ജയ്ഷാക്കായി ബി.സി.സി.ഐ വ്യവസ്ഥ മാറ്റൽ: ഹരജി പുതിയ ബെഞ്ചിന്
text_fieldsന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാക്കും ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിക്കും ഭാരവാഹിത്വത്തിൽ തുടരാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബി.സി.സി.ഐ) ഭരണഘടന ഭേദഗതി ചെയ്യാനുള്ള ഹരജി സുപ്രീംകോടതി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ ബെഞ്ചിലേക്ക് മാറ്റി.
ആറു വർഷം തുടർച്ചയായി ഭാരവാഹിത്വത്തിലിരുന്നവരെ തുടർന്നുള്ള മൂന്നു വർഷം ഭാരവാഹികളാക്കരുതെന്ന വ്യവസ്ഥ പ്രസിഡന്റിനും സെക്രട്ടറിക്കും ബാധകമാക്കരുതെന്നാണ് ബി.സി.സി.ഐ സമർപ്പിച്ച ഹരജിയിലെ ആവശ്യം. ഇതിലൂടെ ആറു വർഷ കാലാവധി കഴിഞ്ഞ ജയ്ഷാക്ക് സെക്രട്ടറിയായും ഗാംഗുലിക്ക് പ്രസിഡന്റായും തുടരാൻ കഴിയും. ബി.സി.സി.ഐ ഉടച്ചുവാർക്കാൻ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ലോധ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഭാരവാഹിത്വം തുടർച്ചയായി ആറു വർഷത്തിൽ കൂടുതൽ ഒരാൾക്ക് നൽകേണ്ടെന്ന വ്യവസ്ഥ കൊണ്ടുവന്നത്.
മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിൽ അന്ന് കേസ് പരിഗണിച്ച ജഡ്ജിമാരിൽ സുപ്രീംകോടതിയിൽ അവശേഷിക്കുന്ന ഏക ജഡ്ജി ജസ്റ്റിസ് ചന്ദ്രചൂഡ് ആണെന്ന് ബുധനാഴ്ച കേസ് പരിഗണിച്ചപ്പോൾ ചീഫ് ജസ്റ്റിസ് എൻ.വി. രമണ വ്യക്തമാക്കി. 2018 ആഗസ്റ്റിൽ വിധി പുറപ്പെടുവിച്ച ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ഖാൻവിൽകറും വിരമിച്ചു. അതിനാൽ, ഹരജി ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ബെഞ്ചിലേക്ക് മാറ്റുകയാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയെ അറിയിക്കുകയായിരുന്നു.
ഈ കേസിൽ ആദ്യം അമിക്കസ് ക്യൂറി ആയിരുന്ന പി.എസ്. നരസിംഹ സുപ്രീംകോടതി ജഡ്ജിയായതിനാൽ തൽസ്ഥാനത്ത് മുൻ അഡീഷനൽ സോളിസിറ്റർ ജനറൽ മനീന്ദർ സിങ്ങാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.