പ്ലാസ്റ്റർ ഓഫ് പാരീസ് ഗണേശ വിഗ്രഹം; മദ്രാസ് ഹൈകോടതി ഉത്തരവിൽ ഇടപെടാതെ സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പ്ലാസ്റ്റർ ഓഫ് പാരീസ് ഉപയോഗിച്ച് നിർമിച്ച ഗണേശ വിഗ്രഹങ്ങളുടെ വിൽപനയും നിർമാണവും തടഞ്ഞ മദ്രാസ് ഹൈകോടതി ഉത്തരവിനെതിരെ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. മദ്രാസ് ഹൈകോടതി ഡിവിഷൻ ബെഞ്ചിന്‍റെ വിധി റദ്ദാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.
പ്ലാസ്റ്റർ ഓഫ് പാരീസിൽ ഗണേശ വിഗ്രഹം നിർമിക്കുന്നത് തമിഴ്നാട് പൊലീസ് തടഞ്ഞതിനെ തുടർന്ന് ഒരു ശിൽപിയാണ് ഹൈകോടതിയെ സമീപിച്ചിരുന്നത്. പ്ലാസ്റ്റർ ഓഫ് പാരീസിൽ ഗണേശ വിഗ്രഹം നിർമിക്കുന്നതിന് വിലക്കില്ലെന്നും എന്നാൽ ഇത് ജലാശയങ്ങളിൽ ഒഴുക്കുന്നതിന് വിലക്കുണ്ടെന്നും മദ്രാസ് ഹൈകോടതി മധുര ബെഞ്ച് വിധിച്ചു. ഇതിനെതിരായ ഹരജി ഞായറാഴ്ച സ്പെഷൽ സിറ്റിങ്ങിൽ ഹൈകോടതി ഡിവിഷൻ ബെഞ്ച് പരിഗണിച്ചു. തുടർന്നാണ് പ്ലാസ്റ്റർ ഓഫ് പാരീസ് ശിൽപത്തിന്‍റെ നിർമാണത്തിനും വിൽപനക്കും വിലക്കേർപ്പെടുത്തിയത്.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ നിർദേശങ്ങളിൽ പ്ലാസ്റ്റർ ഓഫ് പാരീസ് ശിൽപങ്ങൾ നിർമിക്കുന്നതിന് വിലക്കുണ്ടെന്ന് തമിഴ്നാട് സർക്കാർ ഇന്ന് സുപ്രീംകോടതിയെ അറിയിച്ചു. പരിസ്ഥിതി സൗഹൃദ വസ്തുക്കൾ കൊണ്ട് നിർമിക്കുന്ന വിഗ്രഹങ്ങൾ പോലും പൊതു ജലാശയത്തിൽ ഒഴുക്കരുതെന്നാണ് മാർഗനിർദേശമെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
തുടർന്ന് ഹരജി തള്ളുകയായിരുന്നു. പ്രകൃതിദത്ത വസ്തുക്കൾ കൊണ്ട് വിഗ്രഹം നിർമിക്കാമായിരുന്നെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. നാളെ ഗണേശ ചതുർത്ഥിയാണെന്നത് പരിഗണിച്ചാണ് സുപ്രീംകോടതി ഹരജി ഇന്ന് തന്നെ തീർപ്പാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.