ഡൽഹി വിശ്വാസ് നഗറിലെ ഇടിച്ചുനിരത്തലിന് സ്റ്റേ ഇല്ല; ഒഴിയാൻ ഏഴ് ദിവസം സമയം നൽകി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കൊടുംചൂടിലേക്ക് മനുഷ്യരെ ഇറക്കിവിട്ടുള്ള, ഡൽഹി വിശ്വാസ് നഗറിലെ അനധികൃത നിർമാണങ്ങൾ ഇടിച്ചുനിരത്തുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി അവധിക്കാല ബെഞ്ച് തള്ളി. പകരം ഏഴുദിവസത്തേക്ക് പൊളിക്കൽ നിർത്തിവെക്കാൻ ഡൽഹി വികസന അതോറിറ്റിക്ക് നിർദേശം നൽകിയ സുപ്രീംകോടതി, ഈ ദിവസത്തിനകം ആളുകൾ ഒഴിഞ്ഞുപോകണമെന്ന് വ്യക്തമാക്കി.
കൊടുംചൂടിൽ അധികൃതർ കിടപ്പാടങ്ങൾ ഇടിച്ചുനിരത്തുകയാണെന്നും 40 വർഷമായി താമസിക്കുന്ന തങ്ങൾക്ക് ബദൽ ക്രമീകരണങ്ങൾ ഒരുക്കിയിട്ടില്ലാത്തതിനാലാണ് സ്റ്റേ ആവശ്യപ്പെടുന്നതെന്നും ഹരജിക്കാരായ കസ്തൂർബ നഗർ റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ ബോധിപ്പിച്ചു.
എന്നാൽ, അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കാനുള്ള ഡൽഹി ഹൈകോടതി ഉത്തരവിൽ തങ്ങൾ ഇടപെടില്ലെന്ന് ജസ്റ്റിസുമാരായ അനിരുദ്ധ ബോസെ, സഞ്ജയ് കരോൾ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. മേയ് 29നകം ഒഴിഞ്ഞുപോയില്ലെങ്കിൽ പൊളിച്ചുനീക്കൽ പുനരാരംഭിക്കാമെന്ന് ബെഞ്ച് ഉത്തരവിട്ടു. ഇടിച്ചുനിരത്തൽ വഴി കിടപ്പാടങ്ങൾ ഇല്ലാതായവരുടെ പുനരധിവാസം സംബന്ധിച്ച് ജൂലൈ ആദ്യവാരം മറുപടി നൽകാൻ ഡി.ഡി.എയോട് ആവശ്യപ്പെട്ട് കേസ് വീണ്ടും പരിഗണിക്കാനായി ജൂലൈയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.