ബാബരി മസ്ജിദ് അനുബന്ധ കേസ് വിശാല ഭരണഘടന ബെഞ്ചിന് വിടില്ല -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ബാബരി മസ്ജിദ്-രാമജന്മഭൂമി കേസുമായി ബന്ധപ്പെട്ട അനുബന്ധ കേസ് വിശാല ഭരണഘടനാ ബെഞ്ചിന് വിടില്ലെന്ന് സുപ്രീംകോടതി. ഇസ്‍ലാമില്‍ നമസ്കാരത്തിന് പള്ളി അവിഭാജ്യ ഘടകമല്ലെന്ന 1994ലെ ഇസ്മാഈൽ ഫാറൂഖി കേസിലെ അഞ്ചംഗ വിധി ഏഴംഗ ഭരണഘടന ബെഞ്ചിന് വിടണമെന്ന സുന്നി വഖഫ് ബോര്‍ഡിന്റെ ഹരജി സുപ്രീംകോടതി തള്ളി. മൂന്നംഗ ബെഞ്ചിൽ അംഗങ്ങളായ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കും ജസ്റ്റിസ് അശോക് ഭൂഷണും വേണ്ടി ഒറ്റവിധി പ്രസ്താവവും ജസ്റ്റിസ് എസ്. അബ്ദുൽ നസീർ പ്രത്യേക വിധിയുമാണ് പുറപ്പെടുവിച്ചത്.
മസ്ജിദ്/ക്ഷേത്രം/ക്രിസ്ത്യൻ പള്ളി അടക്കമുള്ള ആരാധനാലയങ്ങളുടെ ഭൂമി സർക്കാറിന് ഏറ്റെടുക്കാൻ അവകാശമുണ്ടോ എന്നതാണ് കോടതി 1994ൽ പരിശോധിച്ചത്. ഒരു ആരാധനാലയത്തിന്‍റെ ഭൂമി ഏറ്റെടുക്കുമ്പോൾ മാത്രമാണ് 1994ലെ ഫാറൂഖി കേസിലെ നിരീക്ഷണം പ്രസക്തമാവുക. ഫാറൂഖി കേസിലെ നിരീക്ഷണങ്ങൾ ബാബരി മസ്ജിദ്-രാമജന്മഭൂമി കേസിൽ പ്രസക്തമല്ല. അതിനാൽ ഈ വിധി പുനഃപരിശോധിക്കേണ്ടതില്ല. അയോധ്യയിലെ 2.77 ഏക്കർ തർക്ക ഭൂമിയുടെ ഉടമസ്ഥാവകാശം ആരുടെ പേരിലുള്ളതാണെന്ന ഹരജികളിൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിധി പുറപ്പെടുവിക്കുകയെന്നും ജസ്റ്റിസ് അശോക് ഭൂഷൺ വിധിയിൽ പറയുന്നു.
എന്നാൽ, ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെയും ജസ്റ്റിസ് അശോക് ഭൂഷണിന്‍റെയും വിധിയോട് ജസ്റ്റിസ് എസ്. അബ്ദുൽ നസീർ വിയോജിച്ചു. വിശാല ബെഞ്ചിന് വിടേണ്ട കേസാണിതെന്ന് ജസ്റ്റിസ് അബ്ദുൽ നസീർ വ്യക്തമാക്കി. ഈ വിഷയത്തിൽ ഒരു ഭരണഘടനാ ബെഞ്ചാണ് തീരുമാനം പ്രഖ്യാപിക്കേണ്ടത്. ഒരു മുസ് ലിം ആരാധനാലയം മതവിശ്വാസത്തിന്‍റെ അഭിവാജ്യ ഘടകമാണോ എന്ന ഭരണഘടനാ ബെഞ്ച് പരിശോധിക്കണം. 1994ലെ ഫാറൂഖി കേസിലെ നിരീക്ഷണം ബാബരി മസ്ജിദ് കേസിലെ വിധിയെ സ്വാധീനിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ബാബരി മസ്ജിദ് കേസിൽ മൂന്നംഗ ബെഞ്ച് മുമ്പാകെ ഒക്ടോബർ 29ന് വാദം തുടങ്ങും.
