അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് സുപ്രീംകോടതി തള്ളി
text_fieldsന്യൂഡൽഹി: ഓഹരി വില കൂട്ടാൻ അദാനി കൃത്രിമം കാണിച്ചെന്ന ഹിൻഡൻബർഗ് റിപ്പോർട്ടും സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യവും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് തള്ളി. ഇന്ത്യൻ നിക്ഷേപകർക്ക് നഷ്ടമുണ്ടാക്കുന്ന തരത്തിൽ ഹിൻഡൻബർഗിന്റെയോ ഏതെങ്കിലും സ്ഥാപനങ്ങളുടെയോ ഭാഗത്തുനിന്ന് നിയലംഘനമുണ്ടായോ എന്ന കാര്യം ‘സെബി’യും (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) കേന്ദ്ര സർക്കാർ ഏജൻസികളും അന്വേഷിച്ച് ആവശ്യമെങ്കിൽ ഉചിതമായ നടപടിയെടുക്കണമെന്നും ജസ്റ്റിസുമാരായ ജെ.ബി. പർദീവാല, മനോജ് മിശ്ര എന്നിവർ കൂടി അടങ്ങുന്ന ബെഞ്ച് നിർദേശിച്ചു.
തെളിയിക്കാത്ത റിപ്പോർട്ടുകളുമായി മതിയായ പഠനം നടത്താതെ സുപ്രീംകോടതിയിൽ പൊതു താൽപര്യ ഹരജികളുമായി അഭിഭാഷകർ വരുന്നതിനെതിരെ കോടതി മുന്നറിയിപ്പ് നൽകി. പത്രറിപ്പോർട്ടുകളോ മൂന്നാം കക്ഷിയായ സംഘത്തിന്റെ റിപ്പോർട്ടോ സെബി നടത്തുന്ന സമഗ്രമായ അന്വേഷണത്തെ ചോദ്യം ചെയ്യാൻ പര്യാപ്തമല്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സ്വതന്ത്ര സംഘങ്ങളുടെയോ പത്രക്കാരായ അന്വേഷകരുടെയോ അത്തരം റിപ്പോർട്ടുകൾ സെബിക്കും വിദഗ്ധ സമിതിക്കും തങ്ങളുടെ അന്വേഷണത്തിന് ‘വിവര’ങ്ങളായി ഉപയോഗിക്കാം. എന്നാൽ, സെബി നടത്തുന്ന അന്വേഷണം പോരാ എന്ന് പറയാനുള്ള തെളിവായി അവ എടുക്കാനാവില്ല.
വിശ്വാസയോഗ്യമായ തെളിവായി എടുക്കണമെന്ന് ഹരജിക്കാർ പറഞ്ഞിട്ടുമില്ല. ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ സത്യസന്ധതയും ഉറവിടവും ചോദ്യം ചെയ്യാനാവാത്തതാണെന്ന് ഹരജിക്കാർ തെളിയിക്കേണ്ടതായിരുന്നു. എഫ്.പി.ഐ, എൽ.ഒ.ഡി.ആർ നിയന്ത്രണങ്ങളിൽ സെബി വരുത്തിയ ഭേദഗതിയാണ് അദാനിയുടെ ഓഹരി തട്ടിപ്പിനിടയാക്കിയതെന്ന ആരോപണവും കോടതി തള്ളി. അത്തരം ഭേദഗതികൾ നിയന്ത്രണം കടുപ്പിക്കുകയാണ് ചെയ്തതെന്ന് ബെഞ്ച് കൂട്ടിച്ചേർത്തു. 22 കേസുകൾ സെബി ഇതിനകം അന്വേഷിച്ചുവെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി അവശേഷിക്കുന്ന അന്വേഷണത്തിന് മൂന്നുമാസം സമയവും നൽകി.
കോൺഗ്രസ് നേതാവ് ഡോ. ജയ ഠാക്കൂർ, ആക്ടിവിസ്റ്റ് അനാമിക ജയ്സ്വാൾ, അഭിഭാഷകരായ വിശാൽ തിവാരി, മനോഹർലാൽ ശർമ എന്നിവരാണ് പ്രത്യേക സംഘത്തിന്റെ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.
ഓഹരി വിപണിയെ പിടിച്ചുലച്ച ഹിൻഡൻ ബർഗ് വിവാദത്തിന്റെ നാൾവഴികൾ
2023 ജനുവരി 24: അമേരിക്ക ആസ്ഥാനമായ ഹിൻഡൻബർഗ് റിസർച് എന്ന സ്വതന്ത്ര ഗവേഷണ സ്ഥാപനം, ഓഹരി വിപണിയിൽ അദാനി ഗ്രൂപ് നടത്തുന്ന കൃത്രിമങ്ങളെക്കുറിച്ച വിശദമായ റിപ്പോർട്ട് പുറത്തുവിട്ടു.
2023 ജനുവരി 25: റിപ്പോർട്ടിലെ ആരോപണങ്ങൾ അദാനി ഗ്രൂപ്പ് നിഷേധിച്ചു; അങ്ങനെയെങ്കിൽ, മാനനഷ്ട കേസിന് വെല്ലുവിളിക്കുന്നുവെന്ന് ഹിൻഡൻ ബർഗ്. റിപ്പോർട്ട് പുറത്തുവന്ന ആദ്യ ദിവസങ്ങളിൽ അദാനി ഗ്രൂപ്പിന് ഒമ്പത് ബില്യൻ ഡോളറിന്റെ നഷ്ടം; ഒരു മാസമായപ്പോഴേക്ക് നഷ്ടം150 ബില്യൻ ഡോളറിലെത്തി.
2023 ഫെബ്രുവരി 6: അദാനിക്കെതിരായ ആരോപണങ്ങൾ വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കാൻ സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി.
2023 മാർച്ച് 2: അന്വേഷണം നടത്താൻ ‘സെബി’ക്ക് സുപ്രീംകോടതി നിർദേശം.
2023 മേയ് 10: അന്വേഷണത്തിന് ആറംഗ സമിതിയെ സുപ്രീംകോടതി നിയോഗിച്ചു.
2023 മേയ് 17: ‘സെബി’ക്ക് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ആഗസ്റ്റ് 14 വരെ സമയം അനുവദിച്ചു.
2023 ആഗസ്റ്റ് 14: നിശ്ചിത സമയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ‘സെബി’ക്കായില്ല; 14 ദിവസം കൂടി അനുവദിച്ചു.
2023 നവംബർ 24: ‘സെബി’ റിപ്പോർട്ട് വൈകുന്നതിൽ സുപ്രീംകോടതിക്ക് അതൃപ്തി
2023 ജനുവരി 3: വിഷയം അന്വേഷിക്കാൻ സ്വതന്ത്ര ഏജൻസിയെ ഏൽപിക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.