിപ്പെടുത്താതിരുന്നതിലൂടെ വിധി എസ്.ബി.ഐ പൂർണാർഥത്തിൽ നടപ്പാക്കിയില്ലെന്ന് കോടതി വിമർശിച്ചു. സവിശേഷ തിരിച്ചറിയൽ നമ്പർ (അൽഫ ന്യൂമെറിക് നമ്പർ) കൈമാറാത്തതിന് തിങ്കളാഴ്ചക്കകം എസ്.ബി.ഐ മറുപടി നൽകണം. വിഷയം തിങ്കളാഴ്ച വീണ്ടും സുപ്രീംകോടതി പരിഗണിക്കും.
‘സവിശേഷ തിരിച്ചറിയൽ നമ്പർ ’ വെളിപ്പെടുത്തിയാൽ ഓരോ രാഷ്ട്രീയ പാർട്ടികൾക്കും ലഭിച്ച ഇലക്ടറൽ ബോണ്ടുകൾ ആരുടേതാണെന്ന് വ്യക്തമാകുമെന്നും എന്നാൽ, എസ്.ബി.ഐ ആ വിവരം കൈമാറിയില്ലെന്നും മുതിർന്ന അഭിഭാഷകരായ കപിൽ സിബലും പ്രശാന്ത് ഭൂഷണുമാണ് സുപ്രീംകോടതിയുടെ ശ്രദ്ധയിൽകൊണ്ടുവന്നത്. ഹരീഷ് സാൽവെ വെള്ളിയാഴ്ച ഹാജരാകാതിരുന്നതിനാൽ എസ്.ബി.ഐയുടെ അഭിഭാഷകൻ ആരാണെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. എസ്.ബി.ഐ കേസിൽ കക്ഷിയല്ലെന്നും അപേക്ഷ കൊടുത്തതുകൊണ്ട് അവർ വന്നതാണെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത മറുപടി നൽകി.
ഇലക്ടറൽ ബോണ്ടുകളുടെ മുഴുവൻ വിവരങ്ങളും കൈമാറണമെന്ന് എസ്.ബി.ഐയോട് നിർദേശിച്ചതാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഓർമിപ്പിച്ചു. എല്ലാ വിശദാംശങ്ങളും സമർപ്പിക്കണമെന്ന് എസ്.ബി.ഐയോട് ആവശ്യപ്പെട്ടിരുന്നുവല്ലോ എന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചപ്പോൾ താൻ ബാങ്കിന് വേണ്ടിയല്ല, കേന്ദ്ര സർക്കാറിന് വേണ്ടിയാണ് ഹാജരാകുന്നതെന്ന് തുഷാർ മേത്ത പറഞ്ഞു.
ഓരോ ബോണ്ടിനും നമ്പറുണ്ടെന്ന് സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ എസ്.ബി.ഐ തന്നെ ബോധിപ്പിച്ചതാണെന്നും അവരത് വെളിപ്പെടുത്തണമെന്നും കപിൽ സിബൽ വാദിച്ചു. ഇതേത്തുടര്‍ന്ന് ഇതു സംബന്ധിച്ച് എസ്.ബി.ഐക്ക് നിർദേശം നൽകുന്ന ഉത്തരവ് പുറപ്പെടുവിക്കാൻ ചീഫ് ജസ്റ്റിസ് തുനിഞ്ഞപ്പോഴേക്കും ഇടപെട്ട സോളിസിറ്റർ ജനറൽ അവർക്ക് വല്ലതും പറയാനുണ്ടാകുമെന്നും അവരെ കേൾക്കണമെന്നും വാദിച്ചു. എസ്.ബി.ഐക്ക് നോട്ടീസ് അയക്കണമെന്ന് മേത്ത ആവർത്തിച്ചപ്പോൾ കപിൽ സിബലും അംഗീകരിച്ചു.
അതേസമയം പാർട്ടികൾ വാങ്ങിയ ബോണ്ടുകളുമായി ബന്ധപ്പെട്ട് മുദ്രവെച്ച കവറില്‍ തങ്ങള്‍ സമർപ്പിച്ച ഡേറ്റ അവയുടെ പകർപ്പില്ലാത്തതിനാൽ തിരികെ വേണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ ആവശ്യപ്പെട്ടു. കോടതി വിധി അനുസരിച്ച് മുഴുവൻ വിവരങ്ങളും സ്വന്തം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാനാണ് തിരികെ വാങ്ങുന്നതെന്നും കമീഷൻ ബോധിപ്പിച്ചു. രജിസ്ട്രാർ തന്ന വിവരങ്ങൾ സ്കാൻ ചെയ്ത് ഡിജിറ്റൽ രൂപത്തിൽ പകർത്തിയ ശേഷം ഒറിജിനൽ കമീഷന് നൽകാൻ കോടതി നിർദേശിച്ചു.
