ഇടക്കാല ജാമ്യം നീട്ടണമെന്ന കെജ്‌രിവാളിൻ്റെ ഹരജി അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി
text_fieldsന്യൂഡൽഹി: ആരോഗ്യപരമായ കാരണങ്ങളാൽ ഇടക്കാല ജാമ്യം ഏഴ് ദിവസത്തേക്ക് കൂടി നീട്ടണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ഹരജി അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. അവധിക്കാല ബെഞ്ചിൻ്റേതാണ് വിധി. വിഷയത്തിൽ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കുന്നതാകും ഉചിതമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
അവധിക്കാല ബെഞ്ചിൽ കെജ്‌രിവാളിന് ജാമ്യം അനുവദിച്ച ദീപാങ്കർ ദത്ത ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് ഇടക്കാല ജാമ്യം നീട്ടണമെന്ന ആവശ്യം പരിഗണിക്കാത്തതെന്ന് കെജ്‌രിവാളിൻ്റെ അഭിഭാഷകൻ അഭിഷേക് സിങ്വി ചോദിച്ചു. പെട്ടെന്നുള്ള ശരീരഭാരം കുറയൽ, കീറ്റോണിൻ്റെ അളവിലെ വർധന ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും വിവിധ ടെസ്റ്റുകൾക്കായി ജാമ്യകാലാവധി ഏഴ് ദിവസത്തേക്ക് കൂടി നീട്ടണമെന്നായിരുന്നു കെജ്‌രിവാളിൻ്റെ ഹരജി.
ജൂൺ ഒന്നിനാണ് കെജ്‌രിവാളിൻ്റെ ജാമ്യ കാലാവധി അവസാനിക്കുന്നത്. മെയ് 10ന് 21 ദിവസത്തെ ജാമ്യമാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ച് അനുവദിച്ചത്. സെക്രട്ടേറിയറ്റിലേക്കും മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും പോകരുതെന്ന ഉപാധിയോടെയാണ് ജാമ്യം. 50 ദിവസത്തിനുശേഷമായിരുന്നു കെജ്‌രിവാൾ പുറത്തിറങ്ങുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് അനുമതി നൽകികൊണ്ടായിരുന്നു ജാമ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.