മുഹർറം ഘോഷയാത്രക്ക് അനുമതി നിഷേധിച്ച് സുപ്രീംകോടതി
text_fields
ന്യൂഡൽഹി: രാജ്യത്ത് മുഹർറം ഘോഷയാത്രക്ക് അനുമതി നിഷേധിച്ച് സുപ്രീംകോടതി. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ഘോഷയാത്രക്ക് അനുമതി നൽകാനാവില്ലെന്നും വൈറസ് വ്യാപനമുണ്ടായാൽ അത് ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിടുന്നതിന് കാരണമാകുമെന്നും ചൂണ്ടിക്കാട്ടി. ശനി, ഞായർ ദിവസങ്ങളിൽ രാജ്യത്താകെ മുഹർറം ഘോഷയാത്രക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഉത്തർപ്രദേശിൽ നിന്നുള്ള സയ്യിദ് കൽബെ ജവാദ് നൽകിയ ഹരജിയിൽ വാദം കേൾക്കവെയാണ് സുപ്രീംകോടതിയുടെ പരാമർശം.
"രാജ്യത്തുടനീളം മുഹറം ഘോഷയാത്ര അനുവദിക്കുകയാണെങ്കിൽ അത് പലതരത്തിലുള്ള ആശങ്കകൾക്ക് കാരണമാകും. കൂടാതെ കോവിഡ് വ്യാപിച്ചതിന് ഒരു പ്രത്യേക സമൂഹത്തെ ലക്ഷ്യമിടും''-ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ പറഞ്ഞു.
എന്നാൽ രഥയാത്രക്ക് സുപ്രീംകോടതി അനുമതി നൽകിയിട്ടുണ്ടെന്ന് ഹരജിക്കാൻ ചുണ്ടിക്കാട്ടി.
പുരി ജഗന്നാഥ് ക്ഷേത്രത്തിലെ രഥയാത്രക്കാണ് അനുമതി നൽകിയതെന്നും അത് അവിടെ മാത്രമായി നടക്കുന്നതാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. അത്തരം സാഹചര്യത്തിൽ അവിടെ ഉണ്ടാകാനിടയുള്ള അപകടസാധ്യത വിലയിരുത്താനും അത് അനുസരിച്ച് ഉത്തരവ് പുറപ്പെടുവിക്കാനും കഴിയും. എന്നാൽ രാജ്യം മുഴുവനായും ആഘോഷിക്കുന്നതിനുള്ള പൊതുഉത്തരവാണ് ഹരജിക്കാരൻ ആവശ്യപ്പെടുന്നത്. ഇത്തരം സാഹചര്യത്തിൽ അത് സാധ്യമല്ലെന്നും ജസ്റ്റിസ് ബോബ്ഡെ അറിയിച്ചു.
''കോടതിക്ക് എല്ലാവരുടെയും ആരോഗ്യത്തെ അപകടപ്പെടുത്താൻ കഴിയില്ല. നിങ്ങൾ ഒരിടത്ത് ഘോഷയാത്ര നടത്താനുള്ള അനുമതിയാണ് ആവശ്യപ്പെട്ടിരുന്നെങ്കിൽ അപകടസാധ്യത വിലയിരുത്തി ഉത്തരവിറക്കാമായിരുന്നു.''- ജസ്റ്റിസ് ബോബ്ഡെ വ്യക്തമാക്കി.
ഷിയ സമുദായത്തിലെ ധാരാളം മുസ്‌ലിംകൾ യു.പി തലസ്ഥാനത്ത് താമസിക്കുന്നുണ്ടെന്നും അതിനാൽ ലഖ്‌നോവിൽ ഘോഷയാത്രക്ക് അനുമതി നൽകണമെന്നും ഹരജിക്കാരൻ അഭ്യർഥിച്ചു. ലഖ്‌നോവിൽ പരിപാടി നടത്തുന്നതിനുള്ള അനുമതിക്കായി അപേക്ഷകന് അലഹബാദ് ഹൈകോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.