പേരുവെളിപ്പെടുത്താതെ വ്യക്തികൾക്കും കമ്പനികൾക്കും രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാനുള്ള സംവിധാനമായ ഇലക്ടറൽ ബോണ്ടുകൾ കോടതി അടുത്തിടെ നിർത്തലാക്കിയിരുന്നു. കഴിഞ്ഞ 5 വർഷമായി ബോണ്ട് വഴി നൽകിയ സംഭാവനകളെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും പങ്കിടാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ)യോട് സുപ്രീംകോടതി നിർദേശിക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് കൈമാറിയ ഇലക്ടറൽ ബോണ്ട് വിവരങ്ങൾ ഇന്നലെയാണ് തെരഞ്ഞെടുപ്പു കമീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. 2019 ഏപ്രിൽ 12 മുതൽ 2024 ഫെബ്രുവരി 15 വരെയുള്ള 22,217 ബോണ്ടുകളുടെ വിവരങ്ങളാണ് എസ്.ബി.ഐ നൽകിയത്.
പുറത്തുവന്ന വിവരം അനുസരിച്ച്, സാന്റിയാഗോ മാർട്ടിന്റെ ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽ സർവിസസ് പി.ആർ 1368 കോടി രൂപയും മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് 980 കോടിയും ക്വിക് സപ്ലൈ ചെയിൻ 410 കോടിയും ഇലക്ടറൽ ബോണ്ടുകൾ വാങ്ങി പാർട്ടികൾക്ക് സംഭാവന ചെയ്തു. ഉത്തരകാശിയിലെ സിൽക്യാരയിൽ തകർന്നു വീണ തുരങ്കത്തിന്റെ നിർമാതാക്കളായ നവയുഗ് കമ്പനിയും ബോണ്ട് വാങ്ങിയവരിൽപെടും.
ഇലക്ടറൽ ബോണ്ട് വാങ്ങിയ ചില പ്രമുഖ കമ്പനികൾ: ഗ്രാസിം ഇൻഡസ്ട്രീസ്, പിരാമൽ എന്റർപ്രൈസസ്, ടോറന്റ് പവർ, ഭാരതി എയർടെൽ, ഡി.എൽ.എഫ് കൊമേഴ്സ്യൽ ഡെവലപ്പേഴ്സ്, വേദാന്ത ലിമിറ്റഡ്, അപ്പോളോ ടയേഴ്സ്, ലക്ഷ്മി മിത്തൽ, പി.വി.ആർ, സുല വൈൻ, വെൽസ്പൺ, സൺ ഫാർമ, മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, പെഗാസസ് പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ്, ബജാജ് ഓട്ടോ ലിമിറ്റഡ്, ബജാജ് ഫിനാൻസ്, ഐ.ടി.സി, അൾട്രാ ടെക് സിമന്റ്, പ്രത്മേഷ് കൺസ്ട്രക്ഷൻസ്, ഷിർദിസായി ഇലക്ട്രിക്കൽസ്, ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡ്, എസ്.ഇ.പി.സി പവർ പ്രൈവറ്റ് ലിമിറ്റഡ്, ടി.വി.എസ് മോട്ടോർ കമ്പനി ലിമിറ്റഡ്, ബിർല കാർബൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഭരത് ബയോടെക് ഇന്റർനാഷനൽ.
ബോണ്ട് പണമാക്കിയ പ്രമുഖ പാർട്ടികൾ: ബി.ജെ.പി, കോൺഗ്രസ്, എ.ഐ.എ.ഡി.എം.കെ, ബി.ആർ.എസ്, ശിവസേന, ടി.ഡി.പി, വൈ.എസ്.ആർ കോൺഗ്രസ്, ഡി.എം.കെ, ജെ.ഡി.എസ്, എൻ.സി.പി, തൃണമൂൽ കോൺഗ്രസ്, ജെ.ഡി.യു, ആർ.ജെ.ഡി, ആപ്, സമാജ്വാദി പാർട്ടി, സിക്കിം ക്രാന്തികാരി മോർച്ച, ജെ.എം.എം, സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട്, ജമ്മു-കശ്മീർ നാഷണൽ കോൺഫറൻസ്, ബി.ജെ.ഡി, ഗോവ ഫോർവേഡ് പാർട്ടി, മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി, ശിവസേന. തങ്ങൾ ഇലക്ടറൽ ബോണ്ട് വഴി പണം വാങ്ങിയിട്ടില്ലെന്ന് സി.പി.എം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇലക്ടറൽ ബോണ്ട് വിവരങ്ങൾ വെളിപ്പെടുത്താൻ ജൂൺ 30 വരെ സമയം നീട്ടിനൽകണമെന്ന എസ്.ബി.ഐയുടെ അപേക്ഷ തിങ്കളാഴ്ചയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടന ബെഞ്ച് തള്ളിയത്. ലോക്സഭ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ബോണ്ട് വിവരങ്ങൾ പുറത്തുവരാതിരിക്കാൻ എസ്.ബി.ഐയെ മുന്നിൽ നിർത്തി കേന്ദ്രം നടത്തിയ നീക്കമാണ് ഇതിലൂടെ സുപ്രീംകോടതി പൊളിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 15ന് ഇലക്ടറൽ ബോണ്ടുകൾ ഭരണഘടന വിരുദ്ധമാണെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.