ജോഷിമഠ്: ഹരജിക്കാരനോട് ഹൈകോടതിയെ സമീപിക്കാൻ നിർദേശിച്ച് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ജോഷിമഠിൽ ഭൂമിതാഴ്ചമൂലമുണ്ടായ അപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ഹരജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഹരജിക്കാരന് ഹൈകോടതിയെ സമീപിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജെ.ബി. പർദിവാല എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതിയാണ് ഹരജി നൽകിയത്.
ഹൈകോടതി പരാതി പരിഗണിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. ഹരജിയിലെ എല്ലാ ആവശ്യങ്ങളിലും നടപടിയെടുത്തിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് സർക്കാർ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. ജോഷിമഠിൽ ജനം മരിച്ചുകൊണ്ടിരിക്കുകയാണെന്നും അടിയന്തര നടപടിയെടുക്കണമെന്നും ഹരജിക്കാരന്റെ അഭിഭാഷകൻ പറഞ്ഞപ്പോൾ, സമൂഹ മാധ്യമങ്ങൾക്കു വേണ്ടിയുള്ള വാചകങ്ങളല്ല ഇരകൾക്ക് ആശ്വാസമാണ് വേണ്ടതെന്ന് കോടതി വ്യക്തമാക്കി. ഇതിനുപിന്നാലെയാണ് ഹരജിക്കാരന് ഹൈകോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി പറഞ്ഞത്.
ഹരജി ഉടൻ പരിഗണിക്കണമെന്ന ആവശ്യം ജനുവരി 10ന് കോടതി നിരസിച്ചിരുന്നു. പ്രശ്നപരിഹാരത്തിന്, ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി 16ന് പരിഗണിക്കാൻ മാറ്റിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.