ബലാത്സംഗ കേസിൽ പ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
text_fieldsന്യൂഡൽഹി: ബലാത്സംഗക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന കർണാടക മുൻ എം.പി പ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ഒക്ടോബർ 21ന് കർണാടക ഹൈകോടതി ജാമ്യം നിഷേധിച്ചതോടെയാണ് മുൻപ്രധാനമന്ത്രിയും ജെ.ഡി.എസ് അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡയുടെ പേരക്കുട്ടി കൂടിയായ പ്രജ്വൽ രേവണ്ണ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരുടെ നേതൃത്വത്തിലുള്ള ബെഞ്ച് അദ്ദേഹത്തിനെതിരെയുള്ള കുറ്റങ്ങൾ ചൂണ്ടിക്കാട്ടി ഹരജി തള്ളുകയായിരുന്നു.
ഒന്നിലധികം സ്ത്രീകളെ ലൈംഗികമായി ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസുകൾ പ്രജ്വൽ രേവണ്ണക്കെതിരെ ചുമത്തിയിട്ടുണ്ട്. ഹാസനിലെ എം.പിയായിരുന്ന പ്രജ്വൽ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയുമായി ഇക്കഴിഞ്ഞ ഏപ്രിലിലാണ് നിരവധി സ്ത്രീകൾ രംഗത്ത് വന്നത്. പ്രജ്വൽ ഉൾപ്പെട്ട അശ്ലീല വിഡിയോകൾ മണ്ഡലത്തിൽ പ്രചരിച്ചതിനു പിന്നാലെയാണ് വനിതാ കമീഷനും പൊലീസിനും പരാതി ലഭിച്ചത്.
മൂവായിരത്തോളം വിഡിയോ ക്ലിപ്പുകൾ അടങ്ങിയ പെൻഡ്രൈവുകൾ പാർക്കുകളിലും സ്റ്റേഡിയത്തിലുമുൾപ്പെടെ വിതറിയ നിലയിൽ പലർക്കായി കിട്ടുകയായിരുന്നു.
പരാതിയിൽ സെക്ഷൻ 376 (ബലാത്സംഗം) നേരിട്ട് പരാമർശിച്ചിട്ടില്ലെന്ന് രേവണ്ണയെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ മുകുൾ രോഹത്ഗി വാദിച്ചെങ്കിലും ഫലമുണ്ടായില്ല. 33കാരനായ രേവണ്ണയെ മെയ് 31ന് ജർമനിയിൽ നിന്ന് ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഉടൻ കർണാടക പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പ് ഏപ്രിൽ 23 ന് പ്രജ്വൽ രേവണ്ണ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന വിഡിയോകൾ അടങ്ങിയ പെൻഡ്രൈവുകൾ ഹാസനിൽ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് ലൈംഗികാതിക്രമ കേസുകൾ വെളിച്ചത്തുവന്നത്. 2024 ഏപ്രിലിൽ അദ്ദേഹത്തിനെതിരെ കേസുകൾ ഫയൽ ചെയ്തതിനെ തുടർന്ന് ജെ.ഡി (എസ്) അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.