പള്ളിതര്‍ക്കവുമായി ബന്ധപ്പെട്ട 1994ലെ വിധിയില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് മുസ്ലിംകൾക്ക് നമസ്കരിക്കാൻ പള്ളി അത്യാവശ്യമെല്ലന്ന് പ്രസ്താവിച്ചത്. എവിടെവെച്ച് വേണമെങ്കിലും നമസ്കരിക്കാം. ഒത്തുച്ചേരലിന് വേണ്ടി മാത്രമാണ് പള്ളി. ആവശ്യമെങ്കില്‍ സര്‍ക്കാരിന് പള്ളികള്‍ ഏറ്റെടുക്കാമെന്നായിരുന്നു വിധിയില്‍ പറഞ്ഞിരുന്നത്. മുസ്‍ലിം സമുദായത്തോടുള്ള നീതികേടാണ് 94ലെ വിധിയിലെ പരാമര്‍ശങ്ങളെന്നും ആ വിധി പുനഃപരിശോധിക്കണമെന്നും സുന്നി വഖഫ് ബോര്‍ഡ് ഹരജിയിൽ ആവശ്യപ്പെട്ടത്. കേന്ദ്ര സർക്കാറും യു.പി സര്‍ക്കാരും ഈ വാദത്തെ എതിര്‍ത്തിരുന്നു.
ബാബരി മസ്ജിദ് സ്ഥിതി ചെയ്ത അയോധ്യയിലെ 2.77 ഏക്കർ ഭൂമി തുല്യമായി വീതിച്ചു കൊണ്ടുള്ള 2010 മേയിലെ അലഹബാദ് ഹൈകോടതി ലക്നോ ബെഞ്ചിന്‍റെ വിധി ചോദ്യം ചെയ്യുന്ന 14 ഹരജികളിലാണ് സുപ്രീംകോടതി ഒക്ടോബർ 29ന് വാദം കേൾക്കുക. മസ്ജിദ് നിലനിന്ന ഭൂമി ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡ്, ഹൈന്ദവ സംഘടനകളായ നിർമോഹി അഖാറ, രാംലാല എന്നിവർക്കായി വീതിച്ചു നൽകി അലഹബാദ് ഹൈകോടതി വിധി പുറപ്പെടുവിച്ചത്. രാമജന്മഭൂമി എന്ന് തെളിഞ്ഞതിനാൽ മുഴുവൻ ഭൂമിയും ഹിന്ദുക്കൾക്ക് നൽകണമെന്ന് ഹിന്ദു സംഘടനകളും മസ്ജിദ് നിലനിന്നതിനാൽ ഭൂമിയുടെ അവകാശം മുസ് ലിംകൾക്ക് നൽകണമെന്ന് മുസ് ലിം സംഘടനകളും ഹരജികളിൽ ചൂണ്ടിക്കാട്ടുന്നു. അതിനാൽ അലഹബാദ് ഹൈകോടതി വിധി റദ്ദാക്കണമെന്നാണ് മുഴുവൻ ഹരജിക്കാരുടെ വാദം.
ഈ ഹരജികളിലെ വാദത്തിനിടെയാണ് 1994ലെ ഫാറൂഖി കേസിൽ അഞ്ചംഗ ബെഞ്ചിലെ മൂന്നു ജഡ്ജിമാർ, മുസ് ലിം വിശ്വാസികൾക്ക് നമസ്കാരം നിർവഹിക്കാൻ പള്ളി അഭിവാജ്യ ഘടകമല്ലെന്നും എവിടെ വേണമെങ്കിലും നമസ്കാരം നടത്താമെന്നും പരാമർശം നടത്തിയത്. ഏതൊരു മതവും പിന്തുടരാനുള്ള വിശ്വാസിയുടെ അവകാശത്തിലുള്ള ലംഘനമാണ് 1994ലെ വിധിയെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.